വിവാദമായി ഷാനിമോളുടെ കത്ത്; അന്വേഷിക്കാന്‍ ഉപസമിതി

Posted on: May 5, 2014 5:35 pm | Last updated: May 6, 2014 at 6:30 pm

vm sudheeran

തിരുവനന്തപുരം: ബാര്‍ ലൈസന്‍സ് വിവാദത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ പുതിയ വിവാദത്തിന് തുടക്കമിട്ട് കെ പി സി സി അധ്യക്ഷനെതിരെ രൂക്ഷ വിമര്‍ശമുന്നയിച്ച് മഹിളാ കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്റെ കത്ത്. കത്തിന് പിന്നാലെ ഇതേച്ചൊല്ലി പ്രതികരണവും വെല്ലുവിളികളുമായി വിവാദം കൊഴുക്കുകയാണ്. പാര്‍ട്ടി യോഗത്തില്‍ താക്കീത് ചെയ്തതിലുള്ള അതൃപ്തി അറിയിച്ചാണ് ഷാനിമോള്‍ ഉസ്മാന്‍ കെ പി സി സി നേതൃത്വത്തിന് കത്തയച്ചത്. അപ്രിയസത്യങ്ങള്‍ പാര്‍ട്ടി വേദിയില്‍ പറയുന്നവരെ അച്ചടക്കത്തിന്റെ വടിവാള്‍ ഉയര്‍ത്തി ഒതുക്കാന്‍ ശ്രമിക്കരുതെന്ന് വ്യക്തമാക്കി കെ പി സി സിക്ക് ഷാനിമോള്‍ ഉസ്മാന്‍ അയച്ച കത്ത് പുറത്തായതോടെ പരസ്യ മറുപടിയുമായി വി എം സുധീരന്‍ രംഗത്തെത്തി. കത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാനായി കെ പി സി സി ഉപാധ്യക്ഷന്‍ എം എം ഹസന്‍ കണ്‍വീനറായി ലാലി വിന്‍സന്റ്, പി എം സുരേഷ്ബാബു എന്നിവരടങ്ങിയ ഉപസമിതിയെ നിയോഗിച്ചിട്ടുണ്ട്.
കെ പി സി സി നിര്‍വാഹക സമിതിയില്‍ കെ സി വേണുഗോപാലിനെതിരായ വിമര്‍ശത്തിന് താക്കീത് ചെയ്തതിന് മറുപടിയായി ഷാനിമോള്‍ നല്‍കിയ കത്തില്‍ വി എം സൂധീരനെ രൂക്ഷമായാണ് വിമര്‍ശിക്കുന്നത്. സ്വന്തം പ്രതിച്ഛായ വളര്‍ത്താന്‍ സുധീരന്‍ മറ്റുള്ളവരെ ചവിട്ടിത്താഴ്ത്തുകയാണെന്നും യഥാര്‍ഥ അച്ചടക്കലംഘനം നടത്തിയത് കെ പി സി സി പ്രസിഡന്റാണെന്നും ഷാനിമോള്‍ ആരോപിക്കുന്നു. നിര്‍വാഹക സമിതി യോഗത്തില്‍ സുധീരന്‍ തന്നെ അവഹേളിച്ചു. തനിക്കുള്ള താക്കീത് മാധ്യമങ്ങളിലൂടെ നല്‍കിയത് അച്ചടക്കലംഘനമല്ലേയെന്നും ഷാനിമോള്‍ ചോദിച്ചു. പാര്‍ട്ടി വേദികളിലും പുറത്തും രൂക്ഷ വിമര്‍ശം നടത്തി പാര്‍ട്ടിയെയും സര്‍ക്കാറിനെയും പലപ്പോഴും പ്രതിസന്ധിയില്‍ ആക്കിയിട്ടുള്ള സുധീരന് വിമര്‍ശിക്കരുതെന്ന് പറയാന്‍ ധാര്‍മിക അവകാശമില്ല. മുഖ്യമന്ത്രി ഏജന്റുമാരെ വെച്ച് ഭരണം നടത്തുന്നുവെന്ന് വിമര്‍ശിച്ചയാള്‍ ഇപ്പോള്‍ വിമര്‍ശത്തോട് സഹിഷ്ണുത കാണിക്കാത്തത് എന്തുകൊണ്ടാണ്? പാര്‍ട്ടി ഫോറത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ തെറ്റില്ല, അതില്‍ ഉറച്ചുനില്‍ക്കുന്നു. വിമര്‍ശിക്കുമ്പോള്‍ തെളിവ് വേണമെന്ന പ്രസിഡന്റിന്റെ വാദത്തോട് യോജിപ്പില്ല. അപ്രിയ സത്യങ്ങള്‍ പറയുമ്പോള്‍ ചവിട്ടിമെതിക്കുകയും അച്ചടക്കത്തിന്റെ വടിവാളോങ്ങുകയും ചെയ്യുന്നത് ശരിയല്ല. താന്‍ പാര്‍ട്ടി വേദികളില്‍ പറഞ്ഞ കാര്യം ചിലര്‍ പുറത്തു ചോര്‍ത്തി നല്‍കി. ഏകോപന സമിതി കൂടുന്നതിനു മുമ്പു തന്നെ വാര്‍ത്ത മാധ്യമങ്ങളിലെത്തിച്ചത് പാര്‍ട്ടിക്കുള്ളിലെ സുധീരന്റെ പ്രതിപുരുഷനാണെന്നും ഷാനിമോള്‍ ആരോപിച്ചു. സംഘടനാ മര്യാദ വെച്ച് താക്കീത് അംഗീകരിക്കുന്നതായും ഷാനിമോള്‍ കത്തില്‍ പറയുന്നു.
അതേസമയം, ഷാനിമോളുടെ കത്തിലെ ആരോപണങ്ങളെ പാടെ തള്ളിയ സുധീരന്‍, മത്സരിക്കാന്‍ അവസരം കിട്ടിയില്ലെന്ന കാരണത്താല്‍ സ്ഥാനാര്‍ഥിയായ കെ സി വേണുഗോപാലിനെതിരെ ദോഷകരമായ സമീപനമാണ് അവര്‍ സ്വീകരിച്ചതെന്നും ആരോപിച്ചു. ഇതുസംബന്ധിച്ച് ആലപ്പുഴ ഡി സി സി പരാതി ഉന്നയിച്ചതിന് പിന്നാലെ കെ പി സി സി നിര്‍വാഹക സമിതിയിലും വേണുഗോപാലിനെ സരിതയുമായി ബന്ധപ്പെടുത്തി അവര്‍ അഭിപ്രായപ്രകടനം നടത്തിയിരുന്നു. രാഷ്ട്രീയ എതിരാളികള്‍ പോലും പറയാത്ത പരാമര്‍ശം വന്നപ്പോള്‍ താന്‍ വിലക്കുകയായിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി ചര്‍ച്ച നടത്തി പൊതുവികാരത്തിന്റെ അടിസ്ഥാനത്തിലാണ് താന്‍ അഭിപ്രായം പറഞ്ഞത്. അവര്‍ക്കു മത്സരിക്കാന്‍ അവസരം നല്‍കണമെന്ന് ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ ആവശ്യപ്പെട്ടത് താന്‍ മാത്രമാണ്. സീറ്റ് കിട്ടാത്ത അന്നു മുതല്‍ അവര്‍ വിമര്‍ശിക്കുന്നത് തന്നെ മാത്രമാണ്. സീറ്റ് കൊടുക്കുന്നത് എത്രയോ ഘടകങ്ങളെ ആശ്രയിച്ചാണ്. ഇതു യോഗത്തില്‍ ചൂണ്ടിക്കാട്ടിയതു എങ്ങനെ അവഹേളനമാകുമെന്ന് സുധീരന്‍ ചോദിക്കുന്നു.
ഷാനിമോളുടെ ഇടപെടല്‍ മദ്യനയം പോലെ പ്രധാനപ്പെട്ട വിഷയങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള സംഘടിതമായ ഗൂഢാലോചനയുടെ ഭാഗമാണോയെന്ന് സംശയമുണ്ട്. നിലപാടുകളില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമം നടത്തുന്നവരുടെ കൈയിലെ കരുവാണോ അവരെന്ന് സംശയിക്കുന്നതായും വി എം സുധീരന്‍ പറഞ്ഞു. അതിനിടെ, മറുപടിയുമായി ഷാനിമോള്‍ വീണ്ടും രംഗത്തെത്തി. താന്‍ മദ്യലോബിയുടെ ഭാഗമാണെന്നും മറ്റുമുള്ള ആരോപണം തെളിയിക്കേണ്ട ബാധ്യത സുധീരനുണ്ട്. അദ്ദേഹത്തിന്റെ പ്രസ്താവന തന്റെ പൊതുജീവിതത്തെയും കുടുംബ ജീവിതത്തെയും തകര്‍ക്കുന്നതാണെന്നും ഷാനിമോള്‍ പറഞ്ഞു.
ഇതിനിടെ, ഷാനിമോള്‍ ഉസ്മാനെതിരെ കോണ്‍ഗ്രസ് വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താനും രംഗത്തെത്തി. കെ സി വേണുഗോപാലിനെതിരെ ഷാനിമോള്‍ ഉന്നയിച്ച ആരോപണം അനവസരത്തിലുള്ളതാണ്. കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്നത് പ്രതിച്ഛായാ മത്സരമാണ്. കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും ഉണ്ണിത്താന്‍ അവകാശപ്പെട്ടു.