Connect with us

International

തായ്‌ലന്‍ഡില്‍ തിരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന് പ്രതിപക്ഷം

Published

|

Last Updated

ബാങ്കോക്: തായ്‌ലന്‍ഡില്‍ തിരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത്. ജൂലൈ മാസത്തില്‍ നടത്താനിരുന്ന തിരഞ്ഞെടുപ്പ് ആറ് മാസത്തേക്ക് മാറ്റിവെക്കണമെന്നാണ് ഇവരുടെ ആവശ്യം. പത്ത് നിര്‍ദേശങ്ങളടങ്ങിയ പാക്കേജാണ് പ്രതിപക്ഷം മുന്നോട്ടുവെച്ചത്.
തിരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിക്കാന്‍ നിലവിലെ സര്‍ക്കാര്‍ രാജി വെച്ച് താത്കാലിക മന്ത്രിസഭ രൂപവത്കരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. 2013 നവംബറില്‍ ബാങ്കോക്കില്‍ ആരംഭിച്ച സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം കടുത്ത പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. ഫെബ്രുവരിയില്‍ നടന്ന തിരഞ്ഞെടുപ്പ് ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ജൂലൈ 20ന് തിരഞ്ഞെടുപ്പ് തീരുമാനിക്കുകയായിരുന്നു. ഫെബ്രുവരിയില്‍ നടന്ന വോട്ടെടുപ്പില്‍ ഭരണകക്ഷിയായ തായ് പാര്‍ട്ടി വിജയിക്കുമെന്നാണ് കരുതിയിരുന്നത്. പ്രതിപക്ഷം തിരഞ്ഞെടുപ്പ് പൂര്‍ണമായും ബഹിഷ്‌കരിച്ചിരുന്നു.
പ്രധാനമന്ത്രി യിംഗ്‌ലക്ക് ഷിനാവത്രയെ പിന്തുണക്കുന്നവര്‍ രാജ്യത്ത് പലയിടങ്ങളിലായി പ്രകടനങ്ങള്‍ സംഘടിപ്പിച്ചു വരുന്നുണ്ട്. അക്രമങ്ങള്‍ക്ക് അറുതി വരുത്തുക, തിരഞ്ഞെടപ്പിനു മുമ്പ് തന്നെ രാജ്യത്തെ സമാധാനാവസ്ഥയിലെത്തിക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ് പ്രതിപക്ഷം ജൂലൈയിലെ തിരഞ്ഞെടുപ്പിന് തടസ്സം നില്‍ക്കുന്നത്.
പ്രതിപക്ഷ നേതാവ് അഭിസിതിന്റെ നിര്‍ദേശങ്ങള്‍ ഭരണഘടനാവിരുദ്ധമാണെന്ന് വിദ്യാഭ്യാസ മന്ത്രി ചതുറോന്‍ ചൈസംഗ് പ്രതികരിച്ചു. തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന ആവശ്യത്തിന് പുറമെ തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കാന്‍ പാര്‍ട്ടിയേതര സര്‍ക്കാര്‍ രൂപവത്കരിക്കണമെന്നതാണ് ഇവരുടെ പ്രധാന ആവശ്യം.

Latest