പ്രശ്‌ന പരിഹാരത്തിന് യൂറോപ്യന്‍ യൂനിയന്‍ രംഗത്ത്

Posted on: May 5, 2014 11:31 pm | Last updated: May 5, 2014 at 11:31 pm

കീവ്: ഉക്രൈന്‍ പ്രശ്‌നപരിഹാരത്തിന് യൂറോപ്യന്‍ യൂനിയന്‍ പുതിയ സമാധാന ശ്രമത്തിന് ഒരുങ്ങുന്നു. രാജ്യം യുദ്ധത്തിലേക്ക് നീങ്ങുകയാണെന്ന താത്കാലി പ്രസിഡന്റിന്റെ പ്രഖ്യാപനത്തെ തുടര്‍ന്നാണ് യൂനിയന്‍ മുന്നിട്ടിറങ്ങിയത്. ഉക്രൈന്‍ രണ്ടാം ലോക മഹായുദ്ധ വിജയം ആഘോഷിക്കുന്ന മെയ് ഒമ്പതിന് രാജ്യത്ത് ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന കണക്കുകൂട്ടലില്‍ പ്രധാന റോഡുകളില്‍ കര്‍ശന പരിശോധന നടത്തുന്നുണ്ടെന്ന് പ്രധാനമന്ത്രി ഒലക്‌സാണ്ടര്‍ ടര്‍ക്കിനാവ് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റഷ്യന്‍ അധിനിവേശത്തെ നേരിടുന്നതിന് സൈന്യം സജ്ജമാകാനുള്ള മുന്നറിയിപ്പുകള്‍ നല്‍കിക്കഴിഞ്ഞു.
ആഭ്യന്തര ഒരുക്കങ്ങളെല്ലാം തുടങ്ങിക്കഴിഞ്ഞ സാഹചര്യത്തിലാണ് യൂറോപ്യന്‍ യൂനിയന്‍ സമാധാന ദൗത്യവുമായി രംഗത്തു വരുന്നത്. യൂനിയന്‍ ഓര്‍ഗനൈസേഷന്‍ സുരക്ഷാ പ്രതിനിധി ദിദീര്‍ ബര്‍ഖാതര്‍ ഇതിന്റെ ഭാഗമായി മോസ്‌കോയില്‍ പര്യടനം നടത്തി. കീവ് ഭരണാധികാരികളും വിമതരും തമ്മിലുള്ള സംഘര്‍ഷത്തിന് അയവ് വരുത്താനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കിഴക്കില്‍ സ്ലാവിയാന്‍സ്‌ക് മേഖലയില്‍ ഉക്രൈന്‍ സൈന്യം സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. തലസ്ഥാനമായ ഡോന്‍ടസ്‌കിനെ സൈന്യം വലയം ചെയ്തിട്ടുണ്ട്.
കിഴക്കന്‍ ഉക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ അനുകൂല പ്രക്ഷോഭകര്‍ പോലീസ് ആസ്ഥാനം ആക്രമിച്ചിരുന്നു. വെള്ളിയാഴ്ചത്തെ സംഘര്‍ഷത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ജനങ്ങള്‍ പോലീസ് ആസ്ഥാനത്തിന് മുന്നില്‍ തടിച്ചുകൂടുകയായിരുന്നു. കഴിഞ്ഞ ദിവസം ഇവിടെയുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ മരിച്ചിരുന്നു. വിമതര്‍ തമ്പടിച്ച ട്രേഡ് യൂനിയന്‍ കെട്ടിടത്തിന് പുറത്തു നിന്ന് തീ വെച്ചതിനെ തുടര്‍ന്നാണ് നിരവധി പേര്‍ മരിച്ചത്. താത്കാലിക പ്രധാനമന്ത്രി ആഴ്‌സെനി യാത്‌സെന്‍യൂക്, ഒഡേസ സന്ദര്‍ശിച്ച് സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഘര്‍ഷം തടയാന്‍ അധികൃതര്‍ ഒന്നും ചെയ്തില്ലെന്നും നിഷ്‌ക്രിയരായി നിന്നതിനാല്‍ എളുപ്പത്തില്‍ നിയമലംഘനമുണ്ടായതായും പ്രധാനമന്ത്രി കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. ഉക്രൈനിനെ തകര്‍ക്കാന്‍ റഷ്യ ആവിഷ്‌കരിച്ച ഗൂഢ തന്ത്രമാണിതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.