കാര്‍ഡിഫ്, ഫുള്‍ഹാം പുറത്ത്: മാഞ്ചസ്റ്ററിനെ വീഴ്ത്തി സണ്ടര്‍ലാന്‍ഡ്‌

Posted on: May 4, 2014 12:27 am | Last updated: May 4, 2014 at 12:27 am

_74625700_74625696ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിന്ന് കാര്‍ഡിഫും ഫുള്‍ഹാമും തരംതാഴ്ത്തപ്പെട്ടു. അതേ സമയം, മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി സണ്ടര്‍ലാന്‍ഡ് നിര്‍ണായക ജയം സ്വന്തമാക്കി. ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ ഒന്നില്‍ ജയിച്ചാല്‍ പോലും സണ്ടര്‍ലാന്‍ഡിന് ലീഗില്‍ തുടരാം. ഇന്ന് നോര്‍വിച് തോറ്റാല്‍ അടുത്ത മത്സരം കളിക്കും മുമ്പെ തന്നെ സണ്ടര്‍ലാന്‍ഡിന് ലീഗിലെ സ്ഥാനം ഉറപ്പാക്കാം. ടോട്ടനം ഹോസ്പറിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് വെസ്റ്റ്ഹാമും നില സുരക്ഷിതമാക്കി.
കാര്‍ഡിഫ് എവേ മത്സരത്തില്‍ ന്യൂകാസിലിനോട് മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ന്നപ്പോള്‍ സ്റ്റോക്ക് സിറ്റിയോട് 4-1ന് തോറ്റാണ് ഫുള്‍ഹാം മടങ്ങിയത്.
മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ തട്ടകമായ ഓള്‍ഡ് ട്രഫോര്‍ഡിലായിരുന്നു സണ്ടര്‍ലാന്‍ഡിന്റെ വിജയമെന്നത് ശ്രദ്ധേയം. ആദ്യ പകുതിയില്‍ സെബാസ്റ്റ്യന്‍ ലാര്‍സനാണ് വിജയഗോള്‍ നേടിയത്.
1968ന് ശേഷം ആദ്യമായാണ് സണ്ടര്‍ലാന്‍ഡ് മാഞ്ചസ്റ്ററിന്റെ തട്ടകത്തില്‍ ജയിക്കുന്നത്. സ്വാന്‍സിയ, വെസ്റ്റ് ബ്രോംവിച് ആല്‍ബിയന്‍ ക്ലബ്ബുകളെ പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് സണ്ടര്‍ലാന്‍ഡ് മാഞ്ചസ്റ്ററിനെയും തോല്‍പ്പിക്കുന്നത്. മൂന്ന് തുടര്‍ വിജയങ്ങള്‍ അവരുടെ ജാതകം മാറ്റിയെഴുതി. റിയാന്‍ ഗിഗ്‌സ് പരിശീലകനായ ശേഷം മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ആദ്യ തോല്‍വിയാണിത്. കഴിഞ്ഞാഴ്ച ഗംഭീര ജയത്തോടെ തുടങ്ങിയ ഗിഗ്‌സിന് സണ്ടര്‍ലാന്‍ഡിന് മുന്നില്‍ രക്ഷയില്ലാതായി. സ്റ്റാര്‍ട്ടിംഗ് ലൈനപ്പില്‍ അഞ്ച് മാറ്റങ്ങള്‍ വരുത്തിയാണ് ഗിഗ്‌സ് ടീമിനെ ഇറക്കിയത്. പരുക്കേറ്റ വെയിന്‍ റൂണിയെ ഒഴിവാക്കിയ ഗിഗ്‌സ് രണ്ട് വിംഗ് അറ്റാക്കര്‍മാരെ പരീക്ഷിച്ചു. നാനിയും ആഷ്‌ലി യംഗും പക്ഷേ, കോച്ചിന്റെ പ്രതീക്ഷക്കൊത്തുയര്‍ന്നില്ല.
36 മത്സരങ്ങളില്‍ 60 പോയിന്റോടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഏഴാം സ്ഥാനത്ത്. 1973-74ന് ശേഷം ഏഴ് ഹോം മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് തോല്‍ക്കുന്നത് ഇപ്പോഴാണ്.
പ്രീമിയര്‍ ലീഗില്‍ പതിമൂന്ന് വര്‍ഷത്തിന് ശേഷമാണ് ഫുള്‍ഹാം തരംതാഴ്ത്തപ്പെട്ടത്. ഫെലിക്‌സ് മഗാത്തിന്റെ ടീമിന് സ്റ്റോക്കിനെതിരെ വിജയം അനിവാര്യമായിരുന്നു. എന്നാല്‍, വലിയ തോല്‍വിയേല്‍ക്കുകയും സണ്ടര്‍ലാന്‍ഡ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ അട്ടിമറിക്കുകയും ചെയ്തതോടെ ഫുള്‍ഹാമിന്റെ കഥ കഴിഞ്ഞു. 37 മത്സരങ്ങളില്‍ 31 പോയിന്റോടെ പത്തൊമ്പതാം സ്ഥാനത്താണ് ഫുള്‍ഹാം.
ഹാരി കാനിന്റെ സെല്‍ഫ് ഗോളും സ്റ്റുവര്‍ട് ഡൗണിംഗിന്റെ ഫ്രീകിക്ക് ഗോളുമാണ് ടോട്ടനമിനെതിരെ വെസ്റ്റ് ഹാമിന് ജയമൊരുക്കിയത്.