നാല് ദിവസത്തിനകം രണ്ടപകടം: അധികൃതര്‍ക്ക് നിസ്സംഗത

Posted on: May 4, 2014 1:28 pm | Last updated: May 4, 2014 at 1:28 pm

കൊടുവള്ളി: ദേശീയപാത 212 കൊടുവള്ളിക്കും കുന്ദമംഗലത്തിനുമിടക്ക് അപകടങ്ങളും മരണങ്ങളും തുടര്‍ക്കഥയായിട്ടും അധികൃതര്‍ക്ക് നിസ്സംഗത. കഴിഞ്ഞ നാല് ദിവസത്തിനിടയില്‍ രണ്ട് വാഹനാപകടങ്ങളില്‍ നാല് പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്.
29ന് താഴെ കൊടുവള്ളിയില്‍ ബൈക്ക് കെ എസ് ആര്‍ ടി സി ബസിലിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് പേര്‍ മരിച്ചു. തൊട്ടടുത്ത ദിവസം ചൂലാംവയല്‍ മാക്കൂട്ടം എ എം എല്‍ പി സ്‌കൂളിന് മുന്‍വശം ഉണ്ടായ അപകടത്തിലും രണ്ട് പേര്‍ മരിച്ചു.
കൊടുവള്ളിക്കും കുന്ദമംഗ ലത്തിനുമിടയിലുള്ള കൊടുവള്ളി, കരിങ്കമണ്ണ് വളവ്, ഞങ്ങാടിക്കുനി വളവ്, സൗത്ത് കൊടുവള്ളി മദ്‌റസാ ബസാര്‍ ചന്ദ്രിക വളവ്, പടനിലം കുമ്മങ്ങോട് വളവ്, താഴെ പടനിലം, ഉപ്പഞ്ചേരിമ്മല്‍ വളവ്, പതിമംഗലം എടപ്പടത്തില്‍ വളവ്, പത്താം മൈല്‍ മൂനാമണ്ണില്‍ വളവ് എന്നീ ഭാഗങ്ങള്‍ അപകടങ്ങള്‍ക്ക് പ്രസിദ്ധമാണ്. അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും അപകടസൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ പോലും ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല. ചിലയടങ്ങളില്‍ നേരത്തെ ഉണ്ടായിരുന്ന ബോര്‍ഡുകള്‍ ഡി ജി പിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് മാറ്റുകയായിരുന്നു.