കരാര്‍ തീര്‍ന്നാല്‍ വിദേശികളെ തൊഴില്‍ മാറാന്‍ അനുവദിക്കാന്‍ നീക്കം

Posted on: May 5, 2014 6:33 pm | Last updated: May 5, 2014 at 6:33 pm

constructionജിദ്ദ: തൊഴില്‍ കരാര്‍ കാലാവധി അവസാനിക്കുന്ന മുറക്ക് വിദേശ തൊഴിലാളികളെ സ്‌പോണ്‍സറുടെ അനുമതി കൂടാതെ തന്നെ തൊഴില്‍ മാറാന്‍ അനുവദിക്കുന്ന നിയമം നടപ്പാക്കുന്നതിന് തൊഴില്‍ മന്ത്രാലയത്തിന്റെ നീക്കം. സ്വകാര്യ സ്ഥാപന ഉടമകള്‍ക്കും വ്യവസായികള്‍ക്കും അഭിപ്രായ നിര്‍ദേശങ്ങള്‍ പ്രകടിപ്പിക്കുന്നതിന് നിര്‍ദിഷ്ട നിയമം തൊഴില്‍ മന്ത്രാലയത്തിന്റെ പോര്‍ട്ടലില്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്. തൊഴിലുടമകളുടെ അഭിപ്രായ, നിര്‍ദേശങ്ങള്‍ കണക്കിലെടുത്ത് ആവശ്യമായ ഭേദഗതികള്‍ വരുത്തി ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇത് നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഇതനുസരിച്ച് തൊഴില്‍ കരാര്‍ കാലാവധി പൂര്‍ത്തിയാകുന്ന മുറക്ക് വിദേശികള്‍ക്ക് ആദ്യ തൊഴിലുടമയുടെ അനുമതി കൂടാതെ തന്നെ പുതിയ തൊഴിലുടമയിലേക്ക് മാറാന്‍ സാധിക്കും. രാജ്യത്തിനകത്ത് വിദേശ തൊഴിലാളികളുടെ തൊഴില്‍മാറ്റ സ്വാതന്ത്ര്യം വര്‍ധിപ്പിക്കാന്‍ പടിപടിയായുള്ള ഇളവുകള്‍ സഹായിക്കുമെന്ന് തൊഴില്‍ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. വിദഗ്ധ തൊഴിലാളികളുടെ സേവനം ലഭ്യമാക്കുന്നതിന് വേതനം ഉയര്‍ത്തി തൊഴിലുടമകള്‍ പരസ്പരം മത്സരിക്കാന്‍ ഇത് ഇടയാക്കും. വിദേശികളുടെ വേതനം ഉയര്‍ത്തുന്നത് തൊഴില്‍ വിപണിയില്‍ സഊദികളുടെ മത്സരക്ഷമത വര്‍ധിപ്പിക്കും. വിദേശികളുടെ കുറഞ്ഞ വേതനമാണ് നിലവില്‍ സഊദി വത്ക്കരണത്തിന് ഏറ്റവും വലിയ പ്രതിബന്ധം. കുറഞ്ഞ വേതനം മൂലം സ്വകാര്യ മേഖല സഊദികളെ അപേക്ഷിച്ച് വിദേശികള്‍ക്ക് മുന്‍ഗണന നല്‍കുകയാണ്.
കരാര്‍ കാലാവധി കഴിയുന്ന മുറക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറാന്‍ വിദേശികളെ അനുവദിക്കുന്നതോടൊപ്പം തൊഴിലുടമകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും തൊഴില്‍ മന്ത്രാലയം നടപടിയെടുക്കും. തൊഴിലുടമയുടെ അനുമതി കൂടാതെയുള്ള സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം വ്യവസ്ഥകള്‍ ബാധകമാക്കി നിയന്ത്രിക്കും. തൊഴില്‍ വിപണിയില്‍ വിദേശ തൊഴിലാളികളുടെ നീക്കം കൂടുതല്‍ സുഗമമാക്കാനാണ് ഇതിലൂടെ തൊഴില്‍ മന്ത്രാലയം ലക്ഷ്യമിടുന്നത്. വിദേശികള്‍ക്കുമേലുള്ള തൊഴിലുടമകളുടെ നിയന്ത്രണം കുറക്കാനും ഇത് സഹായിക്കും.
പച്ച, പ്ലാറ്റിനം വിഭാഗം സ്ഥാപനങ്ങളിലെ തൊഴിലാളികളെ മാത്രമേ കരാര്‍ കാലാവധി പൂര്‍ത്തിയായ ശേഷം തൊഴിലുടമയുടെ അനുമതി കൂടാതെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ അനുവദിക്കുകയുള്ളൂവെന്ന് ഇതുമായി ബന്ധപ്പെട്ട കരടു വ്യവസ്ഥ പറയുന്നു. പച്ച, പ്ലാറ്റിനം വിഭാഗം സ്ഥാപനങ്ങളിലേക്കു മാത്രമേ സ്‌പോണ്‍സര്‍ഷിപ്പ് മാറാനും അനുവദിക്കുകയുള്ളു. തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുക്കുന്ന സ്ഥാപനങ്ങള്‍ക്ക്, വിദേശത്തുനിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് വിസ ലഭിക്കുന്നതിന് അര്‍ഹതയുണ്ടായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. തൊഴില്‍ കരാര്‍ കാലാവധി വിദേശികള്‍ പൂര്‍ത്തിയാക്കിയിരിക്കണം. തൊഴില്‍ കരാറില്‍ കാലാവധി പ്രത്യേകം നിശ്ചയിച്ചിട്ടില്ലെങ്കില്‍ വര്‍ക്ക് പെര്‍മിറ്റ് കാര്‍ഡിന്റെ കാലാവധി തൊഴില്‍ കരാര്‍ കാലാവധിയായി കണക്കാക്കും. സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുക്കുന്നതിന് പച്ച, പ്ലാറ്റിനം സ്ഥാപനങ്ങള്‍ അപേക്ഷ സമര്‍പ്പിക്കണം. സ്‌പോണ്‍സര്‍ഷിപ്പ് മാറ്റി മൂന്നു മാസത്തേക്ക് വിദേശിക്ക് റീ എന്‍ട്രിയോ എക്‌സിറ്റ് വിസയോ നല്‍കില്ല എന്നതിന് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റ അപേക്ഷക്കൊപ്പം പുതിയ തൊഴിലുടമ രേഖാമൂലം ഉറപ്പു നല്‍കണമെന്നും നിബന്ധനയുണ്ട്. ഈ കാലയളവിനുള്ളില്‍ രാജ്യം വിടാന്‍ വിദേശികളെ അനുവദിക്കുകയാണെങ്കില്‍ അവരുടെ മേലുള്ള സാമ്പത്തിക ബാധ്യതകള്‍ പുതിയ തൊഴിലുടമ വഹിക്കേണ്ടിവരും. ഈ തീരുമാനം പ്രയോജനപ്പെടുത്തി സ്‌പോണ്‍സര്‍ഷിപ്പ് മാറ്റുന്ന തൊഴിലാളികളുമായി തൊഴില്‍ തര്‍ക്കങ്ങളുണ്ടെങ്കില്‍ പഴയ തൊഴിലുടമക്ക് അവര്‍ക്കെതിരെ ലേബര്‍ കോടതിയില്‍ കേസ് നല്‍കാന്‍ അവകാശമുണ്ടാകും.