പെയ്ഡ് ന്യൂസുകള്‍ നിരോധിക്കണം

Posted on: May 6, 2014 6:00 am | Last updated: May 5, 2014 at 8:58 pm

മാധ്യമങ്ങളില്‍ രാഷ്ട്രീയ പ്രചാരണാര്‍ഥം വാര്‍ത്തകളെന്ന വ്യാജേന പരസ്യങ്ങള്‍ നല്‍കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രവണത (പെയ്ഡ് ന്യൂസ്) അടുത്ത കാലത്തായി വ്യാപകമായിരിക്കയാണ്. 2009ലെ തിരഞ്ഞെടുപ്പില്‍ മിക്ക സ്ഥാനാര്‍ഥികളും പെയ്ഡ് ന്യൂസിനെ ആശ്രയിച്ചിരുന്നുവെന്നും 500 കോടിയോളം രൂപ ഈയിനത്തില്‍ ചെലവഴിച്ചതായും കഴിഞ്ഞ ഡിസമ്പറില്‍ കേരള നിയമസഭയുടെ പാര്‍ലമെന്റ് പഠനകേന്ദ്രം സംഘടിപ്പിച്ച ശില്‍പ്പശാല ഉദ്ഘാടനം ചെയ്യവെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷനര്‍ വി എസ് സമ്പത്ത് വെളിപ്പെടുത്തിയിരുന്നു. 2012ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു വന്ന വാര്‍ത്തകളില്‍ 414 എണ്ണം പ്രതിഫലം പറ്റി പ്രസിദ്ധീകരിച്ചതാണെന്ന് തെളിഞ്ഞിട്ടുണ്ട്. പതിനാറാം ലോക്‌സഭാ തിരഞ്ഞെടുപ്പ് ആറ് ഘട്ടം പിന്നിട്ടപ്പോള്‍ തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നായി പെയ്ഡ് ന്യൂസുകളെക്കുറിച്ചുള്ള 845 കേസുകള്‍ രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഡയറക്ടര്‍ ജനറല്‍, അക്ഷയ് റൗത്ത് അറിയിക്കുകയുണ്ടായി. ഇതില്‍ 321ഉം പെയ്ഡ് ന്യൂസാണെന്ന് കമ്മീഷന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിന് മുന്നോടിയായി ചില ചാനലുകളും ഏജന്‍സികളും നടത്തുന്ന സര്‍വേകളും പ്രതിഫലം പറ്റിയുള്ള പ്രചാരണ തന്ത്രമാണെന്ന് വ്യക്തമായതാണ്. തിരഞ്ഞെടുപ്പ് രംഗത്തെ ഈ അധാര്‍മിക പ്രവണതക്കെതിരെ നടപടിയെടുക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന് ചില പരിമിതികളുണ്ട്. നിലവില്‍ പെയ്ഡ് ന്യൂസ് നിയമലംഘനമാണെന്ന് വ്യക്തമാക്കുന്ന ഒരു നിയമവുമില്ല. ഇതു കുറ്റകരമാക്കണമെങ്കില്‍ 1951ലെ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യണം. തിരഞ്ഞെപ്പ് കമമീഷന്‍ നിയമ മന്ത്രാലയത്തോട് ഇതിനായി ആവശ്യപ്പെട്ടിരുന്നെങ്കിലും സര്‍ക്കാര്‍ വേണ്ടത്ര താത്പര്യം കാണിച്ചില്ല.
പെയ്ഡ് ന്യൂസ് പ്രശ്‌നത്തില്‍ നിയമത്തിന്റെ പിന്‍ബലത്തിനായി കാത്തിരിക്കുകയായിരുന്ന കമ്മീഷന് ആശ്വാസമേകുന്നതാണ് ഇന്നലത്തെ സുപ്രീം കോടതി വിധി. പെയ്ഡ് ന്യൂസിനെതിരെ, സ്ഥാനാര്‍ഥികളെ അയോഗ്യരാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടിയെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടെന്നാണ് മഹാരാഷ്ട്രാ മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍, ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധു കോഡ എന്നിവര്‍ സമര്‍പ്പിച്ച ഹരജിയില്‍ വിധി പറയവെ കോടതി വ്യക്തമാക്കിയത്. പെയ്ഡ് ന്യൂസ് കേസുകളില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് നടപടിയെടുക്കാന്‍ അധികാരമില്ലെന്ന ചവാന്റെയും മധുകോഡയുടെയും വാദം കോടതി നിരാകരിക്കുകയും ചെയ്തു.
തിരഞ്ഞെടുപ്പുകളിലും രാഷ്ട്രീയ പ്രചാരണവുമായി ബന്ധപ്പെട്ടും മാത്രമല്ല പെയ്ഡ് ന്യൂസുകള്‍ പ്രത്യക്ഷപ്പെടുന്നത്. കച്ചവട താത്പര്യം മുന്‍നിര്‍ത്തി കോര്‍പറേറ്റുകളും വന്‍കിട കമ്പനികളും പെയ്ഡ് ന്യൂസുകള്‍ നല്‍കുന്നതിന് മാധ്യമങ്ങളുമായി കരാറുകളുണ്ടാക്കാറുണ്ട്. ടൈംസ് ഓഫ് ഇന്ത്യയുടെ പ്രസാധകരായ ബെന്നറ്റ് കോള്‍മാന്‍ ആന്‍ഡ് കമ്പനി പെയ്ഡ് ന്യൂസുകള്‍ക്ക് സ്ഥലം അനുവദിക്കുന്നതിന് നുറില്‍ പരം കമ്പനികളുമായി കരാറുണ്ടാക്കിയതായും ഇതിന് പ്രതിഫലമായി അദ്ദേഹത്തിന് പ്രസ്തുത കമ്പനികളില്‍ ഷെയര്‍ നല്‍കിയിരുന്നതായും ഇന്ത്യനമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ ആകാശ് കപൂര്‍ എഴുതിയിരുന്നു. പരസ്യങ്ങള്‍ വാര്‍ത്തയെന്ന രൂപേണ പ്രസിദ്ധീകരിച്ചു തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ മാര്‍ക്കറ്റുണ്ടാക്കുന്നതിനാണ് കമ്പനികള്‍ ഈ തന്ത്രം പ്രയോഗിക്കുന്നത്.
കേരളവും തമിഴ്‌നാടും തമ്മിലുള്ള നദീജലത്തര്‍ക്കത്തില്‍ ചില മലയാള പത്രങ്ങളില്‍ തമിഴ്‌നാടിന് അനുകൂലമായി വന്ന വാര്‍ത്തകള്‍ പെയ്ഡ് ന്യൂസായിരുന്നുവെന്ന് ഇന്റലിജന്‍സ് മേധാവി ടി പി സെന്‍കുമാര്‍ ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒരു തമിഴ്‌നാട് ഉദ്യോഗസ്ഥന്‍ കേരള തീരുമാനങ്ങള്‍ ചോര്‍ത്തുന്നുവെന്നും ഇയാള്‍ പത്രങ്ങളെ വിലക്കെടുത്ത് വാര്‍ത്തകള്‍ പടച്ചുവിടുകയാണെന്നും സെന്‍കുമാര്‍ കണ്ടെത്തിയെങ്കിലും മുന്‍നിര പത്രങ്ങളായതിനാല്‍ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമായില്ല. മാത്രമല്ല, ഇതെക്കുറിച്ചു ചീഫ് സെക്രട്ടരിയെക്കൊണ്ട് ഒരു അന്വേഷണം നടത്തിപ്പിച്ചു പ്രസ്തുത പത്രങ്ങള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കി അവയുടെ മുഖം രക്ഷിക്കുകയും ചെയ്തു. കുത്തക പത്രങ്ങള്‍ക്കു പകരം ചെറുകിട പത്രങ്ങള്‍ക്കോ സാധാരണ പൗരനു നേരെയോ ആയിരുന്നു ഇത്തരമൊരു ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വന്നതെങ്കില്‍ എന്തൊരു പുകിലാകുമായിരുന്നു! പണത്തിന് വേണ്ടി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പക്കുന്ന വാര്‍ത്തകള്‍ നല്‍കുന്ന പ്രവണത ജനാധിപത്യത്തിന്റെ നാലാം തൂണെന്നവകാശപ്പെടുന്ന മാധ്യമ മേഖലക്ക് അപമാനമാണ്. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായാലും കച്ചവട താത്പര്യം മുന്‍കണ്ടാണെങ്കിലും ഇത് ഭൂഷണമല്ല. നിയമനിര്‍മാണമുള്‍പ്പെടെ ശക്തമായ നടപടികളിലൂടെ ഇത് തടയേണ്ടതാണ്.