സ്‌കൂള്‍ തുറക്കും മുമ്പേ പാഠപുസ്തകത്തെക്കുറിച്ച് വിവാദം

Posted on: May 5, 2014 11:25 pm | Last updated: May 5, 2014 at 11:25 pm

schoolപാലക്കാട്: അധ്യയന വര്‍ഷം തുടങ്ങുമുമ്പേ പാഠപുസ്തകത്തെ ക്കുറിച്ച് വിവാദം. കോണ്‍ഗ്രസ് അധ്യാപക സംഘടനയായ കെ പി എസ് ടി യുയാണ് പാഠ പുസ്തകത്തിന്റെ നിലവാരത്തെക്കുറിച്ച് പരാതിയുമായി വിദ്യാഭ്യാസ വകുപ്പിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. പുതിയ പാഠപുസ്തകങ്ങളുടെ അച്ചടി നിലവാരവും കടലാസുകള്‍ക്ക് ഗുണനിലവാരം ഒട്ടുമില്ലെന്ന് അധ്യാപക സംഘടന കുറ്റപ്പെടുത്തുന്നു. പലയിടത്തും അക്ഷരങ്ങളും തെളിയുന്നില്ല. പാഠപുസ്തക അച്ചടിയില്‍ അഴിമതിയുണ്ടെന്നും സംഘടന കുറ്റപ്പെടുത്തുന്നുണ്ട്. അഞ്ചാം ക്ലാസിലെ മലയാളം പാഠപുസ്തകം. തേനൂറും മലയാളം എന്നാണ് ആദ്യ അധ്യായത്തിന്റെ പേര്. പക്ഷേ പുസ്തകം കണ്ടാല്‍ കുട്ടികളും അധ്യാപകരും തുറന്ന് നോക്കാന്‍ പോലും പറ്റാത്ത തരത്തിലാണ് പുസ്തകത്തിന്റെ നിര്‍മാണം. ചില പേജുകള്‍ക്ക് ഫോട്ടോസ്റ്റാറ്റ് കോപ്പിക്ക് തുല്യമാണെന്നും അക്ഷരങ്ങള്‍ വായിക്കാന്‍ഭൂതക്കണ്ണാടിയും മതിയാകില്ലെന്നും അധ്യാപക സംഘടന കുറ്റപ്പെടുത്തുന്നു.

1,3,5,7,11 ക്ലാസുകളിലാണ് ഈ വര്‍ഷം മുതല്‍ പുതിയ പുസ്തകങ്ങള്‍ നിലവില്‍ വരുന്നത്. ഒന്നാം ക്ലാസിലെ പുസ്തകത്തിന്റെ നിറം കൊടുക്കേണ്ട ഭാഗങ്ങളുമുണ്ട്. പക്ഷെ ഈ പുസ്തകത്തില്‍ നിറം കൊടുത്താല്‍ അടുത്ത പേജ് വായിക്കാന്‍ പോലും സാധിക്കില്ല. പുസ്തകങ്ങള്‍ 80 ജി എസ്എം ബ്ലീച്ച്ഡ് കടലാസ് തന്നെ അച്ചടിക്ക് വേണമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ ശിപാര്‍ശ.
പക്ഷെ കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് സൊസൈറ്റി അച്ചടിച്ചത് അതിലും ഗുണ നിലവാരം കുറഞ്ഞ കടലാസിലാണെന്നാണ് പരാതി. സ്‌റ്റേഷനറി വകുപ്പ് തന്നെ കടലാസിലായിരുന്നു അച്ചടിയെന്നാണ് കെ ബി പി എസ് വാദിക്കുന്നത്. പരാതികളുടെ അടിസ്ഥാനത്തില്‍ അച്ചടി വകുപ്പും അന്വേഷണം തുടങ്ങിയെന്നും പക്ഷെ വിതരണം തുടങ്ങിയ പുസ്തകങ്ങള്‍ ഈ വര്‍ഷം ഇനി മാറ്റാനാകില്ലെന്നുമാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം.
അതേ സമയം അധ്യാപക പാക്കേജ് അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നതായും അധ്യാപക സംഘടന കുറ്റപ്പെടുത്തുന്നു. മന്ത്രിസഭയിലെ അഞ്ച് പ്രഗത്ഭ മന്ത്രിമാരടക്കം ഉന്നത ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി 2011ല്‍ പുറത്തിറക്കിയ ഉത്തരവ് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും നടപ്പാക്കാന്‍ കഴിയാതിരിക്കുന്നത് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ കൊടു കാര്യസ്ഥതയും ഗൂഢാലോചനയുടെയും ഫലമാണെന്ന് സംഘടന കുറ്റപ്പെടുത്തുന്നു.