Connect with us

Wayanad

എസ്റ്റേറ്റ് ഭൂമിയോട് ചേര്‍ന്ന് കുടില്‍കെട്ടി താമസിക്കുന്നവരെ ഇറക്കിവിടാനുള്ള നീക്കം അപലപനീയം: സത്യന്‍ മൊകേരി

Published

|

Last Updated

കല്‍പ്പറ്റ: സര്‍ക്കാറിന് അവകാശപ്പെട്ട ഭൂമി പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുന്നതിന് പകരം ഇത്തരം ഭൂമികളില്‍ കുടില്‍കെട്ടി തലചായ്ക്കാന്‍ ഇടംകണ്ടെത്തിയ ആദിവാസികളെയും തൊഴിലാളികളെയും കുടിയിറക്കി തെരുവാധാരമാക്കുന്ന നീക്കം ജനാധിപത്യ സര്‍ക്കാറിന് ഭൂഷണമല്ലെന്ന് കിസാന്‍സഭ സംസ്ഥാന സെക്രട്ടറി സത്യന്‍ മൊകേരി പ്രസ്താവിച്ചു. വന്‍കിട കമ്പനിയായ ഹാരിസണ്‍ മലയാളം അടക്കം ആയിരക്കണക്കില്‍ ഏക്കര്‍ സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈവശം വെയ്ക്കുമ്പോഴും ഇത് പിടിച്ചെടുക്കാന്‍ ചെറുവിരല്‍ പോലും അനക്കാതെ അവര്‍ക്കായി വിടുവേല ചെയ്യുന്ന സര്‍ക്കാര്‍ നിലപാട് തീര്‍ത്തും പ്രതിഷേധാര്‍ഹമാണ്. ഭൂരഹിതരില്ലാത്ത കേരളം പദ്ധതി നടപ്പാക്കുമെന്ന് പെരുമ്പറയടിക്കുന്ന യു ഡി എഫ് സര്‍ക്കാര്‍ വയനാട്ടില്‍ നടത്തിക്കൊണ്ടിരിക്കുന്ന കുടിയിറക്ക് നീക്കം ന്യായീകരണമില്ലാത്തതാണ്. കാലഹരണപ്പെട്ട കോടതി വിധികളുടെ പേരു പറഞ്ഞ് ചില ഉദ്യോഗസ്ഥരും സര്‍ക്കാര്‍ സംവിധാനവും വന്‍കിടക്കാര്‍ക്ക് വിടുവേല ചെയ്യുന്നതിന്റെ വ്യക്തമായ തെളിവാണ് കഴിഞ്ഞ ദിവസം കോട്ടപ്പടി വില്ലേജിലെ നെടുമ്പാലയില്‍ നടത്തിയ കുടിയിറക്കും ഇന്നലെ അരപ്പറ്റയില്‍ നടത്താനൊരുങ്ങിയ കുടിയിറക്ക് ശ്രമവും. ഭൂരഹിതരായ ആദിവാസി കുടുംബങ്ങള്‍ക്കെല്ലാം ഒരേക്കര്‍ ഭൂമി നല്‍കുമെന്ന പ്രഖ്യാപനം പോലും അട്ടിമറിച്ചു. വന്‍കിടക്കാരുടെ പക്കല്‍ നിന്ന് മിച്ചഭൂമി പിടിച്ചെടുത്ത് ഭൂരഹിത കര്‍ഷക തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുന്ന പദ്ധതി തന്നെ ഇല്ലാതാക്കി. അതേസമയം വന്‍കിടക്കാരുടെ കൈവശത്തിലെ ആയിരക്കണക്കില്‍ ഏക്കര്‍ അനധികൃത ഭൂമി അവരുടെ പക്കല്‍ തന്നെ സുരക്ഷിതമാക്കാനുള്ള നീക്കമാണ് ഇത്തരം കുടിയിറക്കുകള്‍ക്ക് പിന്നിലെ ലക്ഷ്യം. സാമൂഹിക നീതിക്കും സമത്വത്തിനുമായി നിലകൊള്ളുന്ന സംഘടനകള്‍ ഭരണകൂടത്തിന്റെ ഇത്തരം ദുഷ്‌ചെയ്തികള്‍ക്ക് എതിരെ പ്രതികരിക്കണം. ഹാരിസണ്‍ മലയാളം കമ്പനിക്ക് വേണ്ടി വയനാട്ടില്‍ നടത്തുന്ന കുടിയിറക്കുകള്‍ നിര്‍ത്തണമെന്നും സത്യന്‍ മൊകേരി ആവശ്യപ്പെട്ടു.

Latest