നാല് ദിവസം പ്രായമുള്ള കുഞ്ഞിന് പേസ്‌മേക്കര്‍ ഘടിപ്പിച്ചു

Posted on: May 4, 2014 8:10 am | Last updated: May 4, 2014 at 8:10 am

കോയമ്പത്തൂര്‍: ഹൃദയപ്രവര്‍ത്തനത്തിന് പേസ്‌മേക്കര്‍ ഘടിപ്പിച്ച് പിഞ്ചുകുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്തി. കെ എം സി എച്ചിലാണ് ജനിച്ച് നാല് ദിവസം മാത്രം പ്രായമായ നവജാത ശിശുവിന്റെ ഹൃദയത്തില്‍ പേസ്‌മേക്കര്‍ വിജയകരമായി വെച്ചുപിടിപ്പിച്ചത്.——മേട്ടുപ്പാളയത്തെ ആശുപത്രിയില്‍ സിസേറിയനിലൂടെ നൈസി എന്ന യുവതിയാണ് കുഞ്ഞിന് ജന്മംനല്‍കിയത്. ജനിച്ചയുടന്‍ കുട്ടിയുടെ ഹൃദയമിടിപ്പ് വളരെ കുറഞ്ഞതോതിലാണെന്ന് കണ്ടെത്തി. പെട്ടെന്നുതന്നെ കുട്ടിയെ കോയമ്പത്തൂരില്‍ കെ എം സി എച്ചിലെ നിയോനേറ്റല്‍ ഐ സി യു വില്‍ പ്രവേശിപ്പിച്ചു.
ആശുപത്രിയിലെ കുട്ടികളുടെ ഹൃദ്രോഗ വിദഗ്ദനായ ഡോ. ദേവപ്രസാദ്, ഡോ. ശീനിവാസന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടിയെ പരിശോധിച്ചത്. ഹൃദയധമനിയില്‍ ഗുരുതരമായ ബ്ലോക്കുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് കുട്ടിക്ക് പേസ്‌മേക്കര്‍ ഘടിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചു. നാല് ദിവസംമാത്രം പ്രായമായ നവജാതശിശുവിന്റെ ഹൃദയത്തില്‍ പേസ്‌മേക്കര്‍ ഘടിപ്പിക്കാന്‍ അതിസങ്കീര്‍ണ ശസ്ത്രക്രിയയാണ് വേണ്ടിവന്നത്. കുട്ടിയെ കെ എം സി എച്ച് ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ മിനിട്ടില്‍ 40 മാത്രമായിരുന്ന പള്‍സ്‌റേറ്റ.് ശസ്ത്രക്രിയയ്ക്കുശേഷം 125 ആയി ഉയര്‍ന്നതായി കെ എം സി എച്ച് അധികൃതര്‍ അറിയിച്ചു. കുട്ടി അപകടനില തരണംചെയ്തു.