Connect with us

Palakkad

ബാറുകള്‍ തുറക്കാന്‍ കാണിക്കുന്ന താത്പര്യം കര്‍ഷകരുടെ കാര്യത്തില്‍ കാണിക്കണം: കിസാന്‍ സഭ

Published

|

Last Updated

പാലക്കാട്: നിലവാരമില്ലാത്ത ബാറുകള്‍ തുറക്കാനും മദ്യക്കച്ചവടക്കാരുടെ നിക്ഷിപ്ത താത്പര്യങ്ങള്‍ സംരക്ഷിക്കാനും സര്‍ക്കാര്‍ കാണിക്കുന്ന ശുഷ്‌കാന്തി കേര കര്‍ഷകരെ സംരക്ഷിക്കുന്ന കര്യത്തില്‍ കാണിക്കണമെന്ന് കിസാന്‍ സഭ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ആരോഗ്യത്തിന് ഹാനികരമല്ലാത്തതും ലഹരി പാനീയമല്ലാത്തതുമായ നീര ഉദ്പാദനം വികസിപ്പിച്ചാല്‍ ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. വരുമാന വര്‍ധനയിലൂടെ സര്‍ക്കാരിന്റെ സമ്പദ്ഘടനയെ പോഷിപ്പിക്കാനുതകുന്ന തരത്തില്‍ നീര ഉദ്പാദിപ്പിക്കാന്‍ അബ്കാരി ചട്ടങ്ങളില്‍ ഭേദഗതി വരുത്തണമെന്നും കിസാന്‍സഭ ആവശ്യപ്പെട്ടു.—
മദ്യവ്യവസായികള്‍ക്കും സ്പിരിറ്റ് കടത്തുകാര്‍ക്കും സഹായം നല്‍കാനുള്ള നിക്കങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. അതിനുപകരം ആരോഗ്യത്തിനു ഹാനികരമല്ലാത്തതും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതുമായ നീര ഉദ്പാദനം വ്യാപകമാക്കുകയാണ് വേണ്ടത്. കര്‍ഷകരില്‍ നിന്ന് സംഭരിച്ച നെല്ലിന്റെ വില യഥാസമയം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. പാലക്കാട് ജില്ലയില്‍ മാത്രം 200 കോടിയിലേറെയാണ് കുടിശ്ശിക. റബര്‍ കര്‍ഷകരെ സഹായിക്കാന്‍ വിപണിവിലയെക്കാള്‍ രണ്ട് രൂപ അധികം നല്‍കി 171 രൂപയാകുന്നതുവരെ സംഭരിക്കുമെന്ന് തിരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ വാഗ്ദാനം അട്ടിമറിച്ചിരിക്കുകയാണ്. സര്‍ക്കാരിന്റെ വികലനയം മൂലം പ്രതിസന്ധിയിലായ നെല്ല്, റബര്‍ കര്‍ഷകരെ സംരക്ഷിക്കുന്നതിന് നെല്ലിന്റെ സംഭരണ വില ഉടന്‍ നല്‍കുകയും റബര്‍ വിലത്തകര്‍ച്ച മറികടക്കാന്‍ പദ്ധതികളുണ്ടാക്കുകയും വേണം. തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് കാര്‍ഷിക ജോലികളും ഭൂവികസന പ്രവര്‍ത്തനങ്ങളും ഒഴിവാക്കുന്ന സര്‍ക്കാര്‍ ഉത്തരവ് കാര്‍ഷിക പുരോഗതിയെ തടസപ്പെടുത്തുമെന്നും ഉത്തരവ് റദ്ദാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. നെല്ലിന്റെ വില ലഭിക്കുന്നതിനും റബര വിലത്തകര്‍ച്ച തടയുന്നതിനും നീര ഉദ്പാദനം വികസിപ്പിക്കാനും പ്രക്ഷോഭം സംഘടിപ്പിക്കാനും തീരുമാനിച്ചു.—
ജില്ലാ പ്രസിഡണ്ട് ഇ പി ശങ്കരന്റെ അധ്യക്ഷതയില്‍ സംസ്ഥാന പ്രസിഡണ്ട് വി ചാമുണ്ണി മേല്‍ക്കമ്മറ്റി തീരുമാനങ്ങള്‍ വിശദീകരിച്ചു. ജില്ലാ സെക്രട്ടറി എ എസ് ശിവദാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കരുണാകരന്‍, ചന്ദ്രന്‍, ജി കണ്ണന്‍ മാസ്റ്റര്‍, കെ വി ശ്രീധരന്‍, കെ രാമചന്ദ്രന്‍, കെ എന്‍ മോഹനന്‍, എ യു മാമച്ചന്‍, തീത്തുമാസ്റ്റര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

---- facebook comment plugin here -----

Latest