തിരുവനന്തപുരത്ത് കനത്ത മഴ: സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം

Posted on: May 6, 2014 4:07 pm | Last updated: May 7, 2014 at 12:26 am

kattu

തിരുവനന്തപുരം: കേരള തീരത്ത് രൂപംകൊണ്ട ശക്തമായ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ജില്ലയില്‍ കനത്ത മഴ തുടരുന്നു. ഉച്ച മുതല്‍ ജില്ലയില്‍ ശക്തമായ മഴ പെയ്തുകൊണ്ടിരിക്കുകയാണ്. തിരുവനന്തപുരം മുതല്‍ കന്യാകുമാരിവരെ അടുത്ത 24 മണിക്കൂറില്‍ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂനമര്‍ദ്ദം ജില്ലയിലെ തീരമേഖലയിലേക്ക് വ്യാപിച്ചതിനാല്‍ തെക്കന്‍ ജില്ലകളിലെല്ലാം ശക്തമായ മഴ പെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മരച്ചുവട്ടില്‍ കൂട്ടംകൂടി നില്‍ക്കുകയോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുകയോ ചെയ്യരുതെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോവരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വടക്കന്‍ കേരളത്തിലേക്കും മഴ വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്തെ മുഴുവന്‍ ജില്ലാ കളക്ടര്‍മാര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ തയ്യാറായിരിക്കണമെന്ന് പോലീസ്, അഗ്നിശമന സേനാ മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയതായി ആഭ്യന്തര മന്ത്രി പറഞ്ഞു.