Connect with us

Gulf

വായനയും എഴുത്തും മൂല്യവത്താകണം: കോടമ്പുഴ ബാവ മുസ്‌ലിയാര്‍

Published

|

Last Updated

അബൂദാബി: ഇസ്‌ലാമിനെയും മുസ്‌ലിംകളേയും പ്രതിലോമ ശക്തികള്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും ഗ്രന്ഥകാരനുമായ കോടമ്പുഴ ബാവ മുസ്‌ലിയാര്‍ പറഞ്ഞു. അബുദാബി ഇന്റര്‍നാഷണല്‍ ബുക്ക്‌ഫെയറില്‍ അതിഥിയായെത്തിയ അദ്ദേഹം ദി ടെന്റില്‍ ഒരുക്കിയ സാഹിത്യ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു. ഖുര്‍ആന്‍ പഠിക്കാത്തവരാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. വിജ്ഞാനം ആയുധമാണ് മുന്‍കാല പൂര്‍വികര്‍ക്ക്. നാക്കും തൂലികയും ആയുധമാക്കി ലോകത്ത് സമാധാനത്തിന് വേണ്ടി പടപൊരുതിയവരായിരുന്നു അവര്‍. വായനക്ക് ഇസ്‌ലാം പ്രത്യേകം സ്ഥാനം നല്‍കിയിട്ടുണ്ട്. ഖുര്‍ആന്റെ ഒന്നാമത്തെ സന്ദേശം തന്നെ വായിക്കുക എന്നതാണ്. പേനയെക്കുറിച്ചും വായനയെക്കുറിച്ചും പ്രതിപാദിച്ചാണ് ഖുര്‍ആന്‍ അവതീര്‍ണമായത്.
അലക്ഷ്യമായ വായന ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നില്ല. ദിശ തെറ്റിയുള്ള വായനയും എഴുത്തും വിപത്തുകള്‍ ഉണ്ടാക്കും. അദ്ദേഹം പറഞ്ഞു. സമൂഹത്തിന് നിസ്തുലമായ പുരോഗതിയുണ്ടായത് ദിശാബോധത്തിലൂടെയുള്ള വായനയിലൂടെയാണ്. മനുഷ്യന്റെ സവിശേഷമായ തിരിച്ചറിവും ബുദ്ധിയും വായനയിലൂടെ മാത്രമെ വികസിക്കുകയുള്ളു.
മലയാളത്തിന്റെ മഹാകവി വള്ളത്തോള്‍ പറഞ്ഞത് മനുഷ്യന്‍ ബുദ്ധിയെന്ന ചിറക് കൊണ്ട് എത്ര പറന്നാലും വിജ്ഞാനമെന്ന മഹാലോകത്ത് മുഴുവനും സഞ്ചരിക്കുവാന്‍ കഴിയില്ല എന്നാണ്. വിജ്ഞാനം അത്രയും വലിയ മഹാ സാഗരമാണ്. മനുഷ്യന്റെ ഹ്രസ്വമായ ആയുഷ്‌കാലത്ത് വായിക്കപ്പെടുന്നത് നല്ല ഗ്രന്ഥങ്ങളായിരിക്കണം. യുനസ്‌കോയുടെ കണക്ക് പ്രകാരം പ്രതിവര്‍ഷം പുതിയ അഞ്ച് ലക്ഷത്തോളം പുസ്തകങ്ങള്‍ ലോകത്ത് ഇറങ്ങുന്നുണ്ട്. അതൊക്കെ വായിച്ച് തീര്‍ക്കാന്‍ നമുക്കാവില്ല. ലഭ്യമായ കുറഞ്ഞ സമയം മൂല്യമുള്ള ഗ്രന്ഥങ്ങള്‍ കണ്ടെത്തി വായിക്കുകയാണ് വേണ്ടത്. പരന്ന വായനക്ക് പകരം മൂല്യവത്തായ വായനക്കാണ് പ്രാമുഖ്യം നല്‍കേണ്ടത്. ഞാന്‍ പണ്ഡിതനാണെന്ന് തെറ്റിദ്ധരിക്കുന്നവരാണ് വലിയ നഷ്ടബാധിതര്‍. അദ്ദേഹം വ്യക്തമാക്കി.
അറബി ഭാഷ പഠിക്കുകയെന്ന ദൗത്യം ഓരോ മുസല്‍മാന്റെയും കടമയാണ്. ഖുര്‍ആന്‍ പഠിക്കണമെങ്കില്‍ അറബി ഭാഷ അറിഞ്ഞിരിക്കണം. പ്രതിയോഗികള്‍ പരിഭാഷ എഴുതി ഖുര്‍ആനിനെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഇന്ത്യയില്‍ ആദ്യം ഇസ്‌ലാം എത്തിയത് മലബാറിലായത് കൊണ്ടാണ് മലബാറില്‍ അറബി ഭാഷക്ക് ഏറ്റവും സ്വാധീനം ചെലുത്താന്‍ കഴിഞ്ഞത്. മലബാറില്‍ നിരവധി അറബി ഭാഷാ ഗ്രന്ഥകാരന്‍മാര്‍ ഉണ്ടായി. എന്നാല്‍, പൂര്‍വികര്‍ വായനക്ക് വേണ്ടി ഗ്രന്ഥങ്ങള്‍ തേടി മുന്‍കാലങ്ങളില്‍ ദേശാടനം തന്നെ നടത്തിയിട്ടുണ്ട്. സൗകര്യങ്ങളുണ്ടായിട്ടും പുതിയ തലമുറ വായനക്ക് പ്രാധാന്യം നല്‍കുന്നില്ല. വായനയില്ലാത്ത ലോകം വിഡ്ഡികളുടേതാണെന്നും അദ്ദേഹം പറഞ്ഞു. സിറാജ് ജന. മാനേജര്‍ ശരീഫ് കാരശ്ശേരി, ഡയറക്ടര്‍ ഹമീദ് ഈശ്വരമംഗലം, പ്രൊഫ. റിച്ചാര്‍ഡ് ഹെ  പ്രസംഗിച്ചു. പുസ്തകമേള ഇന്ന് സമാപിക്കും

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

Latest