കൊറോണ: ആരോഗ്യ മന്ത്രാലയം കാമ്പയിന്‍ തുടങ്ങും

Posted on: May 5, 2014 6:30 pm | Last updated: May 5, 2014 at 6:30 pm

virusജിദ്ദ: കൊറോണ വൈറസ് ബാധയെ കുറിച്ച് വ്യാപകമായ ബോധവത്ക്കരണ കാമ്പയിന്‍ നടത്താന്‍ ആരോഗ്യ മന്ത്രാലയം ആലോചിക്കുന്നതായി ആക്ടിംഗ് ആരോഗ്യ മന്ത്രി എന്‍ജിനീയര്‍ ആദില്‍ ഫഖീഹ് വെളിപ്പെടുത്തി. ദിവസങ്ങള്‍ക്കുള്ളില്‍ മാധ്യമങ്ങളിലൂടെ കാമ്പയിന്‍ ആരംഭിക്കും. രോഗത്തെയും രോഗം പടര്‍ന്നുപിടിക്കുന്ന മാര്‍ഗങ്ങളെയും രോഗബാധ അകറ്റിനിര്‍ത്തുന്നതിനെയും കുറിച്ച് സമൂഹത്തെ ബോധവത്ക്കരിക്കാന്‍ ലക്ഷ്യമിട്ടാണ് കാമ്പയിന്‍ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യ സേവന സമിതിയുടെ അടിയന്തര യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ വകുപ്പുകളും ആരോഗ്യ മന്ത്രാലയവും തമ്മില്‍ പതിവായി സഹകരിക്കുന്നതിനെ കുറിച്ച് വിവിധ വകുപ്പുകള്‍ക്കു കീഴിലെ ആരോഗ്യ മേഖലാ മേധാവികളുമായും ഉന്നത വിദ്യാഭ്യാസ, ആഭ്യന്തര, വിദ്യാഭ്യാസ മന്ത്രാലയങ്ങളുടെയും സ്വകാര്യ ആരോഗ്യ മേഖലയുടെയും പ്രതിനിധികളുമായും യോഗത്തില്‍ ചര്‍ച്ച ചെയ്തു. കൊറോണ നിയന്ത്രണ വിധേയമാക്കുന്നതിനെ കുറിച്ച് യോഗം വിശകലനം ചെയ്തു.
രോഗവ്യാപനം തടയുന്നതിന് ബന്ധപ്പെട്ട എല്ലാ വകുപ്പുകളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. കൊറോണയെ കുറിച്ച് അധ്യാപകരെയും വിദ്യാര്‍ഥികളെയും ബോധവത്ക്കരിക്കുന്നതില്‍ വിദ്യാഭ്യാസ മന്ത്രാലയവുമായി ഏകോപനത്തോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. രോഗവ്യാപനം തടയുന്നതിന് നടത്തുന്ന ശ്രമങ്ങള്‍ തിരുഗേഹങ്ങളുടെ സേവകന്‍ അബ്ദുല്ല രാജാവും കിരീടാവകാശി സല്‍മാന്‍ രാജകുമാരനും ഡെപ്യൂട്ടി കിരീടാവകാശി മുഖ്‌രിന്‍ രാജകുമാരനും നേരിട്ട് നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. അതിനിടെ, സഊദിയില്‍ ഏഴുപേര്‍ക്ക് കൂടി കൊറോണ ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. റിയാദില്‍ നാലു പേര്‍ക്കും ജിദ്ദയില്‍ മൂന്നുപേര്‍ക്കുമാണ് പുതുതായി രോഗം ബാധിച്ചത്.