കൊച്ചി മെട്രൊ റെയില്‍ പ്രശ്‌നത്തില്‍ എം എല്‍ എയും മേയറും നേര്‍ക്കുനേര്‍

Posted on: May 4, 2014 12:35 am | Last updated: May 4, 2014 at 12:35 am

കൊച്ചി: കൊച്ചി മെട്രൊ റെയിലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ എറണാകുളം എം എല്‍ എ ഹൈബി ഈഡനും കൊച്ചി മേയര്‍ ടോണി ചമ്മിണിയും കൊമ്പുകോര്‍ക്കുന്നു. കൊച്ചി മെട്രോയുടെ നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള നഗരസഭയുടെ കടമകള്‍ പാലിക്കാതെ സര്‍ക്കാറിനെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് ഹൈബി ഈഡന്‍ എം എല്‍ എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നഗരസഭ കടമകള്‍ മറക്കുകയാണ്. ചെയ്യേണ്ടത് ചെയ്യാതെ പ്രശ്‌നങ്ങളുടെ ഉത്തരവാദിത്വം സര്‍ക്കാറിന്റെ തലയില്‍ കെട്ടിവക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. മെട്രൊയുടെ അനുബന്ധ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ സര്‍ക്കാര്‍ പരാജയമെന്ന് കഴിഞ്ഞ ദിവസം മേയര്‍ ടോണി ചമ്മണി സ്വകാര്യ ചാനലില്‍ പ്രതികരിച്ചിരുന്നു. ഇതിന് മറുപടിയായി നഗരസഭയുടെ പരാജയങ്ങള്‍ അക്കമിട്ടു നിരത്തിക്കൊണ്ടായിരുന്നു എം എല്‍ എയുടെ പ്രതികരണം.

മെട്രൊ നിര്‍മാണത്തിന് മുമ്പ് പൂര്‍ത്തിയാക്കേണ്ട പദ്ധതിയാണ് തമ്മനം പുല്ലേപ്പടി റോഡിന്റെ വികസനം. എന്നാല്‍ റോഡ് വികസനത്തിനായി അനുവദിച്ച 25 കോടിയും അറ്റ്‌ലാന്റിസ് ആര്‍ ഒ ബിക്കായി അനുവദിച്ച 48 കോടി രൂപയും നാളിതുവരെ ചെലവഴിച്ചിട്ടില്ല. ഭൂമി ഏറ്റെടുക്കാന്‍ കൂടുതല്‍ തുക ആവശ്യമാണ് എന്ന കാരണം പറഞ്ഞാണ് പദ്ധതി നടപ്പാക്കാത്തത്.— കൊച്ചിയുടെ വികസനത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന നഗരസഭ എന്ന നിലയില്‍ സര്‍ക്കാറില്‍ നിന്ന് കൂടുതല്‍ ഫണ്ട് ചോദിച്ച് വാങ്ങാനും സമ്മര്‍ദ ശക്തിയാകാനുമുള്ള ഉത്തരവാദിത്വം മേയര്‍ക്കുണ്ട്. എന്നാല്‍ ഇത്തരം ഉത്തരവാദിത്വത്തില്‍ നിന്ന് മേയര്‍ ഒഴിഞ്ഞുമാറുന്നു. ജനറം പദ്ധതികളില്‍ നഗരസഭയുടെ വിഹിതം നല്‍കാത്തതിനാല്‍ പല പദ്ധതികളും നഷ്ടപ്പെടുന്ന അവസ്ഥയുമുണ്ടായി. ഭൂമി ഏറ്റെടുക്കല്‍ ആവശ്യമില്ലാത്ത പദ്ധതികളുടെ സ്ഥിതിയും ഇതു തന്നെയാെണന്നും ഹൈബി ഈഡന്‍ പറഞ്ഞു. പദ്ധതികള്‍ നടപ്പാക്കുന്നതിനായി ഇഛാശക്തിയോടെ തീരുമാനമെടുക്കാന്‍ മേയര്‍ എന്ന നിലയില്‍ ടോണി ചമ്മണിക്ക് കഴിയുന്നില്ല. മെട്രൊ നിര്‍മാണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ജനപ്രതിനിധികളുടെ അഭിപ്രായങ്ങള്‍ പരിഗണിക്കപ്പെടണം. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഏഴിന് തിരുവനന്തപുരത്ത് ചേരുന്ന യോഗത്തില്‍ ഇതുസംബന്ധിച്ചുള്ള അഭിപ്രായം വ്യക്തമാക്കും. മുട്ടം യാര്‍ഡിന്റെ നിര്‍മാണത്തിനിടെയുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇവിടെ ഏറ്റെടുത്ത ഭൂമിയുടെ വില ചിലര്‍ക്ക് നല്‍കിയിട്ടുണ്ട്. ചിലര്‍ക്ക് കൂറച്ച് കൂടി നല്‍കാനുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ കൂടിയാലോചന വഴിയേ പരിഹരിക്കാനാകൂ. രാജേന്ദ്ര മൈതാനത്ത് ആരംഭിക്കാനുദ്ദേശിക്കുന്ന ലേസര്‍ ഷോയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിച്ചുവരികയാണ്. ജി സി ഡി എ ചെയര്‍മാന്‍ എന്‍ വേണുഗോപാലും കൊച്ചി മേയറും തമ്മിലുള്ള വ്യക്തിപരമായ പ്രശ്‌നങ്ങള്‍ മാറ്റിവെക്കണം. ഇരുവരും പരസ്പരം യോജിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ വസ്തുതകള്‍ മനസിലാക്കാതെയാണ് ഹൈബിയുടെ പ്രതികരണമെന്നായിരുന്നു മേയര്‍ ടോണി ചമ്മിണിയുടെ മറുപടി . ഏത് സാഹചര്യത്തിലാണ് എം എല്‍ എ ഇങ്ങനെ പ്രതികരിച്ചതെന്ന് തനിക്ക് അറിയില്ല. മെട്രൊ നിര്‍മാണത്തില്‍ എല്ലാ സഹകരണവും കോര്‍പ്പറേഷന്‍ നല്‍കിയിട്ടുണ്ട്. നഗരത്തിന്റെ കണ്ണായ സ്ഥലങ്ങളില്‍ ഒരേക്കറോളം സ്ഥലമാണ് നഷ്ടപരിഹാരം പോലും വാങ്ങാതെ നഗരസഭ വിട്ടുകൊടുത്തത്. നഗരത്തില്‍ ഇത്തരം ബൃഹത്ത് പദ്ധതികള്‍ നടത്തുമ്പോള്‍ അതില്‍ നഗരസഭയെ കൂടി ഉള്‍ക്കൊള്ളിക്കേണ്ടതാണ്. നഗരത്തിലേക്കുള്ള രണ്ട് പ്രധാന പാതകളിലും മെട്രൊ നിര്‍മാണം നടക്കുമ്പോള്‍ ഇത്രയും ഗതാഗത കുരുക്കുണ്ടാകുമെന്നത് മുന്‍കൂട്ടി കാണേണ്ട കാര്യമാണ്. ഡി എം ആര്‍ സി ഇത്തരം കാര്യത്തില്‍ എന്തെങ്കിലും പഠനങ്ങള്‍ നടത്തിയിട്ടാണോ പണികള്‍ ആരംഭിച്ചതെന്ന് തനിക്ക് അറിയില്ലെന്നും മേയര്‍ പറഞ്ഞു.
കലൂര്‍ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് 40 സെന്റ്, നോര്‍ത്തില്‍ ഒമ്പത് സെന്റ്, സൗത്തില്‍ 18 സെന്റ്, കുന്നല പാര്‍ക്കിനോട് ചേര്‍ന്ന 40 സെന്റ് എന്നിങ്ങനെ 40 കോടി രൂപയുടെ ഭൂമിയാണ് നഗരസഭ മെട്രൊ നിര്‍മാണത്തിനായി നല്‍കിയത്. എം ജി റോഡില്‍ അഞ്ച് സ്ഥലത്ത് ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റി സ്ഥാപിക്കാനായി ഭൂമി നല്‍കി. ഈ കാര്യങ്ങള്‍ നടത്താതെ എം എല്‍ എ ആരോപണം ഉന്നയിച്ചതിനു പിന്നിലെ കാരണം എന്താണെന്ന് തനിക്ക് അറിയില്ലെന്നും ടോണി ചമ്മിണി പറഞ്ഞു. എന്നാല്‍ മെട്രൊ നിര്‍മാണത്തില്‍ നഗരസഭ ഡി എം ആര്‍ സി, കെ എംആര്‍ എല്‍ എന്നവരോട് സകരിച്ചാണ് മുന്നോട്ട് പോകുന്നത്.
മെട്രൊ അനുബന്ധ നിര്‍മാണത്തിന്റെ ആദ്യ ഘട്ടമായിരുന്നു നോര്‍ത്ത് മേല്‍പ്പാലം. ഇതിനായി 15 കടകള്‍ ഒഴിപ്പിക്കേണ്ടി വന്നു. നഗരസഭയുടെ സ്ഥലത്താണ് ഇവര്‍ക്ക് ഭൂമി നല്‍കിയത്. അറ്റ്‌ലാന്റിസ് ആര്‍ ഒ ബി, തമ്മനം പുല്ലേപ്പടി റോഡ് എന്നിവ ജനറം പദ്ധതിയില്‍ പെടുത്തിയിട്ടുണ്ടെന്നുമായിരുന്നു മേയറുടെ പ്രതികരണം.
എന്നാല്‍ കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് വഴക്കാണ് ഇന്നലെ ഇരുകൂട്ടരും തമ്മില്‍ നടത്തിയ പ്രതികരണത്തിന് കാരണമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ആഴ്ച്ചകളായി എ ഗ്രൂപ്പുകാരനായ കൊച്ചി മേയറും ഐ ഗ്രൂപ്പുകാരനായ ജി ഡി ഡി എ ചെയര്‍മാന്‍ എന്‍ വേണുഗോപാലും തമ്മില്‍ തുറന്ന പോരിലാണ്. വേണുഗോപാലിന് പിന്തുണയുമായി ഐ ഗ്രൂപ്പില്‍പെട്ട എം എല്‍ എ ഹൈബി ഈഡന്‍ രംഗത്തെത്തുകയായിരുന്നുവെന്നാണ് പറയെപ്പെടുന്നത്.