Connect with us

National

യുവതിയെ നിരീക്ഷിച്ച സംഭവം മോദിക്കെതിരെ അന്വേഷണം ഇല്ലെന്ന് കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി: യുവതിയെ പോലീസ് സംവിധാനം ഉപയോഗിച്ച് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി നിരീക്ഷിച്ചുവെന്ന പരാതിയില്‍ അന്വേഷണം നടത്തുന്നതില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറുന്നു. യുവതിയെ ഔദ്യോഗിക സംവിധാനമുപയോഗിച്ച് നിരീക്ഷിച്ച സംഭവത്തില്‍ മോദിക്കെതിരായ കേസില്‍ അന്വേഷണം നടത്താന്‍ ജഡ്ജിയെ നിയമിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാ ര്‍ അറിയിച്ചു. ഇക്കാര്യത്തിലുള്ള തീരുമാനം അടുത്ത സര്‍ക്കാറിന് വിട്ടുകൊടുക്കുന്നുവെന്നാണ് കേന്ദ്ര നിലപാട്. ഈ മാസം 16ന് വോട്ടെണ്ണിക്കഴിയുമ്പോഴേക്കും കേസില്‍ അന്വേഷണം നടത്താന്‍ ജഡ്ജിയെ നിയമിക്കുമെന്ന് കഴിഞ്ഞ ദിവസം നിയമ മന്ത്രി കപില്‍ സിബല്‍ പറഞ്ഞിരുന്നു. ഈ നിലപാട് തിരുത്തിക്കൊണ്ടാണ് യു പി എയുടെ പുതിയ നീക്കം.
യുവതിയെ നിരീക്ഷിച്ച സംഭവത്തില്‍ അന്വേഷണം മുന്നോട്ട് കൊണ്ടുപോകരുതെന്ന് യു പി എ ഘടക കക്ഷികളായ എന്‍ സി പിയും നാഷനല്‍ കോണ്‍ഫറന്‍സും ആവശ്യപ്പെട്ടിരുന്നു. അന്വേഷണത്തിന് ജഡ്ജിയെ നിയമിക്കാനുള്ള നീക്കത്തെ ഇരു പാര്‍ട്ടികളും പരസ്യമായിത്തന്നെ എതിര്‍ക്കുകയും ചെയ്തിരുന്നു. എന്‍ സി പി നേതാവ് ശരദ് പവാറും നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ലയുമാണ് ഇക്കാര്യത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തിയത്. സര്‍ക്കാറിന്റെ കാലാവധി അവസാനിക്കാനിരിക്കെ ഇങ്ങനെയൊരു തീരുമാനം പാടില്ലെന്ന് കഴിഞ്ഞ ദിവസം ഉമര്‍ ട്വിറ്ററില്‍ രേഖപ്പെടുത്തുകയും ചെയ്തു. പവാര്‍ പ്രധാനമന്ത്രിയെ ഫോണില്‍ വിളിച്ചാണ് തന്റെ വിയോജിപ്പ് അറിയിച്ചത്.
എന്നാല്‍, അന്വേഷണവുമായി മുന്നോട്ടുപോകുമെന്ന് നിലപാടിലായിരുന്നു കഴിഞ്ഞ ദിവസം വരെ കോണ്‍ഗ്രസ്. ഇക്കാര്യം കോണ്‍ഗ്രസ് വക്താവ് ശോഭാ ഓഝ വ്യക്തമാക്കിയതുമാണ്. പക്ഷേ, കോണ്‍ഗ്രസ് അവസാനം നാടകീയമായി ഈ തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകുകയായിരുന്നു.
അതേസമയം, തിരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പാക്കിയ കോണ്‍ഗ്രസ് പ്രതികാര മനോഭാവത്തോടെ പെരുമാറുകയാണെന്നായിരുന്നു ബി ജെ പിയുടെ പ്രതികരണം. സംസ്ഥാന സര്‍ക്കാര്‍ തന്നെ കമ്മീഷന്‍ അന്വേഷണവുമായി മുന്നോട്ടു പോകുമ്പോള്‍ കേന്ദ്രത്തിന്റെ അന്വേഷണം നിരര്‍ഥകമാണ്. എന്തു തന്നെയായാലും ഘടക കക്ഷികളില്‍ നിന്നു തന്നെ സര്‍ക്കാറിന്റെ നീക്കങ്ങള്‍ക്കെതിരെ പ്രതിഷേധമുണ്ടായിരിക്കുന്നത് അത്ഭുതപ്പെടുത്തുകയാണ്. മാത്രമല്ല, രണ്ടാഴ്ചക്കുള്ളില്‍ തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ഇത്തരം അന്വേഷണത്തിന്റെ ആവശ്യം തന്നെ ഉണ്ടാകില്ലെന്നും ബി ജെ പി അവകാശപ്പെടുന്നു.

 

Latest