കിഴക്കന്‍ ഉക്രൈനില്‍ തെരുവുയുദ്ധം; 42 പേര്‍ മരിച്ചു

Posted on: May 4, 2014 12:57 am | Last updated: May 4, 2014 at 12:57 am

ഒഡേസ: കിഴക്കന്‍ ഉക്രൈനില്‍ സ്ഥിതി കൂടുതല്‍ രൂക്ഷമാക്കി, റഷ്യന്‍ അനുകൂലികളും ഉക്രൈന്‍ അനുകൂലികളും തമ്മില്‍ തെരുവുയുദ്ധം. ഒഡേസയില്‍ നടന്ന ആക്രമണത്തില്‍ 42 പേര്‍ മരിച്ചു. റഷ്യന്‍ അനുകൂലികള്‍ തമ്പടിച്ച കെട്ടിടത്തിന് തീവെച്ചു. അതേസമയം, എട്ട് ദിവസം മുമ്പ് ബന്ദികളാക്കിയ യൂറോപ്യന്‍ സൈനിക നിരീക്ഷകരെ റഷ്യന്‍ വിമതര്‍ വിട്ടയച്ചു. വിമതര്‍ കൈയടക്കിയ പ്രദേശങ്ങള്‍ തിരിച്ചുപിടിക്കുന്നതിന് ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക നീക്കത്തിന് ഉക്രൈന്‍ ആഹ്വാനം ചെയ്തു.
കരിങ്കടല്‍ തീരത്തെ തുറമുഖ നഗരമായ ഒഡേസയിലാണ് ഏറ്റുമുട്ടലും തീവെപ്പുമുണ്ടായത്. ട്രേഡ് യൂനിയന്‍ ഓഫീസ് വളഞ്ഞ് അക്രമികള്‍ തീവെക്കുകയായിരുന്നു. ഉക്രൈന്‍ പ്രസിഡന്റ് രാജ്യം വിട്ടതിനു ശേഷം ഫെബ്രുവരി മുതലുള്ള സംഘര്‍ഷാവസ്ഥക്കിടെയുണ്ടായ ഏറ്റവും വലിയ അക്രമസംഭവമാണ് ഇത്. അതിനിടെ, പതിനായിരക്കണക്കിന് സൈനികരെ റഷ്യ അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുണ്ട്. റഷ്യന്‍ ഭാഷ സംസാരിക്കുന്നവരെ സംരക്ഷിക്കാന്‍ വേണ്ടി ഉക്രൈനില്‍ കടക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്ന് റഷ്യ പ്രഖ്യാപിച്ചു. മരണങ്ങള്‍ക്ക് ഉത്തരവാദികള്‍ ഉക്രൈനും പിന്തുണ നല്‍കുന്ന പടിഞ്ഞാറന്‍ ശക്തികളുമാണെന്നും റഷ്യ വ്യക്തമാക്കി. റഷ്യന്‍ അനുകൂലികളുടെ ശക്തികേന്ദ്രമായ മോള്‍ദോവയിലെ ട്രാന്‍സ്ദ്‌നീസ്ത്രിയയില്‍ നിന്നുള്ള വിദേശ പ്രക്ഷോഭകര്‍ നടത്തിയ പ്രകോപനത്തെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായതെന്ന് ഉക്രൈന്‍ ആരോപിച്ചു. മരിച്ചവരിലധികവും അവിടുത്തുകാരാണ്. മോള്‍ദോവയില്‍ റഷ്യക്ക് സൈനിക കേന്ദ്രമുണ്ട്.
ട്രേഡ് യൂനിയന്‍ കെട്ടിടത്തിന്റെ കത്തിക്കരിഞ്ഞ വാതിലുകള്‍ക്ക് സമീപം വെക്കാന്‍ പൂക്കളുമായി തദ്ദേശവാസികള്‍ രാവിലെയെത്തി. റഷ്യന്‍ അനുകൂലികള്‍ തമ്പടിച്ച കെട്ടിടമായിരുന്നു ഇത്. കെട്ടിടത്തിന് പുറത്ത് ‘ഒഡേസ റഷ്യന്‍ നഗരമാണെന്ന്’ മുദ്രാവാക്യം മുഴക്കി 2000ത്തോളം റഷ്യന്‍ അനുകൂല പ്രക്ഷോഭകര്‍ ഒത്തുചേര്‍ന്നു. ഇതിനടുത്തുള്ള ആശുപത്രിക്ക് സമീപം രക്തവും അവശ്യമരുന്നുകളും വസ്തുക്കളും നല്‍കാന്‍ തദ്ദേശവാസികളുടെ നീണ്ട വരിയായിരുന്നു. ഈ മാസം 11ന് ഇവിടെ ഹിതപരിശോധന നടത്താന്‍ വിമതര്‍ തീരുമാനിച്ചിട്ടുണ്ട്.