Connect with us

Gulf

അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിന് ഉജ്വല തുടക്കം

Published

|

Last Updated

ദുബൈ: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എയര്‍ലൈനറുകളും വിനോദ സഞ്ചാരകേന്ദ്രങ്ങളും പവലിയനുകളൊരുക്കിയ അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിന് ഉജ്വല തുടക്കം. ദുബൈ രാജ്യാന്തര പ്രദര്‍ശന സമ്മേളന കേന്ദ്രത്തില്‍ എ ടി എമ്മിന്റെ ആദ്യ ദിവസം തന്നെ കനത്ത തിരക്കായിരുന്നു. മെയ് എട്ടുവരെ നീണ്ടു നില്‍ക്കും. 68 രാജ്യങ്ങളില്‍ നിന്നുള്ള പവലിയനുകളാണ് എത്തിയത്. യൂറോപ്പ്, ഏഷ്യ, ഗള്‍ഫ് എന്നീ മേഖലകള്‍ തിരിച്ചാണ് പവലിയനുകള്‍ ഒരുക്കിയിരിക്കുന്നത്. ഇന്ത്യന്‍ പവലിയന്റെ ഭാഗമായി കേരളത്തിലെ ആയുര്‍വേദ റിസോര്‍ട്ടുകള്‍ക്കും മറ്റും സ്റ്റാളുകളുണ്ട്.
യു എ ഇ, ഒമാന്‍, ഖത്തര്‍, സഊദി അറേബ്യ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങള്‍ കണ്ണഞ്ചിപ്പിക്കുന്ന പവലിയനുകളാണ് ഒരുക്കിയിരിക്കുന്നത്. വിനോദ സഞ്ചാരികളെ കാത്തിരിക്കുന്ന കടല്‍ തീരങ്ങളെക്കുറിച്ചും റിസോര്‍ട്ടുകളെക്കുറിച്ചും മരുഭൂമിയിലെ വാസകേന്ദ്രങ്ങളെക്കുറിച്ചും അവിടങ്ങളിലേക്ക് എത്തിപ്പെടാനുള്ള വഴികളെ കുറിച്ചും ലഘുലേഖകള്‍ വിതരണം ചെയ്യുന്നു. നിരവധി എയര്‍ ലൈനറുകളുടെയും ഹോട്ടലുകളുടെയും പ്രതിനിധികള്‍ എത്തിയിട്ടുണ്ട്. യു എ ഇ പവലിയനില്‍ എമിറേറ്റ്‌സിന്റെയും ഇത്തിഹാദിന്റെയും ദുബൈ ടൂറിസം അതോറിറ്റിയുടെയും പവലിയനുകള്‍ ശ്രദ്ധേയമാണ്.
ഇത്തവണ പ്രദര്‍ശകരുടെ എണ്ണത്തില്‍ 9.7 ശതമാനം വര്‍ധനവുണ്ടെന്ന് ദുബൈ വേള്‍ഡ് ട്രേഡ് സെന്റര്‍ സി ഇ ഒ ഹിലാല്‍ സഈദ് അല്‍ മറി പറഞ്ഞു.
പുതുതായി 120 പ്രദര്‍ശകരുണ്ട്. മലേഷ്യ, അര്‍ജന്റീന, അസര്‍ബൈജാന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ സജീവമായി രംഗത്തുണ്ട്. 21,000 വാണിജ്യ പ്രതിനിധികള്‍ സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷ. ദുബൈക്ക് വന്‍ വരുമാനം നേടിക്കൊടുക്കുന്ന പ്രദര്‍ശനമാണിത്. ഹോട്ടലുകളില്‍ കനത്ത തിരക്കാണ്. മുറികള്‍ കിട്ടാനില്ല. പ്രദര്‍ശനത്തോടൊപ്പം സെമിനാറുകളും നടക്കുന്നു. വിനോദ സഞ്ചാര മേഖലയിലെ വിദഗ്ധര്‍ പങ്കെടുക്കുന്നു.
അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ ദുബൈ ഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‌മെന്റ്, ദുബൈയുടെ ആഘോഷങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. വിവിധ ഏജന്‍സികളുമായി ചര്‍ച്ച നടത്തുമെന്ന് ഡി എഫ് ആര്‍ എഫ് ഇ. സി ഇ ഒ ലൈലാ സുഹൈല്‍ പറഞ്ഞു. ഫെസ്റ്റിവല്‍ സിറ്റി, മെര്‍ക്കാട്ടോ, ദുബൈ ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പ് തുടങ്ങിയവ ഡി എഫ് ആര്‍ എഫ് ഇയുമായി സഹകരിക്കുന്നുണ്ടെന്നും ലൈലാ സുഹൈല്‍ അറിയിച്ചു.