Connect with us

Articles

അയിത്തത്തിന്റെ പാഠശാലകളും വോട്ടെടുപ്പുകളും

Published

|

Last Updated

“സഹപാഠികളോടൊപ്പം ഇരുന്നാല്‍ അധ്യാപിക ഞങ്ങളെ പിടിച്ചുമാറ്റി മാറി ഇരിക്കാന്‍ കല്‍പ്പിക്കും. ഞങ്ങളോടൊപ്പം അധ്യാപിക ഇരിക്കില്ല. നിങ്ങള്‍ അഴുക്കാണ്; കാരണമായി ടീച്ചര്‍ പറയും”
പങ്കജ് (എട്ട്) ഉത്തര്‍ പ്രദേശ്
“ശൗച്യാലയത്തില്‍ പോകാന്‍ ടീച്ചര്‍ സമ്മതിക്കില്ല. ഒരു ദിവസം, സഹിക്കവയ്യാതെ മൂത്രമൊഴിക്കാന്‍ പോകട്ടെയെന്ന് ചോദിച്ചപ്പോള്‍ “ഇരിക്ക്, കുറച്ച് കഴിഞ്ഞ് പോകാം” ഇതായിരുന്നു മറുപടി. സഹിക്കവയ്യാതെ ജനലിലൂടെ പുറത്തേക്ക് മൂത്രമൊഴിച്ചു. അക്കാരണത്തിന് ടീച്ചര്‍ എന്നെ പൊതിരെ തല്ലി. കൈ പൊട്ടി ബാന്‍ഡേജിടേണ്ടി വന്നു. പത്ത് ദിവസം ആശുപത്രിയില്‍ കഴിയേണ്ടിയും വന്നു. ഇപ്പോഴും കൈയിലെ വേദന മാറിയിട്ടില്ല.”
ശ്യാം (14) ഉത്തര്‍പ്രദേശ്
രാജ്യത്തെ പല വിദ്യാലയങ്ങളിലും നടമാടുന്ന അസ്പൃശ്യതയുടെയും അയിത്തത്തിന്റെയും വിവേചനത്തിന്റെയും നേര്‍ പരിച്ഛേദമാണ് പങ്കജും ശ്യാമും. വിദ്യാലയങ്ങളിലെ ഗുരുവിന്റെ സാമീപ്യം പോലും എത്ര മാത്രം ജാതീയമായാണ് അനുഭവപ്പെടുന്നതെന്ന് ഈ പിഞ്ചുകുഞ്ഞുങ്ങള്‍ പറഞ്ഞുതരുന്നു. ജാതി, മത, പ്രാദേശിക വിവേചനങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഇന്നത്തെ ക്ലാസ് മുറികള്‍. പ്രാന്തവത്കര്‍കൃത സമുദായങ്ങളാണ് വിവേചനത്തിന്റെ കയ്പ്പുനീര് മാത്രം ഇറക്കാന്‍ വിധിക്കപ്പെട്ടത്. സകല വിവേചനങ്ങളും അനുഭവിച്ചാണെങ്കിലും വിദ്യാഭ്യാസം നേടി നിന്നുപിഴക്കാനുള്ള ഒരു തലമുറയുടെ അഭിവാഞ്ഛയെ മുളയിലേ കരിച്ചുകളയുകയാണ് ഇന്ത്യയിലെ ക്ലാസ് മുറികളില്‍. ഭാവികളുടെ കരിഞ്ഞ ഗന്ധത്തിന്റെ രൂക്ഷത മനം പിരട്ടലുണ്ടാക്കുന്നു മനുഷ്യസ്‌നേഹികള്‍ക്ക്. അതുകണ്ട് അര്‍മാദിക്കുന്നതാകട്ടെ, ഗുരുവിന്റെ രൂപത്തിലുള്ള ജാതി പൂതനകളും.
മനുഷ്യാവകാശ നിരീക്ഷണ സംഘടന പുറത്തിറക്കിയ “അവര്‍ പറയുന്നു; ഞങ്ങള്‍ അഴുക്കാണെന്ന്” എന്ന പേരിലുള്ള പുതിയ റിപ്പോര്‍ട്ട് ജാതികേന്ദ്രീകൃത സമീപനത്തിന്റെ വേര് എത്രമാത്രം ആഴ്ന്നിറങ്ങിയിരിക്കുന്നു നമ്മുടെ പ്രാഥമിക വിദ്യാഭ്യാസ മേഖലയില്‍ എന്ന് വിളിച്ചറിയിക്കുന്നതാണ്. അസ്പൃശ്യതയുടെ തായ്ത്തടി വളര്‍ന്ന് അപാര കാതലുള്ള വടവൃക്ഷമായിരിക്കുന്നു. തണല്‍ തേടി വരുന്നവര്‍ക്ക് മന്ദമാരുതനും കുളിരുമേകുന്നതിന് പകരം അഗ്നിവര്‍ഷമാണ് ചൊരിയുന്നത്. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ബീഹാര്‍, ആന്ധ്രാ പ്രദേശ് സംസ്ഥാനങ്ങളിലാണ് വിദ്യാലയങ്ങളിലെ അയിത്തവത്കരണം കൂടുതല്‍. ഇരകളാകുന്നതാകട്ടെ പിന്നാക്ക വിഭാഗക്കാരായ ദളിതുകളും മുസ്‌ലിംകളും. വിദ്യയെന്ന മധുവും പ്രതീക്ഷിച്ചെത്തുന്ന പിഞ്ചോമനകള്‍ക്ക് പാഷാണം കലക്കിക്കൊടുക്കുന്ന പൂതനമാര്‍ രംഗം കീഴടക്കുന്ന അവസ്ഥ! ക്രമേണ ഈ വിദ്യാര്‍ഥികള്‍ വിദ്യാലയത്തെ വെറുക്കുകയും സ്‌കൂളിന്റ പടിയിറങ്ങുകയും ചെയ്യും. ഇതുതന്നെയാണ് ജാതിക്കോമരങ്ങള്‍ ആശിക്കുന്നതും. ചരിത്രത്തിലുടനീളം വെറുപ്പിന്റെയും അവഗണനയുടെയും മാത്രം ഇരകളാക്കപ്പെട്ടവര്‍ മുഖ്യധാരയുടെ പടികയറുമ്പോള്‍ തന്നെ കുതികാല്‍ വെട്ടുന്ന ഫാഷിസമാണ് ഇത്തരം വിദ്യാലയങ്ങളില്‍ അക്ഷരരാക്ഷസന്‍മാരിലൂടെ പ്രയോഗവത്കരിക്കപ്പെടുന്നത്.
ദളിത്, പട്ടികജാതി/വര്‍ഗ, മുസ്‌ലിം വിദ്യാര്‍ഥികളെ ക്ലാസിന്റെ ഏറ്റവും പിന്നിലോ പ്രത്യേക ക്ലാസിലോ ആക്കുന്നു. മോശം പേരുകള്‍ ചാര്‍ത്തി നിന്ദിക്കുന്നു. കഴിവും അര്‍ഹതയും ഉണ്ടായാലും നേതൃനിരയിലേക്ക് കൊണ്ടുവരുന്നില്ല. ഭക്ഷണം അവസാനം നല്‍കുന്നു, കക്കൂസുകള്‍ വൃത്തിയാക്കാന്‍ ഈ വിദ്യാര്‍ഥികളെ ഉപയോഗിക്കുന്നു. ഇങ്ങനെ മനുഷ്യസ്‌നേഹികളുടെ ഉള്ളുലക്കുന്ന ക്രൂരതകളാണ് പ്രാഥമിക വിദ്യാലയങ്ങളില്‍ നടമാടുന്നത്. മാലിന്യപ്പേറികളും തോട്ടികളും വെള്ളംകോരികളും റിക്ഷാവലിക്കാരും മറ്റുമായ സമുദായങ്ങളുടെ പിന്‍തലമുറക്കാര്‍ അക്ഷരാഭ്യാസത്തിലൂടെ പുതിയ ചക്രവാളങ്ങളിലേക്ക് ചേക്കാറാന്‍ തുനിയുമ്പോള്‍ അതിന് സര്‍വവിധ വിഘാതവും സൃഷ്ടിക്കുന്നവര്‍ മാനസികമായി അസ്ഥിരമാക്കുകയാണ് ഇവരെ. കുഴിവെട്ടി മൂടിയ വര്‍ണാശ്രമ വ്യവസ്ഥയും സവര്‍ണാധിപത്യവും ശവക്കല്ലറകള്‍ ഭേദിച്ച് ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിലേക്കുള്ള സൂചകങ്ങളാണോ ഇവ? ഏറെ വേദനാജനകം സര്‍ക്കാര്‍ വിലാസത്തിലുള്ള സ്‌കൂളുകളില്‍ സര്‍ക്കാര്‍ വേതനം വാങ്ങുന്നവരാണ് ഇതിന്റെ കാര്‍മികത്വം വഹിക്കുന്നത് എന്നതാണ്.
ചരിത്രപരമായ യാഥാര്‍ഥ്യങ്ങളാല്‍ പിന്നാക്കക്കാരായവര്‍ ശാക്തീകരിക്കപ്പെടരുതെന്ന വാശിയാണ് ഇത്തരം നെറികെട്ട നിഗൂഢ പദ്ധതികള്‍ക്ക് പിന്നില്‍. ഈ ദുര്‍ബലര്‍ അക്ഷരമറിയാതെ അടിമകളായാലേ തങ്ങളുടെ ഇംഗിതം നടക്കൂ എന്നവര്‍ കരുതുന്നു. എന്നുമെന്നും ജന്മം കൊണ്ട് പ്രബലന്‍മാരായ വിഭാഗങ്ങളുടെ അധീനതയില്‍ എല്ലാം അടിയറവ് വെച്ച് കഴിയണമെന്ന ദുഃശാഠ്യത്തിന്റെയോ കാലഹരണപ്പെട്ട അഹന്തയുടെയോ പ്രയോക്താക്കളാകുകയാണ് അത്തരക്കാര്‍. ജനാധിപത്യവും സോഷ്യലിസവും മതേതരത്വവും എഴുതിവെച്ച ഒരു ഭരണഘടനയുടെയും ഒരു വ്യവസ്ഥിതിയുടെയും കീഴിലാണ് പതിറ്റാണ്ടുകളായി ജീവിക്കുന്നതെന്ന സാമാന്യ ബോധമില്ലാതെ വിദ്യാലയങ്ങളെ ജാതീയതയുടെയും സവര്‍ണാധിപത്യത്തിന്റെയും ഈറ്റില്ലങ്ങളാക്കുന്നത് ഗാന്ധിജിയുടെയും അംബേദ്കറിന്റെയും ആസാദിന്റെയും നെഹ്‌റുവിന്റെയും മറ്റും സ്വപ്‌നങ്ങളെ ശവപ്പറമ്പുകളാക്കുന്നതിന് വേണ്ടിയാണ്.
ജനാധിപത്യത്തിന്റെ ഉത്സവമായ തിരഞ്ഞെടുപ്പ് പ്രക്രിയയിലും ജാതീയത ഭീകര നൃത്തമാടുകയാണ്. പട്ടിക ജാതി/ വര്‍ഗ സംവരണ മണ്ഡലങ്ങളില്‍ നിഷേധ വോട്ട് (നണ്‍ ഓഫ് ദി എബവ്- നോട്ട) പെരുകുന്നതായി ദി ഹിന്ദു നിരീക്ഷിക്കുകയുണ്ടായി. നോട്ട സംബന്ധിച്ച ചര്‍ച്ചക്കിടെ തന്നെ ഈയൊരു സാധ്യതയെക്കുറിച്ച് ബുദ്ധിജീവികള്‍ മുന്നറിയിപ്പ് നല്‍കിയതാണ്. കഴിഞ്ഞ ഡിസംബറില്‍ ഡല്‍ഹി, മിസോറം, ഛത്തീസ്ഗഢ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിലാണ് ജനാധിപത്യ സംവിധാനത്തെ ദുരുപയോഗപ്പെടുത്തി ജാതിക്കോമരങ്ങള്‍ തങ്ങളുടെ അജന്‍ഡ നടപ്പാക്കിയത്. ദളിതനെയോ, പട്ടിക ജാതിക്കാരനെയോ തങ്ങളുടെ “വിലയേറിയ” സമ്മതിദാനാവകാശം വിനിയോഗിച്ച് പ്രതിനിധിയാക്കുന്നത് ആത്മാഹൂതിക്ക് തുല്യമാണെന്ന ദുരഭിമാനമാണ് സംവരണ മണ്ഡലങ്ങളില്‍ നോട്ട പെരുകാന്‍ കാരണമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. മതേതരത്വും സമത്വവും വിശാല മനസ്‌കതയും മറ്റും പ്രഘോഷണം ചെയ്യുന്ന പല മുഖ്യധാരാ പാര്‍ട്ടികളിലും പിന്നാക്ക വിഭാഗക്കാര്‍ പ്രാന്തവത്കരിക്കപ്പെടുന്നുണ്ട് എന്നത് രഹസ്യമല്ല. നടേ സൂചിപ്പിച്ച പ്രകാരം പിന്നാക്ക വിദ്യാര്‍ഥികളെ ക്ലാസിന്റെ നേതൃനിരയിലേക്ക് കൊണ്ടുവരാതിരിക്കാന്‍ ജാതിപ്പൂതനകള്‍ ഉത്സാഹിക്കുന്നതു പോലെ, പാര്‍ട്ടിയുടെ നേതൃനിരയിലേക്ക് എത്തുന്നതിന് പലര്‍ക്കും ജാതി വലിയ ഭാരമാകുന്നുണ്ട്. അല്ലെങ്കില്‍ പിന്നെ ജാതി സ്വത്വം ഉപേക്ഷിച്ച് മുഖ്യധാരയോട് സമരസപ്പെടണം. ദളിതന്‍മാരെ ശക്തിപ്രകടനത്തിന് മാത്രമുള്ള ഉപകരണങ്ങളാക്കുന്നതും വ്യാപകമാണ്. ഗുജറാത്ത് വംശഹത്യ കാലത്ത് ത്രിശൂലമേന്തി സര്‍വസംഹാര മൂര്‍ത്തിയായി ചിത്രങ്ങളില്‍ തെളിഞ്ഞ അശോക് മോച്ചിയെന്ന ദളിതന്റെ ജീവിതം മികച്ച ഉദാരഹണമാണ്. അയോധ്യയിലെ ബാബരി പൊളിച്ചതിന് രാഷ്ട്രീയ സ്വയം സേവക് സംഘും സമര്‍ഥമായി ഉപയോഗിച്ചത് ദളിതരെയായിരുന്നു. വനാന്തര്‍ഭാഗത്ത് ഗോത്രവിഭാഗങ്ങളെ കേഡര്‍മാരാക്കുന്നതിന് വന്‍വാസി കല്യാണ്‍ ആശ്രമം (വി കെ എ) എന്ന പോഷക സംഘടന തന്നെയുണ്ട് ആര്‍ എസ് എസിന്. സംഝോധ എക്‌സ്പ്രസ് സ്‌ഫോടനക്കേസില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സ്വാമി അസിമാനന്ദ വി കെ എയുടെ പ്രചാരണത്തിനും ശക്തിപ്പെടുത്തലിനും ജീവിതം ഉഴിഞ്ഞുവെച്ചയാളായിരുന്നു. സംഘടനയുടെ ശക്തിപ്രകടനത്തില്‍ ആളെക്കൂട്ടുകയും നൃശംസതകളുടെ കാവലാളാക്കുകയുമെന്ന ലക്ഷ്യങ്ങളാണ് ദളിതരെ ഉപയോഗിച്ച് ആര്‍ എസ് എസിന് നേടാനുള്ളത്.
കഴിഞ്ഞ ഏപ്രില്‍ പതിനാലിന് അംബേദ്കര്‍ ജയന്തി ഏറെ സമുചിമായി ആഘോഷിച്ചു. പലപ്പോഴും സൗകര്യപൂര്‍വം മറക്കാറുള്ള ഭീംറാവു അംബേദ്കറിന്റെ ജന്മദിനം തിരഞ്ഞെടുപ്പ് പ്രചാരണ വേളയായതിനാല്‍ ഏറെ കൊട്ടിഘോഷിക്കപ്പെട്ടു. മറ്റ് പലപ്പോഴും അംബേദ്കറിന്റെ പ്രതിമ കണ്ടാല്‍ അവജ്ഞ പ്രകടിപ്പിക്കുന്ന നേതാക്കള്‍ പോലും ഇത്തവണ മാല ചാര്‍ത്താന്‍ ക്യൂവിലായിരുന്നു. എന്നാല്‍, ശ്രദ്ധിക്കപ്പെടാതെ പോയ ഒരു കാര്യം ആറ് മാസം മുമ്പ് “ദളിതനും” “ചായക്കടക്കാരനുമായ” നരേന്ദ്ര ദാമോദര്‍ ദാസ് മോദി മത്സരിക്കുന്ന ഗുജറാത്തിലെ വഡോദരയില്‍ നഗര ഹൃദയഭാഗത്ത് 17 വര്‍ഷം മുമ്പ് സ്ഥാപിച്ച പ്രതിമ, മാറ്റി പകരം സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലിന്റെ പ്രതിമ സ്ഥാപിച്ചിരിക്കുന്നു. ബീഹാറില്‍ പോയി മോദി പ്രസംഗിച്ചത് അടുത്ത പതിറ്റാണ്ട് ദളിതളുടെതും പ്രാന്തവത്കൃത സമുദായങ്ങളുടെതുമാണെന്നായിരുന്നു. ഫലം വരുന്നതിന് മുമ്പ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വാഗ്ദാനങ്ങള്‍ ചൊരിയുന്ന വേളയായിരുന്നു അപ്പോള്‍ മോദിക്ക്. (ബി ജെ പി പ്രകടന പത്രിക പുറത്തിറക്കിയ അവസരത്തില്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുവെന്ന അപൂര്‍വ ബഹുമതി മോദിക്കുള്ളതാണ്. 16-ാം തീയതിക്ക് ശേഷം മോഹഭംഗം വരുന്ന അങ്ങോരുടെ സ്ഥിതി കണ്ടറിയണം). എന്നാല്‍ ഗുജറാത്തിലെ ദളിതുകള്‍ പറയുന്നത് ശ്രദ്ധിക്കണം. “മോദി പത്ത് വര്‍ഷത്തിലേറെയായി ഭരിക്കാന്‍ തുടങ്ങിയിട്ട്. ഇതുവരെ ഞങ്ങള്‍ക്ക് ഗുണമൊന്നും ഉണ്ടായിട്ടില്ല. കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ ഒരു വിശ്വാസമെങ്കിലും ഉണ്ടായിരുന്നു.” വഡോദരയിലെ പാദ്രയില്‍ താമസിക്കുന്ന ഭാരത്ഭായ് മക്‌വാന എന്ന ദളിതന്‍ പറയുന്നു. “എത്ര ദളിതുകളെ മോദി സ്ഥാനാര്‍ഥിയാക്കി? പാദ്രയില്‍ ഒരു പ്രാചരണ റാലിയില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ദളിതുകളെ കുറിച്ച് ഒരക്ഷരം ഉരിയാടിയിട്ടില്ല. പാദ്രയില്‍ എല്ലായിടത്തും ഫൂട്പാത്തുകളുണ്ട്. എന്നാല്‍ നാനൂറോളം ദളിത് കുടുംബങ്ങള്‍ താമസിക്കുന്ന ഞങ്ങളുടെ മേഖലയില്‍ ഇല്ല. ഇവിടെ അസ്പൃശ്യത കൊടികുത്തി വാഴുകയാണ്. ഇവരുടെ താമസസ്ഥലങ്ങളില്‍ പൈപ്പ് വെള്ളമോ അഴുക്കുചാലോ പോലുമില്ല. ഗുജറാത്തിലെ 159 ഗ്രാമങ്ങളില്‍ അയിത്താചാരമുണ്ടെന്ന് 2010ല്‍ നവസര്‍ജന്‍ ട്രസ്റ്റ് എന്ന സന്നദ്ധ സംഘടന നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇത് അവഗണിക്കുകയും പഠന റിപ്പോര്‍ട്ടിനെ മറികടക്കാന്‍ പേരിന് ഒരു സമാന്തര പഠനം നടത്തുകയും ചെയ്തു.
പിന്നാക്കവിഭാഗത്തോടുള്ള വിരോധം രാജ്യത്തെയാകെ അര്‍ബുദം കണക്കെ കാര്‍ന്നുതിന്നുകയാണ്. നിഖില മേഖലകളിലും അതിന്റെ കരാളഹസ്തങ്ങള്‍ കാണാം. സമീപനങ്ങളില്‍, കാഴ്ചപ്പാടുകളില്‍, ഭരണത്തില്‍, പ്രവര്‍ത്തനങ്ങളില്‍, സേവന മേഖലകളില്‍, വിദ്യാഭ്യാസ മേഖലയില്‍ തുടങ്ങി എല്ലാ രംഗത്തും. വര്‍ണക്കടലാസുകളില്‍ പൊതിഞ്ഞ തത്വങ്ങളും ആദര്‍ശങ്ങളും ഉപയോഗിച്ച് ജാതീയത അഭൂതപൂര്‍വ കരുത്തോടെ ആക്രമിക്കുക തന്നെയാണ്. സാങ്കേതിക വിദ്യയുടെ വികാസമോ വിജ്ഞാന പ്രബുദ്ധതയോ ആഴമേറിയ സ്വതന്ത്ര ചിന്തകളോ അതിന് കടിഞ്ഞാണിടാന്‍ ഉതകുന്നിമില്ല. എന്നാല്‍ തങ്ങള്‍ നേരിടുന്ന പ്രതിസന്ധി പിന്നാക്കവിഭാഗക്കാര്‍ തിരിച്ചറിയുന്നുണ്ട്. പുറമെ ശാന്തമെന്ന് തോന്നിക്കുന്ന വെള്ളത്തില്‍ ഓളങ്ങളുടെ വേലിയേറ്റമുണ്ടാക്കാന്‍ ഒരു ചെറിയ കല്ല് മതിയാകും.

Latest