മോദി രാക്ഷസനെന്ന് ബേനി പ്രസാദ് വര്‍മ

    Posted on: May 4, 2014 1:17 am | Last updated: May 4, 2014 at 1:17 am

    ഗോണ്ട (ഉത്തര്‍പ്രദേശ്): തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശാസന വകവെക്കാതെ മോദിക്കെതിരെ കടന്നാക്രമണവുമായി കേന്ദ്ര മന്ത്രി ബേനി പ്രസാദ് വര്‍മ വീണ്ടും. ഇത്തവണ മോദിയെ രാക്ഷസനെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഉത്തര്‍പ്രദേശിലെ മസ്‌കന്‍വയില്‍ വെള്ളിയാഴ്ച രാത്രി പങ്കെടുത്ത തിരഞ്ഞെടുപ്പ് റാലിയിലാണ് ബേനി പ്രസാദ് വര്‍മ വിവാദ പരാമര്‍ശം നടത്തിയത്. അദ്ദേഹത്തിനെതിരെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ചാപിയ പോലീസ് സ്റ്റേഷനില്‍ പ്രഥമ വിവര റിപ്പോര്‍ട്ട് ഫയല്‍ ചെയ്തു. ഇന്നലെ രാവിലെയാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. രാജ്യത്തെ ഹിന്ദുക്കളെയും മുസ്‌ലിംകളെയും ഭിന്നിപ്പിക്കാനും അവര്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്താനും ശ്രമിക്കുന്ന മോദി മനുഷ്യനല്ല, രാക്ഷസനാണ്. ഒരു മനുഷ്യനാണോയെന്ന് മോദി സ്വയം വ്യക്തമാക്കണം. ഗുജറാത്തിലെ കൂട്ടക്കൊല കര്‍സേവകര്‍ മരിച്ചതിലുള്ള സ്വാഭാവിക പ്രതികരണമെന്നാണ് മോദി വിശേഷിപ്പിച്ചത്. ഒരു പട്ടിക്കുട്ടി കാറിന്റെ ചക്രങ്ങള്‍ക്കടിയില്‍ പെട്ടാല്‍ തനിക്ക് ദു:ഖം തോന്നുമെന്ന് പറയുന്ന മോദി യഥാര്‍ത്ഥത്തില്‍ മുസ്‌ലിംകളെ കളിയാക്കുകയാണ്. ഇതായിരുന്നു ബേനി പ്രസാദിന്റെ വാക്കുകള്‍.
    മോദി രാജ്യത്തിന്റെയും ജനാധിപത്യത്തിന്റെയും കൊടുംശത്രുവാണെന്ന് പറഞ്ഞ അദ്ദേഹം മോദി അധികാരത്തിലെത്തിയാല്‍ രാജ്യത്തെ 85 ശതമാനം വരുന്നവരുടെയും ആത്മാഭിമാനം നഷ്ടപ്പെടുമെന്നും വ്യക്തമാക്കി. കോണ്‍ഗ്രസ് ഇല്ലാത്ത ഇന്ത്യയാണ് തന്റെ ലക്ഷ്യമെന്ന് മോദി പറയുന്നു. ബ്രിട്ടീഷുകാര്‍ക്കു പോലും കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ല, പിന്നെ ബി ജെ പിക്ക് എങ്ങനെയാണ് അത് സാധിക്കുകയെന്നും ബേനി ചോദിച്ചു.
    മോദിക്കെതിരായ മോശം പരാമര്‍ശത്തെ തുടര്‍ന്ന് നേരത്തെ ബേനി പ്രസാദിനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശാസിച്ചിരുന്നു. ഇത്തരം പ്രസ്താവനകള്‍ ആവര്‍ത്തിച്ചാല്‍ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് വിലക്കുമെന്നും കമ്മീഷന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.