കോത്തഗിരിയിലെ പച്ചക്കറിമേള ശ്രദ്ധേയമായി

Posted on: May 4, 2014 11:47 am | Last updated: May 4, 2014 at 11:47 am

ഗൂഡല്ലൂര്‍: ഊട്ടി പുഷ്‌പോത്സവത്തോട് അനുബന്ധിച്ച് കോത്തഗിരി നെഹ്‌റുപാര്‍ക്കില്‍ നടക്കുന്ന ഏഴാമത് പച്ചക്കറിമേള തുടങ്ങി. കൃഷിവകുപ്പ് അഡിഷണല്‍
ഡയരക്ടര്‍ ആര്‍ കണ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ പി ശങ്കര്‍ അധ്യക്ഷത വഹിച്ചു. കൃഷി വകുപ്പ് സെക്രട്ടറി സന്ദീപ് സക്‌സേന, കമ്മീഷണര്‍ സത്യ പ്രതാപ് സാഹു, എച്ച് എ ഡി പി ഡയരക്ടര്‍ ആര്‍ ശ്രീനിവാസ റെഡ്ഢി, എസ് പി ശന്ദില്‍കുമാര്‍, എസ് കവിത, ഡി ആര്‍ ഒ ഭാസ്‌കര പാണ്ഡ്യന്‍, മണി, കതിരവന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. 500 കിലോ കോളിഫഌവര്‍ കൊണ്ട് നിര്‍മിച്ച കൂണിന്റെ മാതൃകയാണ് സഞ്ചാരികളെ ഏറെ ആഘര്‍ഷിക്കുന്നത്. പത്ത് അടി നീളമുള്ള കോളിഫഌവര്‍ സഞ്ചാരികളുടെ മനംകവരുന്നതായിരുന്നു. നീലഗിരിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് കോത്തഗിരി. പ്രകൃതിരമണീയമായ സൗന്ദര്യം കോത്തഗിരിയുടെ പ്രത്യേകതയാണ്. വര്‍ണകാഴ്ചയൊരുക്കി വിരിഞ്ഞു നില്‍ക്കുന്ന ഡാലിയയും ലില്ലിയയും നെഹ്‌റു പാര്‍ക്കിലെ വസന്തവിസ്മയ കാഴ്ച തന്നെയാണ്. ഊട്ടിയിലെത്തുന്ന സഞ്ചാരികളിലധികപേരും കോത്തഗിരിയിലേക്ക് പോകാറില്ല. ഊട്ടിയില്‍ നിന്ന് മുപ്പതോളം കിലോമീറ്റര്‍ ദൂരമുള്ള കോത്തഗിരിയിലും മനംകവരുന്ന നിരവധി വിസ്മയ കാഴ്ചകളുണ്ട്. വളഞ്ഞും പുളഞ്ഞുമുള്ള പാതയിലൂടെയുള്ള യാത്രതന്നെ അവിസ്മരണീയമാണ്. കോത്തഗിരി സമുദ്രനിരപ്പില്‍ നിന്ന് 1793 മീറ്റര്‍ ഉയരത്തിലാണ്.