അസമില്‍ ആയിരങ്ങള്‍ പലായനം ചെയ്യുന്നു

Posted on: May 4, 2014 9:02 am | Last updated: May 4, 2014 at 1:10 pm

assam photoകൊക്രാജര്‍: അസമിലെ ബക്‌സയിലും കോക്രാജറിലും നടന്ന ബോഡോ തീവ്രവാദി ആക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം 32 ആയി. ബക്‌സ ജില്ലയിലെ ഗ്രാമത്തില്‍ നിന്ന് ഒമ്പത് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതോടെയാണ് ഇത്. കണ്ടെടുത്തവയില്‍ നാല് കുട്ടികളുടെയും രണ്ട് സ്ത്രീകളുടെയും മൃതദേഹങ്ങള്‍ ഉള്‍പ്പെടും. ഗുവാഹത്തിയില്‍ നിന്ന് ഇരുനൂറ് കിലോമീറ്റര്‍ അകലെയുള്ള നാരായണ്‍ഗുരി ഗ്രാമത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. അക്രമങ്ങളില്‍ കൊല്ലപ്പെട്ടവരെല്ലാം മുസ്‌ലിം കുടിയേറ്റക്കാരാണ്.

അക്രമികളെ ഭയന്ന് ബേകി നദീതീരത്തെ കാട്ടില്‍ അഭയം തേടിയ മൂന്ന് വയസ്സിനും ഏഴ് വയസ്സിനും ഇടയില്‍ പ്രായമുള്ള മൂന്ന് കുട്ടികളെ സുരക്ഷാ സൈനികര്‍ രക്ഷപ്പെടുത്തി. അക്രമികള്‍ക്കായി തിരച്ചില്‍ നടത്തിയ സംഘമാണ് ഭയന്ന് കാട്ടില്‍ കഴിയുന്ന കുട്ടികളെ കണ്ടത്. അതിനിടെ, സംഘര്‍ഷബാധിത പ്രദേശത്ത് നിന്ന് ആയിരങ്ങള്‍ പലായനം ചെയ്യുകയാണ്. സുരക്ഷാ സൈനികര്‍ ഗ്രാമങ്ങളില്‍ റോന്ത് ചുറ്റുന്നുണ്ടെങ്കിലും ജനങ്ങളില്‍ ആത്മവിശ്വാസം തിരിച്ചു വന്നിട്ടില്ലെന്ന് ഐ ജി. എസ് എന്‍ സിംഗ് പറഞ്ഞു. ഏത് സമയത്തും എ കെ 47 തോക്കുകളടക്കമുള്ളവയുമായി അക്രമി സംഘം ഇരച്ചെത്തുമെന്ന് ഗ്രാമീണര്‍ ഭയക്കുകയാണെന്നും ചുരുങ്ങിയത് അയ്യായിരം പേര്‍ പലായനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബക്‌സയിലും കൊക്രാജറിലും കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന അക്രമങ്ങളില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 23 പേര്‍ കൊല്ലപ്പെട്ടിരുന്നു. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കൊക്രജാര്‍, ബക്‌സ, ചിരാഗ് ജില്ലകളിലും ധുബ്രിയുടെ ഏതാനും ഭാഗങ്ങളിലും അനിശ്ചിതകാലത്തേക്ക് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അക്രമബാധിത പ്രദേശങ്ങശില്‍ സൈന്യം ഫഌഗ് മാര്‍ച്ച് നടത്തി. മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയെ വിളിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് സ്ഥിതിഗതികള്‍ ആരാഞ്ഞു. സംഘര്‍ഷം വ്യാപിക്കുന്നത് തടയാന്‍ എല്ലാ സഹായങ്ങളും കേന്ദ്രം വാഗ്ദാനം ചെയ്തിട്ടുണ്ട്. അന്വേഷണം എന്‍ ഐ എക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
ബക്‌സ ജില്ലയിലെ ആനന്ദ ബസാര്‍ മേഖലയില്‍ വ്യാഴാഴ്ച നാഷനല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡിന്റെ അനുരഞ്ജനവിരുദ്ധ വിഭാഗം (സംഗ്ബിജിത് വിഭാഗം) തീവ്രവാദികള്‍ ഒരു വീട്ടില്‍ കയറി മൂന്ന് പേരെ വെടിവെച്ചു കൊന്നതോടെയാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കമായത്.
അസമില്‍ ഏപ്രില്‍ 24നാണ് അവസാന ഘട്ട വോട്ടെടുപ്പ് നടന്നത്. തീവ്രവാദികള്‍ പിന്തുണച്ച സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്തില്ലെന്നാരോപിച്ചാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. രണ്ട് വര്‍ഷം മുമ്പ് ഈ മേഖലയില്‍ ബോഡോ തീവ്രവാദികള്‍ കുടിയേറ്റക്കാരായ മുസ്‌ലിംകള്‍ക്കെതിരെ നടത്തിയ കലാപങ്ങളില്‍ നൂറിലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു.