Connect with us

Wayanad

കുടിയിറക്ക് വന്‍കിടക്കാര്‍ക്ക് വേണ്ടിയുള്ള തരംതാണ ഒത്തുകളി: സി പി ഐ

Published

|

Last Updated

കല്‍പ്പറ്റ: വന്‍കിട എസ്റ്റേറ്റുകളോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളില്‍ കൂരകെട്ടിയും കൃഷി ചെയ്തും താമസിക്കുന്ന കുടുംബങ്ങളെ കാലഹരണപ്പെട്ട ചില കോടതി വിധികളുടെ പേരില്‍ കുടിയൊഴിപ്പിക്കാനുള്ള നീക്കങ്ങള്‍ എസ്റ്റേറ്റുടമകള്‍ക്കായി സര്‍ക്കാര്‍ നടത്തുന്ന തരംതാണ ഒത്തുകളിയാണെന്ന് സി പി ഐ ജില്ലാ എക്‌സിക്യൂട്ടീവ് ആരോപിച്ചു. സര്‍ക്കാര്‍ ഭൂമിയാണെന്നും പലവിധ കോടതി വിധികളുടെ ഭാഗമാണെന്നും ന്യായങ്ങള്‍ നിരത്തി കര്‍ഷകരെ തെരുവാധാരമാക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ നാണംകെട്ട ചെയ്തികളില്‍ നിന്ന് അവര്‍ പിന്മാറണം. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളിലും ജനറല്‍ വിഭാഗത്തിലുമായി കാല്‍ലക്ഷത്തിലേറെ ഭൂരഹിതര്‍ വയനാട് ജില്ലയില്‍ ഭൂമിക്ക് വേണ്ടി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ജില്ലയില്‍ ഹാരിസണ്‍ മലയാളം കമ്പനിയുടെ പക്കല്‍ മാത്രം 15,000 ഏക്കറോളം ഭൂമി അനധികൃത കൈവശത്തിലുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. അധികാരം ഉപയോഗിച്ച് അത് പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അതിന് പകരം വന്‍കിടക്കാരുടെ താല്‍പര്യ സംരക്ഷകരായി കര്‍ഷകരെയും തൊഴിലാളികളെയും തെരുവാധാരമാക്കാനാണ് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നത്. ഇതാണ് അരപ്പറ്റയിലേയും നെടുമ്പാലയിലേയും കുടിയൊഴിപ്പിക്കല്‍ വ്യക്തമാക്കുന്നത്. വീടുകളില്‍ നിന്ന് പോലീസിനെ ഉപയോഗിച്ച് നെടുമ്പാലയില്‍ കുടിയൊഴിപ്പിച്ചവരെ താല്‍ക്കാലിക ഷെല്‍ട്ടറുകളില്‍ നിന്ന് വീണ്ടും പുറത്താക്കിയ നടപടി മനുഷ്യത്വ വിരുദ്ധമാണ്. ഇത് ജനാധിപത്യ സര്‍ക്കാറുകള്‍ക്ക് ഭൂഷണമല്ല. ഭൂമിക്കു വേണ്ടി ജില്ലയില്‍ നടക്കുന്ന മുഴുവന്‍ പ്രക്ഷോഭങ്ങള്‍ക്കും സി പി ഐ പിന്‍തുണ പ്രഖ്യാപിച്ചു. വന്‍കിട പ്ലാന്റേഷനുകളുടെ കൈവശമുള്ള അധികഭൂമി പിടിച്ചെടുക്കാനുള്ള രാഷ്ട്രീയ ഉത്തരവാദിത്വം സര്‍ക്കാര്‍ പാലിക്കണം. ജനാധിപത്യ രീതിയിലുള്ള ചെറുത്തുനില്‍പ്പുകളെ മര്‍ദ്ദിച്ചൊതുക്കാനാണ് സര്‍ക്കാര്‍ നീക്കമെങ്കില്‍ അതിന് കനത്ത വില നല്‍കേണ്ടിവരുമെന്നും സി പി ഐ ജില്ലാ എക്‌സിക്യൂട്ടീവ് മുന്നറിയിപ്പ നല്‍കി.