ഒടുവില്‍ മുംബൈ ജയിച്ചു

Posted on: May 4, 2014 12:12 am | Last updated: May 4, 2014 at 12:29 am

184763മുംബൈ: ഐ പി എല്‍ ഏഴാം സീസണില്‍ മുംബൈ ആദ്യ ജയം കുറിച്ചു. പഞ്ചാബ് കിംഗ്‌സ് ഇലവനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചു കൊണ്ടാണ് നിലവിലെ ചാമ്പ്യന്‍മാര്‍ ഉയിര്‍ത്തെണീറ്റത്. വിദേശത്ത് നടന്ന ആദ്യ ഘട്ടത്തിലെ അഞ്ച് കളിയിലും തോറ്റ ശേഷം മുംബൈയില്‍ ഹോംഗ്രൗണ്ടിലിറങ്ങിയപ്പോഴാണ് രോഹിത് ശര്‍മയും സംഘവും ചാമ്പ്യന്‍മാര്‍ക്കൊത്ത പ്രകടനം പുറത്തെടുത്തത്. ടോസ് ജയിച്ച പഞ്ചാബ് ആദ്യം ബാറ്റ് ചെയ്തു.
നിശ്ചിത ഇരുപതോവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണ് നേടിയത്. 19.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ 170 റണ്‍സെടുത്ത് ലക്ഷ്യം കടന്നു. ആള്‍ റൗണ്ട് പ്രകടനം കാഴ്ചവെച്ച ന്യൂസിലാന്‍ഡ് താരം കോറി ആന്‍ഡേഴ്‌സന്‍ മാന്‍ ഓഫ് ദ മാച്ച്. 25 പന്തില്‍ 35 റണ്‍സടിച്ച ആന്‍ഡേഴ്‌സന്‍ രണ്ടോവറില്‍ 17ന് ഒരു വിക്കറ്റും സ്വന്തമാക്കി.
ഓപണര്‍ ഗൗതം (29 പന്തില്‍ 33), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (34 പന്തില്‍ 39) എന്നിവരും മുംബൈക്കായി തിളങ്ങി. 12 പന്തില്‍ പുറത്താകാതെ 28 റണ്‍സടിച്ച പൊള്ളാര്‍ഡും മുംബൈക്ക് ലക്ഷ്യം എളുപ്പമാക്കി. പഞ്ചാബ് നിരയില്‍ മാക്‌സ്‌വെല്‍ ഫോം തുടര്‍ന്നു. 27 പന്തില്‍ 45 റണ്‍സടിച്ച മാക്‌സ്‌വെലിനെ ഹര്‍ഭജന്‍ പുറത്താക്കി. വൃഥിമാന്‍ സാഹ 59 നോട്ടൗട്ട്.