അട്ടപ്പാടിയിലെ സാമൂഹിക അടുക്കള പദ്ധതി ഒരുവര്‍ഷത്തേക്ക് നീട്ടി

Posted on: May 4, 2014 9:45 am | Last updated: May 4, 2014 at 9:45 am

പാലക്കാട്: അട്ടപ്പാടിയില്‍ സര്‍ക്കാര്‍ നടപ്പാക്കിയ പ്രത്യേക ആരോഗ്യ പദ്ധതികളിലൊന്നായ സാമൂഹിക അടുക്കള (കമ്യൂണിറ്റി കിച്ചണ്‍) ഒരുവര്‍ഷത്തേക്കുകൂടി നീട്ടി. ആദിവാസി മേഖലയിലെ ആരോഗ്യസംരക്ഷണം മുന്‍നിര്‍ത്തി സര്‍ക്കാര്‍ തുടങ്ങിയ ഹ്രസ്വകാല പദ്ധതിയാണ് സാമൂഹിക അടുക്കള.
അങ്കന്‍വാടികളോട്‌ചേര്‍ന്ന് പ്രത്യേക അടുക്കളയില്‍ കൗമാരക്കാര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, അറുപതിനുമേല്‍ പ്രായമുള്ളവര്‍, ശയ്യാവലംബര്‍ എന്നിവര്‍ക്ക് ഒരുനേരത്തെ പോഷക സമൃദ്ധമായ ഭക്ഷണം തയ്യാറാക്കി നല്‍കുന്നതായിരുന്നു പദ്ധതി. പതിനായിരത്തിലേറെ ഗുണഭോക്താക്കളാണ് അട്ടപ്പാടിയില്‍ ഈ പദ്ധതിയില്‍ ഉള്ളത്. ഇതില്‍ ആറ് മാസംമുതല്‍ മൂന്ന് വയസ്സുവരെയുള്ള 1050 പേരും മൂന്ന് മുതല്‍ ആറ് വരെ വയസ്സുള്ള 1500 പേരും ഉണ്ട്.
കൂടാതെ കൗമാരപ്രായക്കാരായ 1627 പെണ്‍കുട്ടികള്‍, 420 ഗര്‍ഭിണികള്‍, 362 മുലയൂട്ടുന്ന അമ്മമാര്‍ എന്നിവരും ഉള്‍പ്പെടുന്നു. കിടപ്പിലായവരുള്‍പ്പെടെ അയ്യായിരത്തിലേറെ വൃദ്ധരും ഉണ്ട്.——
അട്ടപ്പാടിയിലുണ്ടായ ശിശുമരണങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ തുടങ്ങിയ പദ്ധതിക്ക് മികച്ച പ്രതികരണമായിരുന്നു. ശിശുസംരക്ഷണവകുപ്പിന്റെ നേതൃത്വത്തില്‍ തുടങ്ങിയ സാമൂഹിക അടുക്കള ഫലത്തില്‍ നൂറുകണക്കിനാളുകള്‍ക്ക് ഒരുനേരത്തെ ഭക്ഷണമെങ്കിലും കിട്ടുന്നതിന് കാരണമായിരുന്നു.——
ആറ് മാസത്തേക്കായി തുടങ്ങിയ പദ്ധതി നിര്‍ത്തലാക്കാന്‍ പോകുന്നുവെന്ന വിവരത്തെത്തുടര്‍ന്ന് ആദിവാസി സംഘടനകള്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ ഇതുസംബന്ധിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
തുടര്‍ന്നാണ് സര്‍ക്കാര്‍ സാമൂഹികഅടുക്കളയുടെ കാലാവധി ദീര്‍ഘിപ്പിച്ചത്.—ഊരുകളിലെ അടുക്കളകളില്‍ ഭക്ഷണം ഉണ്ടാക്കിനല്‍കുന്നത് കുടുംബശ്രീ പ്രവര്‍ത്തകരാണ്. ഇവര്‍ക്ക് ഭക്ഷ്യസാധനങ്ങളുടെ തുക ലഭ്യമാകാന്‍ താമസമാകുന്നുവെന്ന പരാതിയുണ്ട്.
തുക നേരിട്ട് കുടുംബശ്രീയുടെ അക്കൗണ്ടിലേക്ക് നല്‍കണമെന്ന്കാണിച്ച് ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ ഡയറക്ടര്‍ സീമ ഭാസ്‌കര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതനുസരിച്ച് തുക നേരിട്ട് കുടുംബശ്രീയുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുമെന്ന് ഗ്രാമവികസനവകുപ്പ് ഉറപ്പ് നല്‍കിയതായി സീമ ഭാസ്‌കര്‍ പറഞ്ഞു.