വി എം സുധീരന് പിന്നില്‍ ആരുണ്ടാകും?

Posted on: May 6, 2014 6:00 am | Last updated: May 5, 2014 at 9:01 pm

sudheeran

തിരഞ്ഞെടുപ്പിന്റെ ലഹരിക്ക് പിന്നാലെ കേരള രാഷ്ട്രീയം ‘മദ്യലഹരി’യിലായിരിക്കുന്നു. കേരളത്തിന് പ്രതിശീര്‍ഷ മദ്യ ഉപഭോഗത്തില്‍ രാജ്യത്ത് ‘ഒന്നാം സ്ഥാനം’ ഉണ്ടെന്നത് ‘ഒരഭിമാന’മായി കരുതുന്ന കുറച്ചു പേരുണ്ടാകും. എന്നാല്‍ ബീവറേജസ് കടകളുടെ മുന്നില്‍ എന്നും എപ്പോഴും കാണുന്ന നീണ്ട നിരകള്‍ കേരളത്തിലെ പുരുഷന്മാരുടെ ക്ഷമാശീലത്തിന് മാത്രമല്ലല്ലോ തെളിവാകുന്നത്. എല്ലാവരും വേവലാതിപ്പെടുന്ന ഒരു വിഷയമാണ് മദ്യ ഉപയോഗം. മരിച്ചാലും ജനിച്ചാലും വിവാഹമടക്കമുള്ള ആഘോഷങ്ങള്‍ക്കും മുമ്പും പിമ്പും തോറ്റാലും ജയിച്ചാലും… നമുക്ക് മദ്യം വേണം. മലയാളിയുടെ മദ്യ ഉപഭോഗ നിരക്ക് ഉയര്‍ത്തുന്നതില്‍ (കേരളത്തെ ഗള്‍ഫായിക്കണ്ട്) ഇവിടെ വരുന്ന അന്യ സംസ്ഥാന തൊഴിലാളികളും കാരണമാകുന്നുണ്ടെന്ന വാദം തള്ളിക്കളയുന്നില്ല. എങ്കിലും നമ്മളും മദ്യപാനത്തില്‍ പിന്നിലല്ല.
ഒരു രീതിയില്‍ നോക്കിയാല്‍ ഇവിടെ ഏതാണ്ടെല്ലാ വിഭാഗക്കാരും മദ്യ ഉപഭോഗത്തിനെതിരല്ലേ? മതം തന്നെ മദ്യത്തെ ഏറ്റവും മോശമായിക്കാണുന്ന ഇസ്‌ലാം. എല്ലാ വിധ മദ്യത്തിനുമെതിരെ സന്ധിയില്ലാ സമരം ചെയ്യുന്ന ക്രിസ്ത്യന്‍ ബിഷപ്പുമാര്‍. മദ്യം വിഷമാണെന്ന് പ്രഖ്യാപിച്ച ശ്രീനാരായണ ഗുരുദേവന്റെ അനുയായികള്‍. മദ്യവര്‍ജനം ജീവിതലക്ഷ്യമായിക്കാണുന്ന ഗാന്ധിജിയുടെ പിന്‍ഗാമികളായ കോണ്‍ഗ്രസുകാര്‍, സ്വന്തം പാര്‍ട്ടി അംഗങ്ങള്‍ മദ്യപിക്കുന്നത് വിലക്കിയിരിക്കുന്ന കമ്മ്യൂണിസ്റ്റുകള്‍…. ഇവരെല്ലാം പോയാല്‍ പിന്നെ കേരളീയരായി ആരുണ്ടാകും? എന്നിട്ടും ഈ മദ്യാസക്തി കുറയാതിരിക്കുന്നതെന്തുകൊണ്ട്? ഉത്തരം ലളിതം. ഭരണഘടനയുടെ നാലാം ഖണ്ഡത്തിലെ നിര്‍ദേശക തത്വങ്ങളിലൊക്കെ ഭംഗിയായി എഴുതിവെച്ചിട്ടുണ്ടെങ്കിലും നമ്മെ മാറി മാറി ഭരിച്ചുകൊണ്ടിരിക്കുന്ന ഒരു രാഷ്ട്രീയ കക്ഷിയും മദ്യത്തെ എതിര്‍ക്കുന്നില്ല. കേരള സര്‍ക്കാറിന്റെ ഏറ്റവും പ്രധാന വരുമാനമാര്‍ഗമാണതെന്ന സത്യം നമുക്കറിയാം. അത് മാത്രമല്ല കാരണം. ഏറ്റവും വലിയ അഴിമതിയുടെ സ്വര്‍ണഖനിയാണ് മദ്യവ്യവസായം. സ്പിരിറ്റ് തട്ടിപ്പടക്കം നിരവധി താഴ്‌വഴികള്‍ അതിനുണ്ട്. വലിയൊരു സംഘം അതിന്റെ പിന്നിലുണ്ട്. ഏത് നേതാവിനെയും വീഴ്ത്താന്‍ കഴിയുന്ന പണമുണ്ട്.
ഇപ്പോള്‍ കേരളത്തില്‍ നടക്കുന്ന മദ്യവിവാദം നോക്കുക. വി എം സുധീരനും അദ്ദേഹത്തെ പിന്തുണക്കുന്ന ഏതാനും ചിലരുമൊഴിച്ച് ആരുണ്ട് മദ്യത്തിനെതിരായി? ഭരണകക്ഷിയില്‍ – കോണ്‍ഗ്രിസിലും- സുധീരന്‍ മാത്രം പട നയിക്കുന്നു. ‘മദ്യവിരുദ്ധതയുടെ അപ്പോസ്തലാനായി ഒരാള്‍ മാത്രം വരുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രി കെ ബാബുവും പറയുന്നുവെന്നതിനര്‍ഥം ജനങ്ങള്‍ അത് വിശ്വസിക്കുന്നുവെന്നാണ്. സുപ്രീം കോടതി വിധി യഥാര്‍ഥത്തില്‍ സുധീരനു കിട്ടിയ നല്ല ഒരായുധമാണ്. എന്തായാലും ഇപ്പോള്‍ നടക്കുന്ന തര്‍ക്കവിതര്‍ക്കങ്ങളല്ല യഥാര്‍ഥ പ്രശ്‌നം എന്ന സത്യം മറക്കുകയാണ്.
ടു സ്റ്റാര്‍ നിലവാരം പോലുമില്ലാത്ത 418 ബാറുകള്‍ അടച്ചുപൂട്ടാന്‍ സുപ്രീം കോടതി ഉത്തരവിടുന്നിടത്താണ് ‘പ്രശ്‌നങ്ങളുടെ തുടക്കം’. സംസ്ഥാനത്തെ മൊത്തം 730 ബാറുകളിലാണ് ഇതുണ്ടായത്. ബാക്കി വരുന്ന 313 ബാറുകള്‍ക്ക് ഏപ്രില്‍ രണ്ടിന് സര്‍ക്കാര്‍ അനുമതി നല്‍കി. പുതിയ മദ്യനയം പ്രഖ്യാപിക്കാതിരുന്നതിനാലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലിരിക്കുന്നതിനാലും മറ്റൊരു മാര്‍ഗവും സര്‍ക്കാറിന്റെ മുന്നിലുണ്ടായിരുന്നില്ല. ഏല്ലാ കക്ഷികള്‍ക്കും ‘തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഉഷാറാക്കാന്‍’ മദ്യം അനിവാര്യമായിരിക്കുമ്പോഴാണ് 418 ബാറുകള്‍ പൂട്ടിയത്. രാഷ്ട്രീയ നേതാക്കള്‍ അസ്വസ്ഥരാകാന്‍ മറ്റെന്ത് വേണം? തിരഞ്ഞെടുപ്പ് നല്ലൊരു ചാകരയായി കണ്ടിരുന്ന ബാറുടമകളും അവതാളത്തിലായി. ഈ ചാകരയുടെയും ലൈസന്‍സ് പുതുക്കുന്നതിന്റെയും പങ്കില്‍ അഡ്വാന്‍സ് വാങ്ങിയവരാണ് നല്ലൊരു വിഭാഗം രാഷ്ട്രീയ നേതാക്കള്‍. ബാര്‍ ലൈസന്‍സ് ഒപ്പിച്ചുകൊടുക്കല്‍ ഒരു പ്രാദേശിക നേതാവിന്റെ ശേഷിക്കു നിദാനമാണ്. ചുരുക്കത്തില്‍ അടിമുടി സമ്പന്നമാകാനുള്ള ഒരു സാധ്യതയാണ് ‘താത്കാലികമായിട്ടാണെങ്കിലും’ അടഞ്ഞുപോയിരിക്കുന്നത്.
തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ എന്തെങ്കിലും ചെപ്പടി വിദ്യയിലൂടെ സുപ്രീം കോടതി വിധിയെ മറികടക്കാമെന്ന് മനക്കോട്ട കെട്ടിയിരിക്കുമ്പോഴാണ് വി എം സുധീരനെന്ന മഹാമേരു മുന്നില്‍ വന്നുവീണത്. സി പി എമ്മില്‍ വി എസിനെ പിണറായി വിജയനും പാര്‍ട്ടിയും ‘കൈകാര്യം’ ചെയ്തതു പോലെയല്ല കോണ്‍ഗ്രസിലെ സ്ഥിതി. രാഹുല്‍ ഗാന്ധി നേരിട്ട് പ്രസിഡന്റാക്കിയ സുധീരനെ അങ്ങനെ തള്ളാനാകില്ല. തന്നെയുമല്ല, ജനങ്ങളില്‍ നല്ലൊരു പങ്ക് വിശ്വസിക്കുന്നുണ്ട്, സുധീരന്‍ അവിടെ ഇരിക്കുന്നിടത്തോളം വന്‍ കൊള്ളകള്‍ എളുപ്പമാകില്ല എന്ന്.
ഉമ്മന്‍ ചാണ്ടിക്കും കൂട്ടര്‍ക്കും ഈ ബാറുകള്‍ എങ്ങനെയെങ്കിലും തുറക്കണം. പലരും വാങ്ങിയ പണം തിരിച്ചുനല്‍കേണ്ട സ്ഥിതിയായാല്‍ കാര്യം കുഴപ്പമാകും. ബിഷപ്പുമാരടക്കം സുധീരന് പിന്‍ബലവുമായി വന്നു. കോടതിയും സര്‍ക്കാറിനോട് (മദ്യത്തിനനുകൂല നിലപാടെടുക്കാന്‍) കരുണ കാട്ടാന്‍ വഴിയില്ല. പുതുക്കിക്കിട്ടാത്ത ബാറുടമകള്‍ നല്‍കിയ അമ്പതോളം കേസുകളില്‍ ‘ഇടക്കാല ഉത്തരവ്’ കിട്ടുമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് വന്‍ തിരിച്ചടിയായി വിധി. ഒരു ജഡ്ജി (സി ടി രവികുമാര്‍) മാറി വന്ന ജസ്റ്റിസ് ചിദംബരേഷിന്റെ ഇടക്കാല ഉത്തരവിലെ പരാമര്‍ശങ്ങള്‍ ശ്രദ്ധേയമാണ്. 418 ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കാതിരുന്നതടക്കമുള്ള സര്‍ക്കാര്‍ നടപടികള്‍ സുപ്രീം കോടതിയ വിധിയുടെ അന്തഃസത്തക്ക് നിരക്കുന്നത് തന്നെയാണ്. പ്രത്യേകിച്ചും ഏപ്രില്‍ രണ്ടിന്റെ ഉത്തരവ്. മദ്യനയം സംബന്ധിച്ച് സര്‍ക്കാറിന് അന്തിമ തീരുമാനമെടുക്കാമെന്ന് കോടതി ഉറപ്പ് നല്‍കിയിട്ടുണ്ട്. ബാറുടമകളുടെ വാദങ്ങള്‍ വിശദമായി കേട്ട് പിന്നീട് ഉത്തരവ് പുറപ്പെടുവിക്കാം, ഇപ്പോള്‍ അടിയന്തര പ്രശ്‌നങ്ങളൊന്നുമില്ല. മദ്യ നയം സംബന്ധിച്ച് പഠിച്ച ജസ്റ്റിസ് എം രാമചന്ദന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 12ന് സര്‍ക്കാറിന് കിട്ടിയിട്ടുണ്ട്. അത് പഠിക്കാന്‍ നികുതി വകുപ്പിന് കൈമാറിയിരിക്കുകയാണ്. അതു കൂടി ലഭിച്ചാല്‍ സര്‍ക്കാര്‍ തീരുമാനിക്കും. എന്തായാലും കേരളത്തില്‍ മദ്യ ലഭ്യത കുറക്കാന്‍ അടിയന്തര നടപടികള്‍ അനിവാര്യമാണ് എന്നും കോടതി നിരീക്ഷിച്ചു. സ്‌കൂള്‍ യൂനിഫോമില്‍ കുട്ടികള്‍ ബാറില്‍ പോകുന്നു, പ്രായം നോക്കാതെ അവര്‍ക്ക് മദ്യം നല്‍കുന്നു, ചെറിയ വരുമാനക്കാരും ദിവസക്കൂലിക്കാരും താഴ്ന്ന നിലവാരമുള്ള ബാറുകളില്‍ എത്തുന്നു. ബാര്‍ നടത്തല്‍ മൗലികാവകാശമല്ല എന്ന സുപ്രീം കോടതി വിധി ഓര്‍മിപ്പിക്കുകയും ചെയ്തു ഹൈക്കോടതി.
സംസ്ഥാനത്തെ 418 ബാറുകള്‍ ഏത് വിധേനയും തുറന്നു പ്രവര്‍ത്തിപ്പിക്കണമെന്ന് വാശി പിടിക്കുന്ന നേതാക്കള്‍ സ്വയം അപഹാസ്യരാകുകയല്ലേ? ഇവയില്‍ ലൈസന്‍സും നിലവാരവുമുള്ളവയെ തുറക്കാന്‍ അനുവദിക്കാമെന്ന് ഒത്തുതീര്‍പ്പെന്ന നിലയില്‍ വി എം സുധീരനും സമ്മതിക്കുന്നു. എന്നാല്‍ ഇതുവരെ അനുമതി നല്‍കിയ 313ല്‍ അമ്പതോളം എണ്ണം അനധികൃതമായി കടന്നുകയറിയവയാണ്. 413ല്‍ പരമാവധി 60-65 എണ്ണം തുറക്കാനായേക്കും. പക്ഷേ, ഉമ്മന്‍ ചാണ്ടിക്കും കൂട്ടര്‍ക്കും അത് പോരാ. ഇപ്പോള്‍ നിലവാരമില്ലായിരിക്കാം, എന്നാല്‍ ‘ഭാവിയില്‍ നിലവാരമുയര്‍ത്തും’ എന്ന സത്യവാങ്മൂലം വാങ്ങി അനുമതി നല്‍കാമെന്നത്രേ ഇവരും ശ്രീനാരായണീയനായ വെള്ളാപ്പള്ളി നടേശനും വാദിക്കുന്നത്. (ഗാന്ധിജിയും ശ്രീനാരായണ ഗുരുവും പൊറുക്കട്ടെ)
ഇത്തരത്തില്‍ ‘സത്യവാങ്മൂലം’ വിശ്വസിച്ച് ഏത് വിധേനയെങ്കിലും തുറക്കേണ്ട ഒരു സ്ഥാപനമാണോ ബാറുകള്‍ എന്നതാണ് പ്രധാന ചോദ്യം. ആശുപത്രിയോ റേഷന്‍ കടയോ മരുന്നു കടയോ ഒന്നുമല്ലല്ലോ ഇത്. ഈ ‘പ്രതിസന്ധി’ മറികടക്കാന്‍ ബാറുകള്‍ക്ക് സ്റ്റാര്‍ പദവി നല്‍കാനും ചിലര്‍ക്ക് താത്പര്യമുണ്ട്. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ സമിതികള്‍ രൂപവ്തകരിച്ച് അവരുടെ പരിശോധന നടത്തി അവര്‍ അംഗീകരിക്കുന്നവക്ക് ലൈസന്‍സ് പുതുക്കി നല്‍കാനാണ് മറ്റൊരു ശ്രമം. ഈ സംവാദങ്ങളെല്ലാം നടക്കുന്നതിനിടയില്‍ കാഞ്ഞങ്ങാട് നഗരസഭയിലെ ഒരു ഹോട്ടലില്‍ ബാര്‍ അനുവദിച്ചുവെന്ന വാര്‍ത്ത വന്നിരിക്കുന്നു. യു ഡി എഫ് ഭരിക്കുന്ന, വനിത അധ്യക്ഷയായ നഗരസഭയാണിത്. ജനങ്ങളുടെ സമ്പത്തും ആരോഗ്യവും സമാധാനവും അപഹരിക്കുന്ന ഈ ബാറുകള്‍ എന്തായാലും തുറക്കേണ്ടവയാണോ? ഇനി മേല്‍ അവ തുറക്കാതിരുന്നാല്‍ കുഴപ്പമാകുമോ?
പക്ഷേ, അത്തരമൊരു ‘ദുരന്തം’ സംഭവിക്കാന്‍ രാഷ്ട്രീയ നേതാക്കള്‍ സമ്മതിക്കില്ല. യു ഡി എഫ് നേതൃയോഗത്തില്‍ ദുര്‍ബലമായിട്ടെങ്കിലും വി എം സുധീരനെ പിന്തുണക്കുക മുസ്‌ലിം ലീഗ് മാത്രമായിരിക്കും. അവര്‍ എത്ര ശക്തമായ നിലപാടെടുക്കും? ഇതില്‍ ഏറ്റവും പരിതാപകരമായത് പ്രതിപക്ഷമായ ഇടതുപക്ഷത്തിന്റെ സ്ഥിതിയാണ്. വി എസ് അച്യുതാനന്ദനും പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമെല്ലാം മദ്യനയം സംബന്ധിച്ച് പറയുന്ന ഏക കാര്യം ‘അഴിമതി’യാണ്. അതും 313 ബാറുകള്‍ അനുവദിച്ചതിലെ ‘ചില’ അഴിമതികള്‍ മാത്രം. ഇപ്പോള്‍ അടച്ചുപൂട്ടിയ 418 ബാറുകള്‍ക്കെല്ലാം തന്നെ ലൈസന്‍സ് നല്‍കിയത് കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്താണെന്ന് എക്‌സൈസ് മന്ത്രി പറയുന്നു. അതില്‍ കുറെയെങ്കിലും സത്യമുണ്ടാകാനാണ് വഴി. അതേക്കുറിച്ച് ഇടതുപക്ഷം ഒന്നും പറയുന്നില്ല. 418 ബാറുകള്‍ തുറക്കേണ്ടതില്ലെന്ന വി എം സുധീരന്റെ നിലപാട് ശരിയാണോ? (ഒരുപക്ഷേ, നിലവാരവും ലൈസന്‍സും ഇല്ലാത്തവയെങ്കിലും തുറക്കരുതെന്ന നിലപാട്?) ഇത് സംബന്ധിച്ച് കണിച്ചുകുളങ്ങരയില്‍ നിന്നു വന്ന നിലപാട് നാം കണ്ടു. പെരുന്നയില്‍ നിന്ന് ഒന്നും കേട്ടില്ല. എന്തായാലും ആര്‍ ബാലകൃഷ്ണ പിള്ള ബാറുകള്‍ എല്ലാം തുറക്കുന്നതിനെയാണ് അനുകൂലിക്കുന്നത്. (പൂട്ടിയ ബാറിലെ തൊഴിലാളികളുടെ ജീവിത പ്രശ്‌നങ്ങളെ കുറിച്ച് ഇടതുപക്ഷത്തിന് വേവലാതിയുണ്ട്. എന്നാല്‍, അവിടെ പോയി കുടിച്ച് കൂമ്പടിഞ്ഞുപോയവരെക്കുറിച്ച് ഇവര്‍ക്കൊരാശങ്കയുമില്ല. ഇതാണ് ജനാധിപത്യം. തൊഴിലാളി വര്‍ഗ രാഷ്ട്രീയം.)
വാല്‍ക്കഷണം: കേരള ഭരണം നിയന്ത്രിക്കുന്നത് വി എം സുധീരനാണെന്ന് വെള്ളാപ്പള്ളി നടേശന്‍ പരിഹസിക്കുന്നു. അത് സത്യമായെങ്കില്‍ എന്ന് (മദ്യവിഷയത്തിലെങ്കിലും) ഭൂരിപക്ഷം മലയാളികളും ആഗ്രഹിക്കുന്നു.