Connect with us

Articles

ജനാധിപത്യകാലത്തെ രാജഭക്തരായ നാടുവാഴികള്‍

Published

|

Last Updated

ഇന്ത്യയില്‍ അധിനിവേശവും രാജവാഴ്ചകളും അവസാനിച്ച് അര നൂറ്റാണ്ട് പിന്നിട്ടെങ്കിലും ജനാധിപത്യത്തിന്റെ പേരില്‍ അധികാരത്തിലെത്തിയ ഭരണാധികാരികളില്‍ പോലും രാജഭക്തിയുടെ രക്തം ഇപ്പോഴും ഒഴുകുന്നുണ്ടെന്നത് യാഥാര്‍ഥ്യമാണ്. എണ്ണിത്തിട്ടപ്പെടുത്താത്ത ലക്ഷം കോടിയുടെ സ്വത്ത് കണ്ടെത്തിയ ശ്രീപത്മാനഭസ്വാമി ക്ഷേത്രത്തില്‍ നിന്നുള്ള സ്വര്‍ണക്കടത്തും ഇതിന് പിന്നില്‍ രാജകുടുംബത്തിന് പങ്കുണ്ടെന്ന അമിക്കസ് ക്യൂറിയുടെ കണ്ടെത്തലും ചര്‍ച്ചയായ പശ്ചാത്തലത്തില്‍ സുപ്രീം കോടതി നടത്തിയ പരാമര്‍ശത്തോടുള്ള സംസ്ഥാന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം തന്നെ ജനാധിപത്യത്തിന് വഴിമാറാന്‍ മടിക്കുന്ന രാജഭക്തി ഇപ്പോഴും കേരളത്തില്‍ സജീവമാണെന്ന് ന്യായമായി സംശയിക്കാന്‍ കാരണമാണ്. ജനാധിപത്യരീതിയില്‍ ജനങ്ങള്‍ അധികാരത്തിലേറ്റിയ ഭരണാധികാരികളുടെ ഉള്ളില്‍ പോലും രാജഭക്തി ഇപ്പോഴും ഉറങ്ങിക്കിടക്കുന്നുണ്ടെന്നാണ് ഈ പരാമര്‍ശം വ്യക്തമാക്കുന്നത്.
ശ്രീപത്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട ഉയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ക്ഷേത്രഭരണം കൈയാളിയിരുന്ന രാജ കുടുംബത്തെ മാറ്റിനിര്‍ത്തി ക്ഷേത്രത്തിന് പുതിയ ഭരണ സമിതിയെ നിശ്ചയിച്ച സുപ്രീം കോടതി ക്ഷേത്രഭരണകാര്യത്തില്‍ രാജകുടുംബം ഇടപെടരുതെന്ന് വിധി പ്രസ്താവിച്ചതോടെയാണ് മുഖ്യമന്ത്രിയുടെ രാജഭക്തി ഉണര്‍ന്നത്. രാജകുടുംബത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യരുതെന്നും രാജകുടുംബത്തെ അവഹേളിക്കുന്ന സമീപനത്തോട് യോജിക്കാനാകില്ലെന്നുമുള്ള പ്രതികരണത്തിലൂടെ മുഖ്യമന്ത്രി പരോക്ഷമായി പരമോന്നത നീതിപീഠത്തിന്റെ വിധിയോടുള്ള അസഹിഷ്ണതയാണ് പ്രകടിപ്പിച്ചത്. സുപ്രീം കോടതിയുടെ നിര്‍ണായകവും ചരിത്രപരവുമായ വിധിയിലൂടെ മൂന്ന് നൂറ്റാണ്ടുകള്‍ നീണ്ട ക്ഷേത്രത്തിലെ രാജകുടുംബത്തിന്റെ നിയന്ത്രണമാണ് കോടതി അവസാനിപ്പിച്ചത്. എന്നാല്‍ തന്റെ അപക്വമായ പ്രതികരണത്തിലൂടെ, വിധിയെ അംഗീകരിക്കാന്‍ കഴിയാത്ത ചരിത്രബോധമില്ലാത്ത രാജഭക്തരെയാണ് താന്‍ പ്രതിനിധാനം ചെയ്യുന്നതെന്ന് തുറന്നു സമ്മതിക്കുന്നു മുഖ്യമന്ത്രി.
അതേസമയം രാജകുടുംബത്തെ അവിശ്വസിക്കരുതെന്ന് പറയുന്ന മുഖ്യമന്ത്രി പിന്നെ ആരെ അവിശ്വസിക്കണമെന്നാണ് പറയുന്നതെന്ന് വ്യക്തമല്ല. ക്ഷേത്രത്തിലെ കണക്കറ്റ സ്വത്ത് നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് നൂറ്റാണ്ട് കാലം ആരെയും അടുപ്പിക്കാതെ ക്ഷേത്രഭരണം കൈയാളിയ രാജകുടുംബത്തെ അവിശ്വസിക്കുന്നതിന് പകരം സ്വത്ത് കൈയേറ്റം തടയാന്‍ നടപടി സ്വീകരിച്ച സുപ്രീം കോടതിയെയോ മോഷണം കണ്ടെത്തിയ അമിക്കസ് ക്യൂറിയെയോ സ്വത്ത് മോഷണം പുറത്തുകൊണ്ടുവരാനും പത്മനാഭന്റെ സ്വത്തിന് സംരക്ഷണം നല്‍കാനും ഐ പി എസ് പദവി വലിച്ചെറിഞ്ഞ് അഭിഭാഷക കുപ്പായമണിഞ്ഞ് ഒരു പുരുഷായുസ്സ് നിയമ പോരാട്ടം നടത്തി കാലയവനികക്കുള്ളില്‍ മറഞ്ഞ സുന്ദരരാജനെയോ അതോ ലക്ഷം കോടിയുടെ അധിപന്‍ സാക്ഷാല്‍ ശ്രീ പത്മനാഭനെയോ? എന്നാല്‍ ഈ പ്രതികരണത്തിലൂടെ ഏത് ദേവനെയാണ് മുഖ്യമന്ത്രി പ്രസാദിപ്പിക്കാന്‍ ഉദ്ദേശിച്ചതെന്ന് എല്ലാവര്‍ക്കുമറിയാം. തിരുവിതാംകൂറിലെ ഏറ്റവും വലിയ രാജഭക്തന് പോലും ഇങ്ങനെയൊരു അഭിപ്രായമുണ്ടാകാന്‍ ഇടയില്ല.
ഇന്ത്യാ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതും രാജാക്കന്മാരില്‍ നിന്നും നാടുവാഴികളില്‍ നിന്നും അധികാരം ജനങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടതും അറിയാത്ത ഒരു വിഭാഗം രാജ്യത്തിന്റെ തെക്കേ അറ്റത്തെ ഒരു ചെറിയ സംസ്ഥാനത്ത് ഇപ്പോഴുമുണ്ടെന്ന് സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം തന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതില്‍ ഒരാളാണ് താനെന്ന് തെളിയിക്കുകയാണ് തന്റെ ചരിത്രവിരുദ്ധമായ പ്രതികരണത്തിലൂടെ മുഖ്യമന്ത്രി ചെയ്തിരിക്കുന്നത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്കൊപ്പം ചില രാജഭക്തരും ആത്മീയ, സംസ്‌കാരിക രാഷ്ട്രീയ നേതാക്കളും കൂട്ടത്തിലുണ്ടെന്നത് ഏറെ കൗതുകകരമാണ്.
ആത്മീയ സാംസ്‌കാരിക നേതാക്കളെ നമുക്ക് വിടാം. എന്നാല്‍, രാഷ്ട്രീയക്കാരുടെ രാജഭക്തിയുടെ പിന്നിലെ ചേതോവികാരമെന്തെന്ന് മനസ്സിലാകുന്നില്ല. രാജകൊട്ടാരത്തില്‍ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങളോ രാജകുടുംബത്തിലെ വോട്ട ്‌ബേങ്കോ അല്ല ഇവരുടെ ഭക്തിക്ക് കാരണമെന്നത് വ്യക്തമാണ്. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്ത് രാജകുടുംബം മോഷ്ടിച്ചു കടത്തിയെന്ന സുപ്രീം കോടതി അമിക്കസ് ക്യൂറിയുടെ കണ്ടെത്തല്‍ ഏറെ സങ്കടപ്പെടുത്തിയത് “നായര്‍ സമുദായ നേതാവായ” ആര്‍ ബാലകൃഷ്ണ പിള്ളയെയാണ്. രാജകുടുംബം മോഷ്ടിച്ചുവെന്ന് ആര് പറഞ്ഞാലും നായര്‍ സമുദായം അങ്ങനെ പറയരുതെന്നാണ് പിള്ളയുടെ വേദാന്തം. സ്വാമി ഉറക്കത്തിലല്ലെന്നും എല്ലാം കാലം തെളിയിക്കുമെന്നുമായിരുന്നു മുതിര്‍ന്ന രാജകുടുംബാഗം ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടിയുടെ പ്രതികരണം. എന്നാല്‍ ഇവരെ പോലും കടത്തിവെട്ടുന്ന രീതിയിലുള്ള മുഖ്യമന്ത്രിയുടെ രാജഭക്തി എന്തിനെയാണ് സൂചിപ്പിക്കുന്നത്?
രാജകുടുംബം നല്‍കിയ സംഭാവനകളെ വിസ്മരിക്കരുതെന്ന് പറയുന്ന മുഖ്യമന്ത്രി തിരുവിതാംകൂറിലെ രാജാക്കന്മാരുടെ ഭരണകാലം കേരള ചരിത്രത്തിലെ സുവര്‍ണ കാലഘട്ടമാണെന്ന് എഴുതിവെച്ച കൊട്ടാരമെഴുത്തുകാരുടെ കൃതികളില്‍ നിന്നാണ് കേരള ചരിത്രം പഠിച്ചതെന്ന് തോന്നുന്നു. രാജവാഴ്ച കാലത്തെ “നല്ല മാതൃകകള്‍” മാത്രമാണ് ഇത്തരം കൃതികളിലൂടെ ചരിത്രത്തിന്റെ ഭാഗമായത്. എന്നാല്‍ ഇതിലേറെ മനുഷ്യത്വരഹിതവും അഹിതവുമായ കാര്യങ്ങള്‍ക്ക് നേരെ ഈ ചരിത്രകാരന്മാര്‍ കണ്ണടക്കുകയായിരുന്നു. ഇടതുപക്ഷത്തെ ഏതാനും നേതാക്കളല്ലാത്ത ഒരു രാഷ്ട്രീയക്കാരും സുപ്രീം കോടതിയുടെ വിധിയെ കുറിച്ചോ വിവാദത്തിനാസ്പദമായ സംഭവത്തില്‍ രാജകുടുംബത്തിന്റെ പങ്കിനെ കുറിച്ചോ കാര്യമായി പ്രതികരിച്ചു കണ്ടില്ല. ക്ഷേത്രവുമായി ബന്ധപ്പെട്ട് രാജകുടുംബത്തിന്റെ അനധികൃത നീക്കങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച പ്രതിപക്ഷ നേതാവിനെ അന്ന് പലരും പരിഹസിച്ചിരുന്നു. എന്നാല്‍ തെളിവുകളെല്ലാം ഈ വാദങ്ങളെ ശരിവെക്കുമ്പോള്‍ പരിഹസിച്ചവരെല്ലാം അര്‍ഥഗര്‍ഭമായ മൗനം പാലിക്കുകയാണ്. ഇതില്‍ ഇടതുപക്ഷത്തെ തന്നെ ചിലരുമുണ്ടെന്നതും യാഥാര്‍ഥ്യം.
തിരുവിതാംകൂറിലെ വികസനത്തിന്റെ വക്താക്കളായി വാഴ്ത്തപ്പെടുന്ന മൂലം തിരുനാള്‍, ഉത്രം തിരുനാള്‍ രാജാക്കന്മാര്‍ ഭരിച്ചിരുന്ന ഘട്ടത്തിലാണ് തിരുവിതാംകൂറില്‍ ഏറ്റവും വലിയ ജാതീയത കൊടികുത്തി വാണിരുന്നതെന്ന യാഥാര്‍ഥ്യം മനഃപൂര്‍വം മറച്ചുവെക്കുകയാണ്. രാജാക്കന്മാരും ഉപദേഷ്ടാക്കളായ ബ്രാഹ്മണരും ചേര്‍ന്ന് എഴുതിവെക്കുന്ന നിയമങ്ങളാണ് രാജഭരണ കാലഘട്ടങ്ങളില്‍ നടപ്പാക്കിയിരുന്നത്. ഒരേ കുറ്റത്തിന് ആളുകള്‍ക്ക് ജാതിയുടെ അടിസ്ഥാനത്തില്‍ വ്യത്യസ്ത ശിക്ഷകള്‍ നല്‍കിയിരുന്നത് അങ്ങനെയാണ്. ഇങ്ങനെ ശിക്ഷ നടപ്പാക്കിയപ്പോള്‍ ചിത്രവധം, കൈമുക്ക്, കടുവയുടെ ഭക്ഷണം തുടങ്ങിയ മനുഷ്യത്വരഹിതമായ ചില ശിക്ഷാവിധികള്‍ തിരുവിതാംകൂറിന്റെ ചരിത്രത്തിലെ കറുത്ത അധ്യായങ്ങളായി നിലകൊണ്ടു.
ചില പ്രമുഖ ക്ഷേത്രങ്ങളില്‍ ഈഴവരായ തന്ത്രിമാര്‍ക്ക് പൂജിക്കാന്‍ അധികാരമില്ലെന്ന ഇപ്പോഴും നിലനില്‍ക്കുന്ന നിയമവും ഇതിന്റെ ഭാഗമാണ്. പാരമ്പര്യ അവകാശവാദമെന്ന പേരില്‍ ഏതോ സവര്‍ണ താത്പര്യ സംരക്ഷകന്‍ കുറിച്ചു വെച്ച ഈ നിയമമാണ് ഒരു ജനാധിപത്യ സര്‍ക്കാറിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേവസ്വം ബോര്‍ഡ് ഇപ്പോഴും പിന്തുടരുന്നത്. പാരമ്പര്യമായതു കൊണ്ട് അത് ആചാരമായി. അതിലെ നീതികേടിനെ ജനാധിപത്യ സര്‍ക്കാര്‍ പോലും ആചാരാനുഷ്ഠാനത്തിന്റെ പേരില്‍ ന്യായീകരിക്കുകയാണ് ചെയ്യുന്നത്.
ഇത്തരം യാഥാര്‍ഥ്യങ്ങളെല്ലാം നിലനില്‍ക്കുന്നതോടൊപ്പം തന്നെ നാടിന്റെ നിലനില്‍പ്പിന്ന് ആവശ്യമായ വികസന മാതൃകകള്‍ കൊണ്ടുവന്നതിനെ വിസ്മരിക്കാനാകില്ല. എന്നാല്‍ ഏകാധിപതികളായ എല്ലാ ഭരണാധികാരികളും തങ്ങളുടെ അധീശത്വം ഉറപ്പിക്കുന്നതോടൊപ്പം തന്നെ ചില നല്ല മാതൃകകളും നടപ്പിലാക്കാറുണ്ട്. രണ്ട് നൂറ്റാണ്ട് ഇന്ത്യയെ കോളനിയാക്കി ഭരിച്ച ബ്രിട്ടീഷുകാര്‍ രാജ്യത്ത് കൊണ്ടുവന്ന ചില വികസനങ്ങള്‍ ഇതിന് ഉദാഹരണമാണ്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest