Connect with us

Malappuram

പുല്ലങ്കോട് എസ്റ്റേറ്റ് തൊഴിലാളികള്‍ കാട്ടാനക്കൂട്ടത്തെ കണ്ട് ഭയന്ന് ഓടി

Published

|

Last Updated

കാളികാവ്: ഉദരംപൊയില്‍ മൈതാനത്തിന് സമീപം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് കാട്ടാനക്കൂട്ടം ഇറങ്ങി. ഒരു കുട്ടിയും ഏഴ് വലിയ ആനകളും അടങ്ങുന്ന സംഘം ഒന്നിച്ചാണ് ഉദരംപൊയിലില്‍ എത്തിയത്. പുലരുവോളം കൃഷി സ്ഥലങ്ങളില്‍ തങ്ങിയ കാട്ടാനകള്‍ കാര്‍ഷിക വിളകള്‍ വന്‍തോതില്‍ നശിപ്പിച്ചു.
ഏറെ നേരം കൃഷിയിടങ്ങളില്‍ താണ്ഡവമാടിയ കാട്ടാന സംഘം രാവിലെ അഞ്ച് മണിക്ക് ശേഷമാണ് കൃഷി സ്ഥലങ്ങളില്‍ നിന്ന് കാട് കയറിയത്. നാട്ടുകാര്‍ ശബ്ദമുണ്ടാക്കിയാണ് കാട്ടാനകളെ തുരത്തിയത്. ഞാറക്കാടന്‍ ഹമീദ്, ജലീല്‍ എന്നിവരുടെ വീടുകളുടെ അടുത്ത് വരെ കാട്ടാനകള്‍ എത്തി. നിരവധി തെങ്ങുകളും, വാഴത്തോട്ടവും കാട്ടാനകള്‍ നിലംപരിശാക്കി.
റബര്‍, കമുക് എന്നിവയും വന്‍തോതില്‍ കാട്ടാനക്കൂട്ടം നശിപ്പിച്ചു. ഒറ്റ രാത്രി കൊണ്ട് തന്നെ പതിനായിരങ്ങളുടെ കൃഷിനാശമാണ് കാട്ടാനകള്‍ വരുത്തിയത്. ഞാറക്കാടന്‍ ജലീല്‍, കരീം, ഹംസ, അബ്ബാസ് എന്നിവരുടേയും, കൊളപ്പാടന്‍ സുബ്രഹ്മണ്യന്‍, പട്ടത്ത് ചന്ദ്രന്‍, എന്നിവരുടെ കൃഷിയിടത്തിലാണ് കാട്ടാനക്കൂട്ടം വന്‍തോതില്‍ കൃഷി നശിപ്പിച്ചിരിക്കുന്നത്.
ഇന്നലെ രാവിലെ ആറ് മണിയോടെ ഉദരംപൊയിലില്‍നിന്ന് പുല്ലങ്കോട് എസ്‌റ്റേറ്റിലൂടെ നീങ്ങിയ കാട്ടാന സംഘത്തെ കണ്ട് ടാപ്പിംഗ് തൊഴിലാളികള്‍ ഭയന്നോടി. എസ്റ്റേറ്റിലെ 2002, 2003 റീപ്ലാന്റിംഗ് ഏരിയ യിലൂടെ നീങ്ങിയ കാട്ടാനകള്‍ മാനേജേഴ്‌സ് ബംഗ്ലാവിന് സമീപത്ത് കൂടി പുല്ലങ്കോട് മലവാരത്തിലേക്ക് പോയി. പകല്‍ സമയത്തും എസ്റ്റേറ്റ് അതിര്‍ത്തിയില്‍ തന്നെ കാട്ടാനകള്‍ നിലയുറപ്പിച്ചിരുന്നു. റെയിന്‍ ഗാര്‍ഡിംഗിന് വേണ്ടി ഇറക്കിയിരുന്ന പോളിസ്റ്റിക് കാട്ടാനകള്‍ നശിപ്പിച്ചു.
കാട്ടാനകള്‍ നശിപ്പിച്ച കൃഷി സ്ഥലങ്ങള്‍ ഡപ്യൂട്ടി ഫോറസ്റ്റ് റെയ്ഞ്ചര്‍ സി അജയന്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ മാരായ സി ഡിജിന്‍, ടി പ്രദീഷ്, എം നൗഷാദ്, എന്നിവര്‍ സന്ദര്‍ശിച്ചു. കാട്ടാനക്കൂട്ടം ഇന്നലെ രാത്രിയായതോടെ പുല്ലങ്കോട് എസ്‌റ്റേറ്റിലേക്ക് ഇറങ്ങി. രാത്രി ഏറെ വൈകിയും എസ്‌റ്റേറ്റ് വാച്ചര്‍മാര്‍ പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയും ആനകളെ കാട്ടിലേക്ക് ഓടിക്കാനുള്ള ശ്രമം തുടര്‍ന്നു.

 

Latest