Connect with us

Articles

എവുപ്രാസ്യമ്മയും മൗദൂദികളുടെ ആത്മീയ ചൂഷണവും

Published

|

Last Updated

കുര്യക്കോസച്ചന്റെയും എവുപ്രാസ്യമ്മയുടെയും ജോണ്‍ ഇരുപത്തിമൂന്നാമന്റെയും ജോണ്‍ പോള്‍ രണ്ടാമന്റെയും അത്ഭുത പ്രവൃത്തികളെക്കാള്‍ അത്ഭുതപ്പെടുത്തുന്നത് ഈ അത്ഭുത പ്രവര്‍ത്തികളെ ആഘോഷിക്കാനും ഇവര്‍ക്ക് കൈവന്ന വിശുദ്ധ പദവിയെ വായനക്കാരില്‍ എത്തിക്കാനും മൗദൂദികളുടെ മുഖപത്രം കാണിച്ച ആവേശവും ധൃതിയുമാണ്. മുസ്‌ലിം ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും സിംഗിള്‍ ഇന്‍വേര്‍ട്ടഡ് കോമയും ഡബിള്‍ ഇന്‍വേര്‍ട്ടഡ് കോമയുമിട്ട് തരാതരം പോലെ മതത്തില്‍ നിന്നു പുറത്താണ് എന്ന് ദ്യോതിപ്പിക്കാന്‍ മത്സരിക്കുന്നവര്‍ക്ക് എന്തുകൊണ്ടാണ് സെന്റ് പീറ്റേഴ്‌സ് ബസലിക്കക്കാരുടെ അത്ഭുത പ്രവൃത്തികളെ ഏറ്റവും കുറഞ്ഞത് ഒരു സിംഗിള്‍ ഇന്‍വേര്‍ട്ടഡ് കോമയില്‍ പോലും എഴുതാന്‍ കഴിയാതെ പോയത്? കേരളത്തിലെ പാരമ്പര്യ മുസ്‌ലിംകളുടെ ചരിത്രത്തെയും ആചാരങ്ങളെയും നേതാക്കളെയും കുറുക്കുവഴിയിലൂടെ സ്വന്തമാക്കാന്‍ ശ്രമിക്കുമ്പോഴും മുസ്‌ലിംകള്‍ വിശ്വസിക്കുന്ന വെളിയങ്കോട് ഉമര്‍ ഖാസിയുടെ ജയിലില്‍ മോചനവുമായി ബന്ധപ്പെട്ട അത്ഭുത പ്രവൃത്തിയെ പോലും അംഗീകരിക്കാന്‍ സൗമനസ്യം കാണിക്കാത്തവരും ഉമര്‍ ഖാസി ജയിലില്‍ നിന്ന് രക്ഷപ്പെട്ടത് കറാമത്തു (അത്ഭുത പ്രവൃത്തി) കൊണ്ടല്ല, മമ്പുറം തങ്ങള്‍ക്കു ബ്രിട്ടീഷ് പോലീസ് ഓഫീസര്‍മാരില്‍ ഉണ്ടായിരുന്ന സ്വാധീനം കൊണ്ടാണ് എന്ന് തട്ടിവിടുന്നവരുമാണ് എവുപ്രാസ്യമ്മയുടെ മുതല്‍ ജോണ്‍ ഇരുപത്തിമൂന്നമന്റെ വരെയുള്ളവരുടെ “കറാമാത്തുകള്‍” പാടിപ്പുകഴ്ത്തുന്നത് എന്നോര്‍ക്കണം. എന്താകാം മൗദൂദികളുടെയും സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ ഇരിക്കുന്നവരുടെയും താത്പര്യങ്ങളെ കൂട്ടിക്കെട്ടുന്ന ഘടകം?

കാര്‍മലൈറ്റ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സഭാ സ്ഥാപകന്‍ ചാവറ കുര്യാക്കോസ് ഏലിയാസച്ചനും വാഴ്ത്തപ്പെട്ട എവുപ്രാസ്യമ്മയും ചെയ്ത അത്ഭുത കൃത്യങ്ങള്‍ അംഗീകരിച്ചുകൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനത്തില്‍ 2014 ഏപ്രില്‍ മൂന്നിന് മാര്‍പ്പാപ്പ ഫ്രാന്‍സീസ്, വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലെ ആസ്ഥാനത്ത് ഒപ്പ് വെച്ചു. രണ്ട് പേരെയും കത്തോലിക്കാ സഭ വൈകാതെ വിശുദ്ധരായി പ്രഖ്യാപിക്കും എന്നും ഇതിനായുള്ള കര്‍ദിനാള്‍മാരുടെ യോഗം ജൂണില്‍ നടക്കുമെന്നും ഒക്ടോബറില്‍ വത്തിക്കാനില്‍ വെച്ചു നടക്കുന്ന സിനഡില്‍ വെച്ച് ഇരുവരെയും വിശുദ്ധരായി നാമകരണം ചെയ്യും എന്നുമാണ് വത്തിക്കാനില്‍ നിന്നുള്ള വാര്‍ത്ത. 1871 ജനുവരി മൂന്നിന് അന്തരിച്ച ചാവറ കുര്യാക്കോസ് അച്ചന്റെ മധ്യസ്ഥത വഴി പാലാ കൊട്ടാരത്തില്‍ ജോസിന്റെയും മേരിയുടെയും മകള്‍ മരിയയുടെ രണ്ട് കോങ്കണ്ണുകളും നേരെയായി എന്നതിനെയും 1952 ആഗസ്റ്റ് 29നു അന്തരിച്ച എവുപ്രാസ്യമ്മയുടെ മധ്യസ്ഥത വഴി ക്യാന്‍സറും തൈറോയിഡിനെ ബാധിച്ച രോഗവും സുഖപ്പെട്ടതായുമുള്ള റിപ്പോര്‍ട്ടുകളെ കത്തോലിക്കാ സഭയുടെ പരമോന്നത പുരോഹിതര്‍ അംഗീകരിച്ചതോടെയാണ് ഇരുവരും വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നത്.

കത്തോലിക്കാ സഭയുടെ ആചാരപ്രകാരം ഒരാളെ വിശുദ്ധനായി പ്രഖ്യാപിക്കാന്‍ ചില ചട്ടങ്ങളുണ്ട്. ചാവറ കുര്യാക്കോസച്ചനെ വിശുദ്ധനായി പ്രഖ്യാപിക്കാന്‍ സ്വീകരിച്ച ആ നടപടിക്രമങ്ങള്‍ ഏതാണ്ട് ഇപ്രകാരമാണ്; വിശുദ്ധ പദവിയിലേക്കുള്ള നാമകരണ നടപടികളുടെ ഭാഗമായി 2009 മെയ് 27നു റിപ്പോര്‍ട്ട് ചെയ്ത ചാവറ കുര്യാക്കോസച്ചന്റെ (മരിയയുടെ കൊങ്കണ്ണുകള്‍ നേരെയാക്കിയ)അത്ഭുത പ്രവൃത്തി അന്നത്തെ പോസ്റ്റുലേറ്റര്‍ ജനറല്‍ ഫാ. സെബസ്റ്റ്യന്‍ ആത്തപ്പള്ളി സഭാ പാരമ്പര്യം അനുസരിച്ചു പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനു സമര്‍പ്പിക്കുകയും അദ്ദേഹം നടത്തിയ അന്വേഷണത്തിനു ശേഷം കൂടുതല്‍ പഠനത്തിനായി ഒരു ട്രൈബ്യൂണലിനെ നിയമിക്കുകയും ചെയ്തു. ട്രിബ്യൂണലിന്റെ റിപ്പോര്‍ട്ട് പുതുതായി വന്ന പോസ്റ്റുലേറ്റര്‍ ജനറല്‍ ഫാ. ചെറിയാന്‍ തുണ്ടുപറമ്പില്‍ ന്യൂഡല്‍ഹിയിലെ വത്തിക്കാന്‍ സ്ഥാനപതി കാര്യാലയത്തിനു കൈമാറുകയും അവരതു വത്തിക്കാനിലെ നാമകരണ തിരുസംഘത്തിന് എത്തിക്കുകയും ചെയ്തു. പാലാ രൂപത തയ്യാറാക്കിയ റിപ്പോര്‍ട്ട് തുറക്കാന്‍ നാമകരണ തിരുസംഘം രണ്ട് മാസത്തിനു ശേഷം തീരുമാനിക്കുകയും രൂപത ട്രൈബ്യൂണലിന്റെ നടപടികള്‍ എല്ലാം ശരി വെച്ചുകൊണ്ടുള്ള പ്രഖ്യാപനം 2012 മെയില്‍ പുറപ്പെടുവിക്കുകയും ചെയ്തു. തുടര്‍ന്ന് ജൂണില്‍ വിശദമായ റിപ്പോര്‍ട്ട് തിരുസംഘത്തിന് കൈമാറി. തിരുസംഘം രണ്ട് ഡോക്ടര്‍മാരുടെ സംഘത്തെ വിശദ പഠനത്തിനായി നിയോഗിച്ചു. രണ്ട് പേരും അത്ഭുതം അംഗീകരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് വത്തിക്കാനിലെ തിരുസംഘത്തിന് നല്‍കി. ഈ റിപ്പോര്‍ട്ട് അടക്കമുള്ള രേഖകള്‍ മെഡിക്കല്‍ ബോര്‍ഡിനു കൈമാറുകയും 2013 സെപ്തംബര്‍ 26നു ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് മരിയയുടെ രണ്ട് കോങ്കണ്ണുകളും ഒരുപോലെ നേെരയായത് വൈദ്യശാസ്ത്രത്തിനു വിശദീകരിക്കാന്‍ ആകാത്തതാണെന്ന് അറിയിക്കുകയും ആയതിനാല്‍ ഇതിനെ ചാവറ കുര്യാക്കോസച്ഛന്റെ അത്ഭുത പ്രവൃത്തിയായി അംഗീകരിക്കണമെന്ന് സഭയുടെ പരമോന്നത സമിതിയോട് ശിപാര്‍ശ ചെയ്യുകയും ചെയ്തു. കര്‍ദിനാള്‍മാരുടെ സംഘത്തിനു കൈമാറിയ ഈ റിപ്പോര്‍ട്ട് പ്ലീനറി അസംബ്ലി ഇക്കഴിഞ്ഞ മാര്‍ച്ച് 18നു ഔദ്യോഗികമായി അംഗീകരിച്ചതോടെയാണ് ഇക്കഴിഞ്ഞ ഏപ്രില്‍ മൂന്നിന് വിശുദ്ധരായി അറിയിച്ചുകൊണ്ടുള്ള പ്രഖ്യാപനത്തില്‍ ഫ്രാന്‍സീസ് മാര്‍പ്പാപ്പ ഒപ്പ് വെച്ചത്. ഇതിനു സമാനമായ നടപടികളാണ് എവുപ്രാസ്യമ്മയുടെ കാര്യത്തിലും സഭ കൈക്കൊണ്ടത്.

ഈ വാര്‍ത്ത വന്നു ദിവസങ്ങള്‍ക്കകമാണ് കത്തോലിക്കാ സഭ മുന്‍ കഴിഞ്ഞുപോയ രണ്ട് മാര്‍പ്പാപ്പമാരെ വിശുദ്ധരായി പ്രഖ്യാപിച്ചത്. ജോണ്‍ ഇരുപത്തിമൂന്നാമനെയും ജോണ്‍ പോള്‍ രണ്ടാമനേയും. മസ്തിഷ്‌കത്തിലേക്കുള്ള രക്തസ്രാവം കാരണം ഒരു മാസത്തിനകം മരിക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞ ഫ്‌ളോറിബെത്‌മോറ ദിയസ് എന്ന സ്ത്രീ ജോണ്‍ പോള്‍ രണ്ടാമന്റെ മധ്യസ്ഥത വഴി ജീവിതത്തിലേക്ക് തിരിച്ചുവന്നു എന്നതാണ് 2005 ഏപ്രില്‍ രണ്ടിന് അന്തരിച്ച ജോണ്‍ പോള്‍ രണ്ടാമനെ വിശുദ്ധനായി പ്രഖ്യാപിക്കാനുള്ള കാരണമായി പറയുന്നത്. ജോണ്‍ പോള്‍ രണ്ടാമനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച 2011 മെയ് ഒന്നിന് മോറ ദിയസ് തന്റെ അസുഖം ഭേദമാക്കാന്‍ ജോണ്‍ പോള്‍ രണ്ടാമനോട് പ്രാര്‍ഥിച്ചു. അതിനിടയില്‍ ഉറങ്ങിപ്പോയ മോറ ദിയസ് ഉറക്കം വിട്ടുണര്‍ന്നു ടെലിവിഷന്‍ ഓണ്‍ ചെയ്തപ്പോള്‍ കാണുന്നത് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ വെച്ചു ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പ ജോണ്‍ പോളിനെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിന്റെ ചടങ്ങുകളാണ്. വീണ്ടും ഉറങ്ങിയ മോറ ദിയസിന്റെ സ്വപ്‌നത്തില്‍ ജോണ്‍ പോള്‍ അന്ന് രാത്രി പ്രത്യക്ഷപ്പെടുകയും “ഉണരൂ, എഴുന്നേല്‍ക്കൂ, പേടിക്കേണ്ടതില്ല” എന്ന് പറയുകയും തുടര്‍ന്ന് ചാടിയെണീറ്റ മോറ ദിയസ് അസുഖം ഭേദപ്പെട്ടതായി മനസ്സിലാക്കുകയും ആയിരുന്നുവത്രേ. വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കാന്‍ കുറഞ്ഞത് രണ്ട് അത്ഭുത പ്രവൃത്തികള്‍ കാണിക്കണമെന്ന സഭാ ചരിത്രം തിരുത്തി ഒരത്ഭുത പ്രവൃത്തി മതി എന്ന നിയമം കൊണ്ടുവന്നതും ജോണ്‍ പോള്‍ രണ്ടാമനായിരുന്നു.

ഓരോ മത വിഭാഗത്തിനും അവരുടെതായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉണ്ടാകുക സ്വാഭാവികമാണല്ലോ. അവരവരുടെ മതകീയ വിശ്വാസ പരിസരത്തു നിന്നുകൊണ്ടാണ് ഓരോ വിഭാഗം വിശ്വാസികളും ഇത്തരം അചാരാനുഷ്ഠാനങ്ങളെ ബഹുമാനിക്കുകയും പരിപാവനം എന്ന് കരുതിപ്പോരുകയും ചെയ്യുന്നത്. അതാതു മതത്തിന് പുറത്തുള്ളവര്‍ക്ക് കേള്‍ക്കുമ്പോള്‍ അസത്യമെന്നോ പരിഹാസ്യമെന്നൊ തോന്നാവുന്ന ആചാരങ്ങള്‍ എല്ലാ മതത്തിലുമുണ്ട്. വിശ്വാസമാണ് അത്തരം അചാരങ്ങളെയെല്ലാം മുറുകെ പിടിക്കാന്‍ വിശ്വാസികളെ പ്രേരിപ്പിക്കുന്ന ഘടകം. പുണ്യപുരുഷന്മാര്‍ തങ്ങള്‍ക്കു സര്‍വശക്തന്‍ കനിഞ്ഞേകിയ കഴിവുകള്‍ കൊണ്ട് രോഗങ്ങള്‍ സുഖപ്പെടുത്തുകയും മറ്റു പല അത്ഭുത പ്രവൃത്തികള്‍ കാണിക്കുകയും ചെയ്ത അനുഭവങ്ങള്‍ മറ്റു പല മതങ്ങളെയും പിന്തുടരുന്ന വിശ്വാസികള്‍ പങ്ക് വെക്കാറുമുണ്ട്. അതിനെയൊക്കെ വിശ്വാസം എന്ന നിലയില്‍ ബഹുമാനിച്ചു പോരുകയാണ് പതിവ്.

പക്ഷേ, കുര്യാക്കോസച്ചന്റെയും എവുപ്രാസ്യമ്മയുടെയും ജോണ്‍ ഇരുപത്തിമൂന്നാമന്റെയും ജോണ്‍ പോള്‍ രണ്ടാമന്റെയും അത്ഭുത പ്രവൃത്തികളേക്കാള്‍ അത്ഭുതപ്പെടുത്തുന്നത് ഈ അത്ഭുത പ്രവൃത്തികളെ ആഘോഷിക്കാനും ഇവര്‍ക്ക് കൈവന്ന വിശുദ്ധ പദവിയെ വായനക്കാരില്‍ എത്തിക്കാനും മൗദൂദികളുടെ മുഖപത്രമായ മാധ്യമം കാണിച്ച ആവേശവും ധൃതിയുമാണ്. കേരളത്തിലെ മുസ്‌ലിം സമുദായത്തിലെയും ഹിന്ദു സമുദായത്തിലെയും “ആത്മീയ ചൂഷണങ്ങള്‍”ക്കെതിരെയും “പൗരോഹിത്യ മാഫിയാ കൂട്ടുകെട്ടുകള്‍”ക്കെതിരെയും മൗദൂദികളുടെ നേതൃത്വത്തില്‍ പ്രകടനങ്ങളും പോസ്റ്ററൊട്ടിക്കലും പൊതു സമ്മേളനങ്ങളും നടന്നു കൊണ്ടിരിക്കുന്നതിനിടെയാണ് മുസ്‌ലിം, ഹിന്ദു സമുദായങ്ങളിലെ, മൗദൂദികള്‍ എതിര്‍ക്കുകയും ആത്മീയ ചൂഷണം എന്ന് വിളിക്കുകയും ചെയ്യുന്ന പ്രവൃത്തികള്‍ക്കും ആചാരങ്ങള്‍ക്കും സമാനമായ കൃസ്ത്യന്‍ സമൂഹത്തിലെ ആചാരാനുഷ്ഠാനങ്ങളെ മൗദൂദികള്‍ ആഘോഷിച്ചത്. ഏപ്രില്‍ നാലിന് പുറത്തിറങ്ങിയ മാധ്യമത്തിലെ ഒന്നാം പേജിലെ പ്രധാന വാര്‍ത്തകളില്‍ ഒന്ന് ചാവറ കുര്യാക്കോസ് ഏലിയാസച്ചനും എവുപ്രാസ്യമ്മയും വിശുദ്ധ പദവിയിലേക്ക് എന്നതായിരുന്നു. ഇതിനു പുറമെ പതിമൂന്നാം പേജില്‍ മൗദൂദികളുടെ സ്വന്തം വക ലേഖകരുടെതായി തൃശൂരില്‍ നിന്നും കോട്ടയത്ത് നിന്നുമായി മറ്റു രണ്ട് വാര്‍ത്തകള്‍ വേറെയും. “പ്രാര്‍ഥിക്കുന്ന അമ്മ വിശുദ്ധ പദവിയിലേക്ക്” എന്ന വാര്‍ത്തയില്‍ എവുപ്രാസ്യമ്മയുടെയും “വിശുദ്ധ പദവി; ആഹ്ലാദത്തോടെ വിശ്വാസി സമൂഹം” എന്ന വാര്‍ത്തയില്‍ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെയും “കറാമത്തുകളുടെ” വിശദ വിവരങ്ങളും നല്‍കിയിട്ടുണ്ട്. ഏപ്രില്‍ 28നു വെള്ളിമാട്കുന്നില്‍ നിന്നിറങ്ങിയ പത്രത്തിലെ പ്രധാന തലക്കെട്ട് തന്നെ “വിശുദ്ധം, ഭക്തിസാന്ദ്രം” എന്നാണ്. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലെ ആസ്ഥാനത്ത് നടന്ന ജോണ്‍ ഇരുപത്തിമൂന്നമാന്റെയും ജോണ്‍ പോള്‍ രണ്ടാമന്റെയും വിശുദ്ധ നാമകരണ ചടങ്ങിന്റെ വിശദാംശങ്ങളാണ് വാര്‍ത്ത നിറയെ. സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലെ ഭിത്തിയില്‍ പ്രദര്‍ശിപ്പിച്ച ഇരുവരുടെയും ചിത്രങ്ങളും ചടങ്ങിനെത്തിയവരെ അഭിവാദ്യം ചെയ്യുന്ന ഫ്രാന്‍സീസ് മാര്‍പ്പാപ്പയുടെ ചിത്രവുമടക്കം രണ്ട് ഫോട്ടോകളും ഉണ്ട് ഒന്നാം പേജില്‍.

എന്തുകൊണ്ടാകാം, മൗദൂദികള്‍ കൂടി ഉള്‍ക്കൊള്ളുന്ന ഇസ്‌ലാംമതവിശ്വാസികള്‍ക്ക് (ഈയിടെയായി ഹിന്ദു സമുദായത്തിലെ വിശ്വാസികള്‍ക്കും) അനുവദിച്ചു കൊടുക്കാത്ത ആനുകൂല്യങ്ങള്‍ മൗദൂദികള്‍ കൃസ്ത്യന്‍ സമുദായാംഗങ്ങള്‍ക്ക് പതിച്ചു നല്‍കുന്നത്? സ്വന്തം സമുദായത്തിലെ വിശ്വാസികള്‍ പുണ്യപുരുഷന്മാരുടെ ഖബറിടത്തില്‍ എത്തിയാല്‍ അതിനെ അനാചാരമെന്നും അന്ധവിശ്വാസമെന്നും പരിഹസിക്കുന്നവര്‍ക്ക് എങ്ങനെയാണ് സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ ഒരുമിച്ചുകൂടിയവര്‍ വിശുദ്ധരും ഭക്തിസാന്ദ്രതയുള്ളവരുമായി മാറുന്നത്? തിരുശേഷിപ്പുകളെ ആദരിക്കുന്ന സ്വന്തം സമുദായത്തിലെ വിശ്വാസികള്‍ക്കെതിരെ ആവനാഴിയിലെ അവസാന അമ്പും എയ്തവര്‍ക്ക് എങ്ങനെയാണ് ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ വിശുദ്ധ പദവി വാര്‍ത്തയറിഞ്ഞ് മാന്നാനം സെന്റ് ജോസഫ് ആശ്രമ ദേവാലയത്തില്‍ ഒരുമിച്ചു കൂടിയ കൃസ്ത്യാനികള്‍ “വിശ്വാസിസമൂഹ”മായി മാറുന്നത്? മുസ്‌ലിംകളുടെ തിരുശേഷിപ്പുകളില്‍ ആത്മീയ ചൂഷണവും സാമ്പത്തിക ചൂഷണവും ആരോപിക്കുന്നവര്‍ക്ക് എത്രയെളുപ്പത്തിലാണ് ചാവറയച്ചന്റെയും എവുപ്രാസ്യമ്മയുടെയും ഖബറിടങ്ങള്‍ സന്തോഷത്തിന്റെ കേന്ദ്രങ്ങളാകുന്നത്? മറ്റു മതങ്ങളിലെ ആത്മീയാചാര്യന്മാരുടെയും വിശ്വാസങ്ങളുടെയും അടിയാധാരം പരതുന്നവര്‍ക്ക് എന്തുകൊണ്ടാണ് ചാവറയച്ചന്റെയും എവുപ്രാസ്യമ്മയുടെയും “അത്ഭുത പ്രവൃത്തികളില്‍” ഒരു സംശയവും തോന്നാതിരുന്നത്? മുസ്‌ലിം ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും സിംഗിള്‍ ഇന്‍വേര്‍ട്ടഡ് കോമയും ഡബിള്‍ ഇന്‍വേര്‍ട്ടഡ് കോമയുമിട്ട് തരാതരം പോലെ മതത്തില്‍ നിന്നു പുറത്താണ് എന്ന് ദ്യോതിപ്പിക്കാന്‍ മത്സരിക്കുന്നവര്‍ക്ക് എന്തുകൊണ്ടാണ് സെന്റ് പീറ്റേഴ്‌സ് ബസലിക്കക്കാരുടെ അത്ഭുത പ്രവൃത്തികളെ ഏറ്റവും കുറഞ്ഞത് ഒരു സിംഗിള്‍ ഇന്‍വേര്‍ട്ടഡ് കോമയില്‍ പോലും എഴുതാന്‍ കഴിയാതെ പോയത്?

കേരളത്തിലെ പാരമ്പര്യ മുസ്‌ലിംകളുടെ ചരിത്രത്തെയും ആചാരങ്ങളെയും നേതാക്കളെയും കുറുക്കുവഴിയിലൂടെ സ്വന്തമാക്കാന്‍ ശ്രമിക്കുമ്പോഴും മുസ്‌ലിംകള്‍ തീര്‍ത്ത് വിശ്വസിക്കുന്ന വെളിയങ്കോട് ഉമര്‍ ഖാസിയുടെ ജയില്‍മോചനവുമായി ബന്ധപ്പെട്ട അത്ഭുത പ്രവൃത്തിയെ പോലും അംഗീകരിക്കാന്‍ സൗമനസ്യം കാണിക്കാത്തവരും ഉമര്‍ ഖാസി ജയിലില്‍ നിന്ന് രക്ഷപ്പെട്ടത് കറാമത്തു (അത്ഭുത പ്രവൃത്തി) കൊണ്ടല്ല, മമ്പുറം തങ്ങള്‍ക്കു ബ്രിട്ടീഷ് പോലീസ് ഓഫീസര്‍മാരില്‍ ഉണ്ടായിരുന്ന സ്വാധീനം കൊണ്ടാണ് എന്ന് തട്ടിവിടുന്നവരുമാണ് എവുപ്രാസ്യമ്മയുടെ മുതല്‍ ജോണ്‍ ഇരുപത്തിമൂന്നിന്റെ വരെയുള്ളവരുടെ “കറാമാത്തുകള്‍” പാടിപ്പുകഴ്ത്തുന്നത് എന്നോര്‍ക്കണം. “കറാമാത്തുകളും യാദൃച്ഛികതകളും” എന്ന പേരില്‍ മൗദൂദി നേതാവിന്റെ ആത്മകഥയിലെ ഭാഗങ്ങള്‍ മുഖ വാരിക പ്രസിദ്ധീകരിച്ച അതേ ആഴ്ചയിലാണ് പാല കൊട്ടാരത്തില്‍ മരിയയുടെയും കൊസ്റ്റരിക്കക്കാരി ഫ്‌ലോറിബെത് മോറ ദിയസിന്റെയും രോഗശമനങ്ങളെ മൗദൂദികളുടെ പത്രം അത്ഭുത പ്രവൃത്തിയായി ആഘോഷിച്ചത് എന്നതാണ് കൂടുതല്‍ കൗതുകകരം. എന്താകാം കേരളത്തിലെ മുസ്‌ലിം, ഹിന്ദു സമുദായങ്ങളിലെ വിശ്വാസികള്‍ക്ക് നല്‍കാത്ത ഇത്തരം ആനുകൂല്യങ്ങളും സൗകര്യങ്ങളും മൗദൂദികള്‍ കേരളത്തിലെ കൃസ്ത്യന്‍ സമുദായങ്ങള്‍ക്ക് നല്‍കുന്നത്? എന്താകാം മൗദൂദികളുടെയും സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ ഇരിക്കുന്നവരുടെയും താത്പര്യങ്ങളെ കൂട്ടിക്കെട്ടുന്ന ഘടകം? “നഷ്ടത്തിലോടുന്ന കോട്ടയം എഡിഷനില്‍ സര്‍ക്കുലേഷന്‍ കൂട്ടാന്‍ അല്ലാതെ മറ്റെന്തിനു” എന്നൊക്കെയുള്ള മറുപടി കാര്യങ്ങളെ അതര്‍ഹിക്കുന്ന ഗൗരവത്തോടെ മനസ്സിലാക്കുന്നതില്‍ നിന്നും വഴി തിരിച്ചു വിടുകയേ ഉള്ളൂ.

കുറച്ചു മുമ്പാണ് മൗദൂദികളുടെ തന്നെ ചാനലില്‍ ആത്മീയ ചൂഷണം എന്ന ലേബലില്‍ ഒരു ചര്‍ച്ച നടന്നത്. പതിവ് പോലെ മുസ്‌ലിം, ഹിന്ദു സമുദായങ്ങള്‍ തന്നെയാണ് ലക്ഷ്യം. അതില്‍ മൗദൂദികളുടെ ഭാഗം വിശദീകരിക്കാന്‍ എത്തിയ ആള്‍ ഇസ്‌ലാമിനെ ശാസ്ത്രീയ മതം എന്നാണ് വിശേഷിപ്പിച്ചത്. ശാസ്ത്രീയമല്ലാത്തതൊന്നും ഇസ്‌ലാമികമല്ല എന്നുകൂടി പറഞ്ഞു ടിയാന്‍. പൊതു വേദികളിലും ചര്‍ച്ചകളിലും പങ്കെടുത്ത് ശാസ്ത്രീയവും മതേതരവുമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്ന മുസ്‌ലിംകളെ ചര്‍ച്ച കഴിഞ്ഞാല്‍ വേദിയുടെ പിന്നിലേക്കോ ഫോണിലോ വിളിച്ചു, “അല്ല, നിങ്ങള്‍ക്കൊന്നും മരിക്കണ്ടേ” എന്ന് ഭീഷണിപ്പെടുത്തുന്ന കക്ഷി, ഇസ്‌ലാമിനെ ശാസ്ത്രീയമാക്കാന്‍ ഉദ്ധരിച്ചതു ഹജറുല്‍ അസ്‌വദിനെ കുറിച്ചു രണ്ടാം ഖലീഫ ഉമര്‍ (റ) പറഞ്ഞ കാര്യമാണ്. ഹജറുല്‍ അസ്‌വദിനെ നോക്കി ഉമര്‍ (റ) പറഞ്ഞുവത്രേ “കല്ലേ നീ വെറുമൊരു കല്ലാണ് അല്ലാതെ നിനക്ക് മറ്റൊരു പുണ്യവുമില്ല” എന്ന്. നമ്മുടെ കക്ഷി അവിടെ നിര്‍ത്തിയിട്ട്, കണ്ടില്ലേ; ഇതാണ് ഞങ്ങളുടെ ശാസ്ത്രീയ ഇസ്‌ലാം, ഇങ്ങനെയാണ് ഇസ്‌ലാം അന്ധവിശ്വാസങ്ങള്‍ക്ക് മൂക്കുകയറിട്ടത് എന്ന മട്ടില്‍ കത്തിക്കയറുകയാണ്. (ചാനലിന്റെ മുതലാളിമാരില്‍ പെട്ടവനായതുകൊണ്ട് അവതാരകന്‍ ഈ കത്തിക്കയറലിനു വേണ്ടതുപോലെ സമയവും അനുവദിക്കുന്നു. മലയാള ചാനല്‍ ചരിത്രത്തില്‍ തന്നെ ആദ്യമായിരിക്കണം ഒരവതാരകന്‍ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ വന്നയാളെ ഇത്രയും സൗമ്യതയോടെ സംസാരിക്കാന്‍ അനുവദിച്ചത്!). പക്ഷേ, ഹദീസിന്റെ ബാക്കി ഭാഗം കക്ഷി ബോധപൂര്‍വം മറച്ചു വെച്ചു. ആ ഭാഗം ഇങ്ങനെയാണ്; കല്ലേ, നിന്നെ പ്രവാചകന്‍ സ്‌നേഹിച്ചതുകൊണ്ടാണ്/മുത്തിയത് കൊണ്ട് മാത്രമാണ് ഞാന്‍ നിന്നെ സ്‌നേഹിക്കുന്നതും/ മുത്തുന്നതും. ആ ഭാഗം പറഞ്ഞാല്‍ തന്റെ ശാസ്ത്രീയ ഇസ്‌ലാം പൊളിഞ്ഞു പോകും എന്നറിയാവുന്നതുകൊണ്ടാകണം നമ്മുടെ “മുസ്‌ലിം ശാസ്ത്രജ്ഞന്‍” ആ ഭാഗം മുക്കിയത്. മരിയയുടെയും ഫ്‌ലോറിബെത് മോറ ദിയസിന്റെയും രോഗശമനം ചാവറ കുര്യക്കോസച്ചന്റെയും ജോണ്‍ പോള്‍ രണ്ടാമന്റെയും മധ്യസ്ഥത കൊണ്ടാണെന്ന് ഡോക്ടര്‍മാരുടെ വിദഗ്ധസംഘം സാക്ഷ്യപ്പെടുത്തുന്നത് പോലെയാണ് ഈ മുസ്‌ലിം പണ്ഡിതന്റെ ശാസ്ത്രബോധവും എന്ന് ചുരുക്കം. ശാസ്ത്ര യുക്തിയോടെ ആത്മജ്ഞാനം കരസ്ഥമാക്കുക എന്ന ആഹ്വാനത്തോടെ അവസാനിപ്പിച്ച ആ ചര്‍ച്ച എന്താണ് മൗദൂദികളുടെ ആത്മീയതയും അവരര്‍ഥമാക്കുന്ന ആത്മീയ ചൂഷണവും എന്ന് വ്യക്തമാക്കിത്തരിക കൂടി ചെയ്യുന്നുണ്ട്. ചെരുപ്പിനൊപ്പിച്ച് കാല് മുറിക്കുന്ന ആ ആത്മീയ ബോധമാണ് സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലെ അത്ഭുത പ്രവൃത്തികളെ അതേ പടി വിഴുങ്ങാനുള്ള ഊര്‍ജം മൗദൂദികള്‍ക്ക് നല്‍കുന്നത്.

ആത്മീയ ചൂഷണത്തിന്റെ പരിധിയില്‍ നിന്നും കേരളത്തിലെ പ്രബല സമുദായങ്ങളില്‍ ഒന്നായ ക്രിസ്ത്യാനികളെ മാറ്റിനിര്‍ത്താന്‍ മൗദൂദികളെ പ്രേരിപ്പിക്കുന്ന മറ്റൊരു ഘടകം മൗദൂദികളുടെ രാഷ്ട്രീയ ലക്ഷ്യങ്ങളുമായിക്കൂടി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. മുസ്‌ലിം പക്ഷത്തു നിന്നുകൊണ്ട് ക്രിസ്ത്യാനികളെ പ്രകോപിപ്പിക്കുന്നതിന്റെയും ഹിന്ദുക്കളെ പ്രകോപിപ്പിക്കുന്നതിന്റെയും ഫലം വെവ്വേറെയാണ്. ക്രിസ്ത്യാനികളെ പ്രകോപിപ്പിച്ചതുകൊണ്ട് രാഷ്ട്രീയത്തില്‍ എന്തെങ്കിലും നേട്ടം ഉണ്ടാക്കാന്‍ ഹിന്ദു, മുസ്‌ലിം എന്ന ദ്വന്ദത്തെ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയ മൗദൂദിയുടെ രാഷ്ട്രീയ ബോധത്തിനോ രാഷ്ട്രീയ ഇടപെടലുകള്‍ക്കോ കഴിയില്ല എന്ന തിരിച്ചറിവ് വെല്‍ഫയര്‍ പാര്‍ട്ടിക്കാലത്തെ മൗദൂദികള്‍ക്ക് നല്ലത് പോലെയുണ്ട്. വലതുപക്ഷ ഹൈന്ദവ രാഷ്ട്രീയവുമായി ഒരു പാരസ്പര്യത്തില്‍ നീങ്ങുന്ന മൗദൂദി രാഷ്ട്രീയത്തിന് അതുകൊണ്ടു തന്നെ പ്രകോപിപ്പിക്കേണ്ടത് ഹിന്ദുക്കളെയും ഉണര്‍ത്തേണ്ടത് ഹൈന്ദവ ബോധത്തെയുമാണ്. മറു ഭാഗത്ത് നിന്ന് വലതുപക്ഷ ഹൈന്ദവ സംഘടനകള്‍ മൗദൂദികളില്‍ നിന്നും അങ്ങനെയൊരു സഹായം പ്രതീക്ഷിക്കുക കൂടി ചെയ്യുമ്പോള്‍ പ്രത്യേകിച്ചും. പരസ്പരം സഹായിച്ചുപോകുന്ന ഈ രാഷ്ട്രീയക്കളിക്കിടയില്‍ ക്രിസ്ത്യന്‍ സമുദായ വിശ്വാസികള്‍ക്ക് വലിയ പങ്കോ പങ്കാളിത്തമോ ഇല്ലാതിരിക്കുക എന്നത് സ്വഭാവികം. ആ സ്വാഭാവികത കൂടിയാണ് ആത്മീയ ചൂഷണത്തിന്റെ പരിധിയില്‍ നിന്ന് സെന്റ് പീറ്റേഴ്‌സ് ബസലിക്കയെ മാറ്റിനിര്‍ത്താന്‍ മൗദൂദികളെ പ്രേരിപ്പിക്കുന്ന ഘടകം. അല്ലാതെ, ഹിന്ദു, മുസ്‌ലിം വിശ്വാസികളുടെ ആചാരങ്ങളെ ചൂഷണമാക്കി അവതരിപ്പിക്കാനും പുണ്യ പുരുഷന്മാരെയും നേതാക്കളെയും പുരോഹിതന്മാരും ചൂഷകരുമാക്കി അവതരിപ്പിക്കാനും മൗദൂദികള്‍ ഉപയോഗിക്കുന്ന ഏതു മാനദണ്ഡമാണ് ചാവറ കുര്യാക്കോസച്ചനും എവുപ്രാസ്യമ്മക്കും ജോണ്‍ ഇരുപത്തി മൂന്നാമനും ജോണ്‍ പോള്‍ രണ്ടാമനും ബാധകമല്ലാത്തത്?

കൃസ്ത്യന്‍ യൂറോപ്പിലേക്ക് കണ്ണും നട്ട് ഇസ്‌ലാമിനെ വായിക്കാന്‍ ശ്രമിച്ച അബുല്‍ അഅ്‌ലാ മൗദൂദിയുടെ ശിഷ്യര്‍ക്ക് ഇങ്ങനെയൊക്കെയല്ലാതെ ഗുരുവിനെ പിന്തുടരാനും ഗുരുദക്ഷിണ കൊടുക്കാനും ഒക്കുമോ?

Latest