വരള്‍ച്ച ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ജനപ്രതിനിധികളുടെ യോഗത്തില്‍ ബഹളം

Posted on: May 4, 2014 8:07 am | Last updated: May 4, 2014 at 8:07 am

പട്ടാമ്പി: വരള്‍ച്ച ചര്‍ച്ച ചെയ്യാന്‍ പട്ടാമ്പി താലൂക്ക് ഓഫീസില്‍ വിളിച്ചു ചേര്‍ത്ത ജനപ്രതിനിധികളുടെയും പഞ്ചായത്ത് പ്രസിഡന്റുമാരുടെയും യോഗത്തില്‍ ബഹളം. പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാനാകാതെ യോഗം പിരിഞ്ഞു.
ടാങ്കര്‍ ലോറികളില്‍ കുടിവെള്ളം എത്തിക്കുമെന്ന ജില്ലാ കലക്ടറുടെ തീരുമാനം നടപ്പാക്കാത്തത് എന്ത് കൊണ്ടാണെന്നായിരുന്നു പഞ്ചായത്ത് പ്രസിഡന്റുമാരുടെ ചോദ്യം. സി പി മുഹമ്മദ് എംഎല്‍ എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം എല്‍ എക്കും വ്യക്തമായ ഉത്തരം നല്‍കാനായില്ല. വരള്‍ച്ചാ ദുരിതാശ്വാസം എങ്ങിനെ നടപ്പാക്കുമെന്നതിലെ ആശയക്കുഴപ്പത്തിനെതിരെ ജനപ്രതിനിധികള്‍ രൂക്ഷവിമര്‍ശനമുയര്‍ത്തി. യോഗത്തിനെത്തിയവര്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോകാന്‍ ഒരുങ്ങവെ, എം എല്‍ എ ജില്ലാ കലക്ടറെ ഫോണില്‍ വിളിച്ച് നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ കുടിവെള്ള വിതരണത്തിനുള്ള ടെന്‍ഡര്‍ നല്‍കിയെന്നായിരുന്നു കലക്ടറുടെ വിശദീകരണം.
അതേ സമയം പഞ്ചായത്തുകളില്‍ എന്നു മുതല്‍ കുടിവെള്ളം വിതരണം ചെയ്യുമെന്ന പഞ്ചായത്ത് പ്രസിഡന്റുമാരുടെ ചോദ്യത്തിന് തഹസില്‍ദാര്‍ക്കും വ്യക്തമായ മറുപടിയുണ്ടായില്ല. വരള്‍ച്ചാ ദുരിതാശ്വാസത്തിന് ജില്ലക്ക് അനുവദിച്ച രണ്ട് കോടി മതിയാകില്ലെന്നും 25 കോടി രൂപ അനുവദിക്കണമെന്നും ജില്ലാ കലക്ടറോട് എംഎല്‍ എ ആവശ്യപ്പെട്ടു. വരള്‍ച്ചാദുരിതാശ്വാസ വിതരണത്തില്‍ പ്രായോഗികമായ സമീപനം കൈകൊള്ളണമെന്നായിരുന്നു ത്രിതല പഞ്ചായത്ത് പ്രതിനിധികളുടെ ആവശ്യം. കുടിവെള്ള പദ്ധതികള്‍ കമ്മീഷന്‍ ചെയ്യാനുള്ള നടപടികള്‍ ദ്രുതഗതിയില്‍ വേണം.
പൊതുകുളങ്ങളും കിണറുകളും നവീകരിക്കാന്‍ ഫണ്ട് അനുവദിക്കണം. കുടിവെള്ള വിതരണ ചുമതല പഞ്ചായത്തുകളെ ഏല്‍പ്പിക്കണം. ദുരിതാശ്വാസ തുക വര്‍ധിപ്പിക്കണം എന്നീ ആവശ്യങ്ങളും യോഗത്തില്‍ ഉയര്‍ന്നു. പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി വസന്ത, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ പി വാപ്പുട്ടി, കെ അബ്ദുര്‍റഹിമാന്‍, കെ പി ധന്യ, പി എം ഉഷ, എം എ സമദ്, കെ കൃഷ്ണകുമാരി, തഹസില്‍ദാര്‍ പി കെ ഉണ്ണികൃഷ്ണന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ സക്കീര്‍ഹുസൈന്‍ പങ്കെടുത്തു.