പാര്‍ട്ടിക്കോട്ടയില്‍ റാബ്‌റി ദേവിക്ക് പരീക്ഷണ കാലം

  Posted on: May 4, 2014 5:15 am | Last updated: May 4, 2014 at 1:16 am

  ‘മുതിര്‍ന്നവര്‍ ലാലുജിക്ക് പിറകേ അടിയുറച്ച് നില്‍ക്കും. ആ തലമുറക്ക് ലാലു എന്തൊക്കെയാണ് ചെയ്തതെന്ന് മറക്കാനാകില്ല. എന്നാല്‍ വിദ്യാസമ്പന്നരായ പുതിയ വോട്ടര്‍മാര്‍ക്ക് അത്തരം ഓര്‍മകളൊന്നുമില്ല. അവര്‍ എങ്ങനെ ചിന്തിക്കുമെന്ന് പറയാനാകില്ല’- പറയുന്നത് 63കാരനായ ഭവനാഥ് റായി. ഛപ്ര ജില്ലയിലെ പ്രമുഖ യാദവ ഗ്രാമമായ മജ്ഹാലിയക്കാരനാണ് റായി. ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളിന്റെ ശക്തി കേന്ദ്രമാണ് ഈ ഗ്രാമം. പക്ഷേ ഇവിടുത്തെ യാദവ പ്രമുഖന്‍ പോലും പുതു തലമുറയുടെ പാര്‍ട്ടി കൂറില്‍ സംശയാലുവാണ്.
  ഈ സംശയം പ്രസക്തമാകുന്നത് ഈ ഗ്രാമം ഉള്‍പ്പെടുന്ന ലോക്‌സഭാ മണ്ഡലം ഏതെന്ന് അറിയുമ്പോഴാണ്. ആര്‍ ജെ ഡി മേധാവി ലാലു പ്രസാദ് യാദവിന്റെ ഭാര്യയും മുന്‍ മുഖ്യമന്ത്രിയുമായ റാബ്‌റി ദേവിയും ബി ജെ പിയിലെ രാജീവ് പ്രതാപ് റൂഡിയും ഏറ്റുമുട്ടുന്ന സരണ്‍ ആണ് മണ്ഡലം.
  ആര്‍ ജെ ഡിയുടെ പരമ്പരാഗത മണ്ഡലമാണെങ്കിലും ഇത്തവണ റാബ്‌റി ഇവിടെ കടുത്ത മത്സരമാണ് നേരിടുന്നത്. സ്ഥാനാര്‍ഥിത്വത്തിനെതിരെ പാര്‍ട്ടി അണികളില്‍ നിന്ന് തുടക്കത്തില്‍ ഉയര്‍ന്ന എതിര്‍സ്വരം മുതല്‍ യുവാക്കളുടെ മനോഭാവം വരെ പാര്‍ട്ടിയുടെ സാധ്യതക്ക് മങ്ങലേല്‍പ്പിക്കുകയാണ്. നരേന്ദ്ര മോദിക്ക് കിട്ടുന്ന മാധ്യമ പിന്തുണ മണ്ഡലത്തിലെ യുവ യാദവ വോട്ടര്‍മാരെ സ്വാധീനിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല, ബി ജെ പി ഉയര്‍ത്തുന്ന വികസന പ്രചാരണത്തില്‍ പിടിച്ച് നില്‍ക്കാന്‍ ദീര്‍ഘകാലം ഭരണ കക്ഷിയായിരുന്ന ആര്‍ ജെ ഡിക്ക് സാധിക്കുന്നില്ല. അതേസമയം, മുസ്‌ലിം വോട്ടര്‍മാര്‍ കൂട്ടത്തോടെ ആര്‍ ജെ ഡിയോടൊപ്പം നില്‍ക്കുമെന്ന ആത്മവിശ്വാസം പാര്‍ട്ടിക്കുണ്ട്.
  1500 കോടി രൂപയുടെ റെയില്‍വേ പ്ലാന്റ് മണ്ഡലത്തില്‍ കൊണ്ടുവരാന്‍ സാധിച്ചത് വികസന മുരടിപ്പ് ആരോപണത്തിന് മറുപടിയായി ലാലു ഉയര്‍ത്തിക്കാണിക്കുന്നു. പക്ഷേ ഈ ഫാക്ടറിക്കായി സ്ഥലം വിട്ട് നല്‍കി വന്‍ നഷ്ടപരിഹാരവും ജോലിയും സമ്പാദിച്ചത് യാദവ വിഭാഗത്തില്‍ നിന്നുള്ളവരാണെന്ന് മറ്റുള്ളവര്‍ കുറ്റപ്പെടുത്തുകയാണ്.
  മണ്ഡലത്തില്‍ വോട്ടര്‍മാരുടെ എണ്ണം കണക്കിലെടുത്താല്‍ രജപുത്ര വിഭാഗവും യാദവ വിഭാഗവും ഒപ്പത്തിനൊപ്പമാണ്. രാം വിലാസ് പാസ്വാന്റെ എല്‍ ജെ പിയുമായുള്ള സഖ്യം ഈ അര്‍ഥത്തില്‍ ബി ജെ പിക്ക് വലിയ ഗുണം ചെയ്യുന്നുണ്ട്. പ്രചാരണം ശക്തമാക്കാന്‍ എല്‍ ജെ പിയുടെ സാന്നിധ്യം കുറച്ചൊന്നുമല്ല റൂഡിയെ തുണക്കുന്നത്. ഉയര്‍ന്ന ജാതി വിഭാഗമായ ഭൂമിഹാറുകള്‍ എവിടെ നില്‍ക്കുമെന്നതും പ്രധാനമാണ്. മത്സരം ഇഞ്ചോടിഞ്ചായാല്‍ ഇവരുടെ വോട്ട് നിര്‍ണായകമാകും. സരണിന് പുറത്ത് ഇവര്‍ നരേന്ദ്ര മോദിയെ വാഴ്ത്തുന്നവരാണ്. എന്നാല്‍ സരണില്‍ ഈ വിഭാഗത്തിലെ ഉന്നതര്‍ പരസ്യമായി ബി ജെ പിയോട് ചായ്‌വ് പ്രദര്‍ശിപ്പിച്ചിട്ടില്ല.
  കാലിത്തീറ്റ കുംഭകോണത്തില്‍ ഉള്‍പ്പെട്ട ലാലുവിന് മത്സരിക്കാനാകത്തത് കൊണ്ടാണ് റാബ്‌റിയെ സരണില്‍ നിര്‍ത്തിയതെന്ന് എല്ലാവര്‍ക്കുമറിയാം. അതുകൊണ്ട് തന്നെ റാബ്‌റി ബിനാമി സ്ഥാനാര്‍ഥിയാണ്. റാബ്‌റി തോറ്റാല്‍ അത് ലാലുവിന്റെ വ്യക്തിപരമായ തോല്‍വിയായിരിക്കും. ആ നിലക്ക് ഇതിനകം പ്രധാന്യം കൈവന്ന തിരഞ്ഞെടുപ്പില്‍ റാബ്‌റി ദേവി കടുത്ത വെല്ലുവിളി നേരിടുന്നുവെന്ന് തന്നെയാണ് ഏറ്റവും ഒടുവില്‍ വ്യക്തമാകുന്നത്. ‘ മണ്ഡലത്തില്‍ ലാലുവിന് ശക്തമായ സ്വാധീനമുണ്ടെന്നത് വസ്തുതയാണ്. ആര്‍ ജെ ഡിയുടെ സലീം പര്‍വേസും രംഗത്തുണ്ട്.
  2004ലും 2009ലും തുടര്‍ച്ചയായി പ്രതാപ് റൂഡിയെ 50,000 വോട്ടുകള്‍ക്ക് ലാലു തോല്‍പ്പിച്ച ചരിത്രവും ഉണ്ട്. പക്ഷേ, റാബ്‌റിക്ക് ആ തീവ്ര ബന്ധം സൃഷ്ടിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല’ – രജപുത് വിഭാഗക്കാരനായ ബച്ചാ സിംഗ് പറയുന്നു. മണ്ഡലത്തില്‍ 123 റാലികളില്‍ ലാലു പ്രസാദ് നേരിട്ട് പങ്കെടുത്തു കഴിഞ്ഞു. തിരക്കേറിയ ഷെഡ്യൂളാണ് അദ്ദേഹത്തിന് മണ്ഡലത്തില്‍ ഉള്ളത്. അദ്ദേഹം ഇവിടെ കേന്ദ്രീകരിക്കുന്നത് ചില അപകടങ്ങള്‍ മണക്കുന്നത് കൊണ്ടാണെന്നും വിലയിരുത്തലുണ്ട്.
  റാബ്‌റി ദേവിയെ നേരിട്ട് വിമര്‍ശിക്കാതെയാണ് റൂഡിയുടെ പ്രചാരണം. യാദവ വികാരം വ്രണപ്പെടുത്തരുതെന്ന് പ്രത്യേകിച്ച്, സ്ത്രീ വോട്ടര്‍മാരുടെ, നിര്‍ബന്ധമുള്ളത് കൊണ്ടാണത്രേ അത്. എന്നാല്‍ എന്ത് തന്ത്രം പയറ്റിയാലും സരണില്‍ റാബ്‌റി ജയിച്ചുകയറുമെന്നാണ് ആര്‍ ജെ ഡിയുടെ പ്രചാരണത്തിന് നേതൃത്വം നല്‍കുന്ന ഉദിത് റായി എം എല്‍ എ പറയുന്നത്. മത്സരം കടുത്തതാണെന്ന് മാത്രം അദ്ദേഹം സമ്മതിക്കുന്നു.