Connect with us

Ongoing News

ഉമ്മന്‍ ചാണ്ടി തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ചതായി പരാതി

Published

|

Last Updated

കോയമ്പത്തൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കോയമ്പത്തൂരില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടങ്ങള്‍ ലംഘിച്ചതായി പരാതി. കോയമ്പത്തൂരിലെ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി പൊന്‍ചന്ദ്രനാണ് ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പുകമ്മിഷന് പരാതി നല്‍കിയത്. കോയമ്പത്തൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആര്‍ പ്രഭുവിന് വേണ്ടി പ്രചാരണം നടത്താന്‍ കഴിഞ്ഞ 19നാണ് ഉമ്മന്‍ ചാണ്ടി എത്തിയത്. നഗരത്തിലെ പ്രധാനപ്പെട്ട ചില ആരാധനാലയങ്ങളും മതകേന്ദ്രങ്ങളും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. ഇത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് പരാതിയില്‍ പറയുന്നു. കോയമ്പത്തൂരിലെ മലയാളി സംഘടനയായ എഫ് —സി എം എ യുടെ വിഷു, ഈസ്റ്റര്‍ ആഘോഷങ്ങളുടെ മറവില്‍ തിരഞ്ഞെടുപ്പു പ്രചാരണമാണ് നടത്തിയതെന്നും മുഖ്യമന്ത്രിക്കൊപ്പം സ്ഥാനാര്‍ഥി ആര്‍ പ്രഭുവും ഈ യോഗത്തില്‍ പങ്കെടുത്തെന്നും പരാതിയില്‍ സൂചിപ്പിക്കുന്നു.
കോയമ്പത്തൂര്‍ മേഖലയിലെ ഭാഷാ, മത ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാന്‍ നടത്തിയ ഈ ശ്രമങ്ങള്‍ തിരഞ്ഞെടുപ്പു ചട്ടങ്ങളുടെ ലംഘനമാണെന്നാണ് പരാതിയില്‍ പറയുന്നത്. തിരുവനന്തപുരത്തുനിന്ന് കോയമ്പത്തൂരില്‍ വന്ന് തിരിച്ചുപോകാന്‍ ‘ചാര്‍ട്ടേഡ് വിമാനം’ ഉപയോഗിച്ചതിന് ചെലവായ ഏഴ് ലക്ഷത്തോളം രൂപ മലയാളി അസോസിയേഷനാണ് നല്‍കിയതെന്നും ആരോപണമുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സംഘടന വിവിധ പത്രങ്ങളില്‍ നല്‍കിയ പരസ്യത്തിന് ചെലവായ തുകയും സ്ഥാനാര്‍ഥിയാണ് വഹിച്ചിരിക്കുന്നതെന്നും സംഘടനയുടെ ബേങ്ക് അക്കൗണ്ടുകള്‍ പരിശോധനക്ക് വിധേയമാക്കണമെന്നും പരാതിയില്‍ പറയുന്നു.

Latest