മിന്നല്‍ പേടിയില്‍ മലയോരം

Posted on: May 4, 2014 9:48 am | Last updated: May 4, 2014 at 9:32 am

ആലക്കോട്: വേനല്‍മഴക്കൊപ്പം തീവ്രത കൂടിയ ഇടിമിന്നലുകള്‍ മലയോരത്ത് ഏറിവരുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. മുമ്പൊരിക്കലുമില്ലാത്ത വിധം നിരവധി പേരെ മരണത്തിലേക്ക് തള്ളിവിടാനും ഗുരുതരമായി പരുക്കേല്‍ക്കാനും ഇടവരുത്തുന്ന രീതിയില്‍ ഇടിമിന്നലിന്റെ ശക്തി കൂടിയതാണ് മലയോരവാസികളെ ആശങ്കയിലാഴ്ത്തുന്നത്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ഭൗതിക സാഹചര്യങ്ങളിലുണ്ടായ മാറ്റങ്ങളുമടക്കമുള്ള കാരണങ്ങള്‍ കൊണ്ടാണ് മലബാര്‍ മേഖലയിലെ മലയോരങ്ങളില്‍ മിന്നലിന് ശക്തി കൂടുന്നതെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മലയോര ഗ്രാമങ്ങളില്‍ നിന്ന് ഇടിമിന്നലേറ്റ് ഗുരുതരമായി പരുക്കേറ്റവരുടെ എണ്ണം 100 കവിയും.
അടുത്തിടെ സംസ്ഥാനത്തിന്റെ ഭൗതിക സാഹചര്യങ്ങളില്‍ ഉണ്ടായ മാറ്റങ്ങള്‍ ദുരന്തത്തോത് വര്‍ധിക്കുന്നതിന് കാരണമായതായി അനുമാനിക്കപ്പെടുന്നുണ്ട്. മൊബൈല്‍ ടവറുകള്‍ പോലെയുള്ള ഉയര്‍ന്ന നിര്‍മാണങ്ങളുടെയും മറ്റും പെരുകല്‍ മിന്നല്‍സാധ്യതയ്ക്ക് ആക്കം കൂട്ടിയതായും സംശയിക്കുന്നുണ്ട്.
മുമ്പ് വേനല്‍ മഴയോടുകൂടിയാണ് (ഏപ്രില്‍, മെയ്) തീവ്രമായ ഇടിമിന്നല്‍ ഉണ്ടായിരുന്നത്. എന്നാല്‍ കാലാവസ്ഥാ വ്യതിയാനമടക്കമുള്ള കാരണങ്ങള്‍ കൊണ്ട് തുലാവര്‍ഷക്കാലത്തും(ഒക്ടോബര്‍, നവംബര്‍) ഇടിമിന്നല്‍ വര്‍ധിച്ചതായി കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. മൂന്നുവര്‍ഷമായി കേരളത്തില്‍ പ്രത്യേകിച്ച് മലബാര്‍ മേഖലയില്‍ ഇടിമിന്നല്‍ ദുരന്തങ്ങള്‍ കൂടിവരുന്നതായും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു.
ഇടിമിന്നല്‍ സാധ്യത കൂടുതല്‍ ഉച്ചയ്ക്ക് മൂന്നിനും വൈകുന്നേരം ഏഴിനുമിടയില്‍വലിയ ചൂടുള്ള പകല്‍ദിവസങ്ങളിലാണുണ്ടാവുന്നത്. വൈകുന്നേരം ഇരുണ്ടുമൂടി മഴക്കാറ് നിറഞ്ഞാല്‍ മിന്നല്‍ ശക്തമാകാമെന്ന് നിരീക്ഷകര്‍ പറയുന്നു. 30,000 ഡിഗ്രി സെന്റിഗ്രേഡുവരെയാണ് മിന്നലിന്റെ ചൂട് കണക്കാക്കുന്നത്. ദശലക്ഷക്കണക്കിന് വോള്‍ട്ട് വൈദ്യുതിയാണ് പ്രവഹിക്കുക. സെക്കന്‍ഡിന്റെ പത്തിലൊരംശം സമയം മതി മിന്നലിന് ഭൂമിയിലെത്താന്‍. മിന്നലില്‍ നിന്ന് രക്ഷ നേടാന്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ടെന്നും പുതിയ സാഹചര്യം വിലയിരുത്തി ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
കെട്ടിടത്തിന് പുറത്താണെങ്കില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നിരവധിയാണ്. പൂര്‍ണമായി ലോഹനിര്‍മിതമായ വാഹനത്തിനുള്ളില്‍ ഇരിക്കുന്നത് തികച്ചും സുരക്ഷിതമാണെന്നാണ് വിലയിരുത്തപ്പെട്ടിട്ടുള്ളത്. മിന്നലില്‍ നിന്നുള്ള കറന്റ് പുറമെയുള്ള ലോഹഭാഗങ്ങളിലൂടെ പ്രവഹിച്ച് ഭൂമിയിലേക്ക് പൊയ്‌ക്കോളും. വാഹനത്തിലല്ലെങ്കില്‍, തുറന്ന പ്രദേശത്തു് നില്‍ക്കുന്നത് അപകടമാണ്. മൈതാനത്ത് കളിക്കുന്നതും കുളത്തിലും മറ്റും നീന്തുകയോ വള്ളത്തിലോ ബോട്ടിലെ സഞ്ചരിക്കുകയോ ചെയ്യുന്നതും ഒഴിവാക്കുന്നതാണ് നല്ലത്. ഒറ്റയ്ക്ക് നില്‍ക്കുന്നതോ ഉയരമുള്ളതോ ആയ മരങ്ങളുടെ കീഴില്‍ നില്‍ക്കുന്നതും അപകടം ക്ഷണിച്ചു വരുത്തും. മഴ വരുന്നതുകണ്ട് പശുവിനെ അഴിച്ചു കെട്ടാനും ഉണങ്ങാനിട്ട തുണി എടുത്തു മാറ്റാനും മറ്റുമായി പുറത്തിറങ്ങിയ സമയത്ത് മിന്നലേറ്റു് അപകടമുണ്ടായ സംഭവങ്ങളുണ്ട്. പശുവിന്റെ കയറോ തുണിയിടുന്ന അയയോ കെട്ടിയിരുന്ന മരത്തില്‍ മിന്നലേറ്റാണ് അപകടം പലപ്പോഴുമുണ്ടാകുന്നത്.