അസംഗഢ് തീവ്രവാദികളുടെ ആസ്ഥാനം; വിദ്വേഷ പ്രസംഗവുമായി അമിത് ഷാ വീണ്ടും

  Posted on: May 6, 2014 6:00 am | Last updated: May 5, 2014 at 11:22 pm
  SHARE

  amith shaലക്‌നോ: ബി ജെ പി ജനറല്‍ സെക്രട്ടറിയും നരേന്ദ്ര മോദിയുടെ വിശ്വസ്തനുമായ അമിത് ഷാ വീണ്ടും വിവാദത്തില്‍. അസംഗഢ് തീവ്രവാദികളുടെ കേന്ദ്രമാണെന്നാണ് അമിത് ഷാ തട്ടിവിട്ടത്. അസംഗഢിലെ ബി ജെ പി സ്ഥാനാര്‍ഥിക്കു വേണ്ടിയുള്ള പ്രചാരണത്തിനിടെയായിരുന്നു അമിത് ഷായുടെ ഇത്തരത്തിലൊരു പ്രസ്താവന.
  ‘അസംഗഢ് തീവ്രവാദികളുടെ കേന്ദ്രമാണ്. അവിടെയുള്ളവര്‍ക്ക് സര്‍ക്കാറിനെ ഭയക്കേണ്ടതില്ല. അവര്‍ അവരുടെ നയങ്ങളാണ് നടപ്പാക്കുന്നത്. ഗുജറാത്തിലെ ബോംബ് സ്‌ഫോടനക്കേസുകളിലെ പ്രതികള്‍ പോലും അസംഗഢില്‍ നിന്നുള്ളവരാണ്.’ ഇതായിരുന്നു യു പിയില്‍ ബി ജെ പി ഘടകത്തിന്റെ ചുമതലക്കാരന്‍ കൂടിയായ അമിത് ഷായുടെ വിവാദ പരാമര്‍ശം.
  ഷാക്കെതിരെ നടപടി ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. മോദിയും അമിത് ഷായും വര്‍ഗീയ വിഷം വമിപ്പിക്കുന്ന പ്രചാരണമാണ് നടത്തുന്നത്. ഗുജറാത്തിലെ മൊദാസ ബോംബ് സ്‌ഫോടനക്കേസില്‍ സംഘ് പരിവാറിന്റെ പങ്ക് അവര്‍ മറക്കുകയാണ്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദ്വിഗ്‌വിജയ് സിംഗ് അഭിപ്രായപ്പെട്ടു.
  അസംഗഢ് ഹിന്ദു – മുസ്‌ലിം മൈത്രിയുടെ പ്രതീകമാണ്. 1974നു ശേഷവും 1992ലെ ബാബറി മസ്ജിദ് തകര്‍ക്കലിനു ശേഷവും അവിടെ ആക്രമണങ്ങള്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
  അമിത് ഷാക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കുകയാണ് വേണ്ടതെന്നും സിംഗ് ചൂണ്ടിക്കാട്ടി.
  സംത്സോധ സ്‌ഫോടനക്കേസിലെ പ്രതിയായ സ്വാമി അസിമാനന്ദക്കും മലേഗാവ് സ്‌ഫോടനക്കേസ് പ്രതി പ്രജ്ഞാ സിംഗ് ഠാക്കൂറിനും ഇളവുകള്‍ അനുവദിക്കുന്നതിനെക്കുറിച്ച് മോദി വിശദീകരിക്കണമെന്നും സിംഗ് ആവശ്യപ്പെട്ടു.
  ബി എസ് പി അധ്യക്ഷ മായാവതിയും അമിത് ഷായുടെ പ്രസ്താവനക്കെതിരെ രംഗത്തെത്തി. അമിത് ഷായാണ് ഏറ്റവും വലിയ തീവ്രവാദിയെന്നും ഷായെ ഉത്തര്‍പ്രദേശില്‍ പ്രവേശിപ്പിക്കുന്നതില്‍ നിന്ന് വിലക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
  ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായ അഖിലേഷ് യാദവും പ്രസ്താവനക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തെ വിഭജിക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന ആളാണ് അമിത് ഷാ എന്ന് അഖിലേഷ് യാദവ് പറഞ്ഞു. അമിത് ഷാക്കെതിരെ നടപടി ആവശ്യപ്പെട്ട് അഖിലേഷ് യാദവും തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.