കുടുംബശ്രീ ഭക്ഷ്യമേള സംഘടിപ്പിച്ചു

Posted on: May 4, 2014 9:33 am | Last updated: May 4, 2014 at 9:33 am

സുല്‍ത്താന്‍ ബത്തേരി: കുടുംബശ്രീ മുഖേന പുതുതായി ആരംഭിക്കുന്ന കാന്റീന്‍ ആന്‍ഡ് കാറ്ററിംഗ് യൂണിറ്റിന്റെ നാലാം ബാച്ചിനുള്ള വിദഗ്ധ പരിശീലനം നേടിയവര്‍ നാടന്‍ രുചിക്കൂട്ടുമായി ഭക്ഷ്യമേള സംഘടിപ്പിച്ചു. കുടുംബശ്രീ ജില്ലാ മിഷനും, കുടുംബശ്രീ അംഗീകൃത കാറ്ററിംഗ് പരിശീലന സ്ഥാപനമായ അഭേദാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫുഡ് ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് (ഐഫ്രം) ഉം സംയുക്തമായാണ് സുല്‍ത്താന്‍ ബത്തേരിയില്‍ ഭക്ഷ്യമേള സംഘടിപ്പിച്ചത്. വിവിധയിനം ജ്യൂസുകള്‍, ചായ, വിവിധതരം പലഹാരങ്ങള്‍, പിടിയുംകോഴിയും, വിവധയിനം ദോശകള്‍, അടകള്‍, വിവിധയിനം ബിരിയാണികള്‍, കപ്പയും വിവിധയിനം കറികളും തുടങ്ങിയവ ഭക്ഷ്യമേളയില്‍ നിന്ന് ആവശ്യാനുസരണം മിതമായ നിരക്കില്‍ ലഭ്യമാക്കി. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണോദ്ഘാടനം സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ റോസകുട്ടി ടീച്ചര്‍ നിര്‍വ്വഹിച്ചു. സുല്‍ത്താന്‍ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.എം ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാനു പുളിക്കല്‍, വത്സാ ജോസ്, ബാബു പഴുപ്പത്തൂര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ കെ.കെ. മുംതാസ് കാസിം, ഐഫ്രം ട്രെയിനിംഗ് കോ-ഓര്‍ഡിനേറ്റര്‍ ദയാശീലന്‍, കമ്മ്യൂണിറ്റി ട്രെയിനര്‍ ഷറീന ബീഗം പ്രസംഗിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.പി. മുഹമ്മദ് സ്വാഗതവും, സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സണ്‍ എം. നബീസ നന്ദിയും പറഞ്ഞു.13 യൂണിറ്റുകളില്‍ നിന്ന് 70 പേരാണ് 13 ദിവസം നീണ്ടു നിന്ന പരിശീലനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നത്. ഒരു സി.ഡി.എസ്സില്‍ ഒരു കാറ്ററിംഗ് യൂണിറ്റ് എന്ന പദ്ധതിയുടെ ഭാഗമായി ഇതോടെ ജില്ലയില്‍ 35 യൂണിറ്റുകളില്‍ നിന്നായി 220 പേര്‍ക്കാണ് ജില്ലാ മിഷന്‍ മുഖേന പ്രത്യേക പരിശീലനം നല്‍കിയത്. തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐഫ്രത്തിന്റെ നേതൃത്വത്തിലായിരുന്നു വിദഗ്ധ പരിശീലനം. പരിചരണം, അതിഥി സല്‍ക്കാരം, ബ്രാന്‍ഡിംഗ്, തനിമ നിലനിര്‍ത്തല്‍, കുക്കറി, സര്‍വ്വീസിങ്ങ്, അക്കൗണ്ടിങ്ങ്, വ്യക്തിത്വ വികസനം, ശുചിത്വം, ശൂചീകരണം,ലൈസന്‍സിംഗ്, പദ്ധതി രൂപീകരണം തുടങ്ങിയവയിലാണ് പരിശീലനം നല്‍കിയത്.പദ്ധതി പ്രകാരം ഗ്രാമ – ബ്ലോക്ക് തലത്തില്‍ 35 പുതിയ കാറ്ററിംഗ് & കാന്റീന്‍ യൂണിറ്റുകള്‍ തുടങ്ങിയതോടെ 220 കുടുംബങ്ങള്‍ക്ക് ഉപജീവന മാര്‍ഗ്ഗം കണ്ടെത്താനായി. യുവശ്രീ പദ്ധതി പ്രകാരം യുവതി യുവാക്കള്‍ സംയുക്തമായുളള യൂണിറ്റുകള്‍, യുവതി യുവാക്കള്‍ മാത്രമടങ്ങിയ യൂണിറ്റുകള്‍, റൂറല്‍ മ്രൈകോ എന്റര്‍പ്രൈസസ്സ് (ആര്‍ എം ഇ) പദ്ധതി പ്രകാരം സ്ത്രീകള്‍ മാത്രമടങ്ങിയ യൂണിറ്റുകള്‍ തുടങ്ങി വിവിധ പദ്ധതികളിലൂടെയാണ് പുതുതായി കാന്റീന്‍ & കാറ്ററിംഗ് യൂണിറ്റുകള്‍ തുടങ്ങുന്നത്.