മരുന്നെത്താന്‍ വൈകും; ടെന്‍ഡര്‍ നല്‍കുമെന്ന് മെഡി. കോര്‍പറേഷന്‍

Posted on: May 5, 2014 11:15 pm | Last updated: May 5, 2014 at 11:15 pm

medicines

കോഴിക്കോട്: സംസ്ഥാനത്ത് അനുഭവപ്പെടുന്ന രൂക്ഷമായ മരുന്ന് ക്ഷാമത്തിന് പരിഹാരം കാണാന്‍ ഇനിയും നടപടികളായില്ല. ഈ മാസം പത്തിനു ശേഷം കമ്പനികള്‍ക്ക് ടെന്‍ഡര്‍ നല്‍കാനാണ് സര്‍ക്കാര്‍ ആശുപത്രികളിലേക്ക് മരുന്ന് വിതരണം ചെയ്യുന്ന മെഡിക്കല്‍ കോര്‍പറേഷന്‍ ആലോചിക്കുന്നത്. ഒരു മാസമായി വിതരണം താളം തെറ്റിയ സംസ്ഥാനത്ത് വൈകി ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുന്നത് മരുന്ന് ആശുപത്രികളിലേക്കെത്താന്‍ ഇനിയും ഏറെ വൈകുന്നതിന് കാരണമാകും. ചില മരുന്നുകള്‍ക്ക് ക്ഷാമം നേരിടുന്നുണ്ടെന്നും ഇത് പരിഹരിക്കാന്‍ വേഗത്തിലുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും മെഡിക്കല്‍ കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ കമലാഹര്‍ പറഞ്ഞു. ഈ മാസം പത്തിന് ശേഷം ലഭ്യമല്ലാത്ത മരുന്നുകള്‍ക്കായി കമ്പനികള്‍ക്ക് ടെന്‍ഡര്‍ നല്‍കുമെന്നും ഇതോടെ മരുന്ന് ക്ഷാമം പരിഹരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ജൂലൈ പതിനഞ്ചിന് ശേഷമേ മരുന്ന് വിതരണം ചെയ്യാനാകൂ എന്നും അതുവരെ നിലവിലുള്ള സ്റ്റോക്ക് ഉപയോഗപ്പെടുത്തണമെന്നും ജില്ലാതല വെയര്‍ഹൗസുകള്‍ക്ക് ബന്ധപ്പെട്ടവര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജീവന്‍രക്ഷാ മരുന്നുകളും ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള മരുന്നുകളും ഒരു പോലെ സംസ്ഥാനത്ത് ലഭ്യമല്ലാത്ത സാഹചര്യമാണുള്ളത്. മെഡിക്കല്‍ കോര്‍പറേഷന് മരുന്ന് വിതരണം ചെയ്യുന്ന കമ്പനികള്‍ ജൂലൈ പതിനഞ്ച് വരെ മരുന്നുകള്‍ വിതരണം ചെയ്യേണ്ടതില്ലെന്ന് തീരുമാനിച്ചതാണ് ഗുരുതരമായ ഈ പ്രതിസന്ധിക്ക് കാരണമായത്.
കാലവര്‍ഷം തുടങ്ങുന്ന ജൂണ്‍, ജൂലൈ മാസങ്ങളിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നത്. ഈ സമയത്ത് മരുന്നുകള്‍ ലഭ്യമല്ലാത്തത് ഗുരുതരമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുക. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് റഫര്‍ ചെയ്യുന്ന താലൂക്ക് ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍, ജനറല്‍ ആശുപത്രികള്‍ എന്നിവിടങ്ങളിലെല്ലാം മരുന്ന് ക്ഷാമം അനുഭവപ്പെടുന്നുണ്ട്.