സ്വയം ശവക്കുഴി തോണ്ടരുത്‌

Posted on: May 4, 2014 6:00 am | Last updated: May 4, 2014 at 12:24 am

SIRAJ.......രോഗത്തിന് ചികിത്സിക്കുന്നതിനേക്കാള്‍ ഭേദം രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കലാണെന്ന കാര്യത്തില്‍ പക്ഷാന്തരമുണ്ടാകാന്‍ ഇടയില്ല. പക്ഷെ പ്രതിരോധ സംവിധാനങ്ങളെയും, ഫലപ്രദമെന്ന് കരുതിയിരുന്ന ചികിത്സയെയും വെല്ലുവിളിച്ചുകൊണ്ട് മാരകരോഗങ്ങള്‍ ശക്തമായ തിരിച്ചുവരവ് നടത്തുന്നു എന്നത് ഒരു വസ്തുതയാണ്. ആരോഗ്യ പരിപാലന രംഗത്ത് നാം വന്‍ പുരോഗതി കൈവരിച്ചു എന്നതില്‍ സംശയമില്ല. രാജ്യത്ത് നിന്ന് പോളിയോ നിര്‍മാര്‍ജനം ചെയ്തുവെന്ന് അവകാശപ്പെടുമ്പോഴും ഈ മാരക രോഗം വീണ്ടും തലപൊക്കാതിരിക്കാന്‍ ശാസ്ത്ര, ആരോഗ്യ മേഖലകള്‍ നിതാന്ത ജാഗ്രത പാലിക്കേണ്ടതുണ്ട്. വസൂരി, ക്ഷയം തുടങ്ങിയ രോഗങ്ങളും നിര്‍മാര്‍ജനം ചെയ്യപ്പെട്ടവയുടെ പട്ടികയിലാണ്. നാനാവിധം പനികള്‍ ഇപ്പോള്‍ പുതിയ ലക്ഷണങ്ങളോടു കൂടി രംഗപ്രവേശം നടത്തുന്നു. ഇത്തരം രോഗങ്ങളില്‍ ഒന്നാണ് ക്യസനൂര്‍ ഫോറസ്റ്റ് ഡിസീസ് അഥവാ ‘കുരങ്ങുപനി’. കുരങ്ങുകളില്‍ കാണപ്പെടുന്ന ചെള്ളുകള്‍ വഴിയാണ് ഈ രോഗം മറ്റു മൃഗങ്ങളില്‍ എത്തുന്നത്. കുരങ്ങുകളില്‍ നിന്ന് മനുഷ്യരിലേക്ക,് മാരകമായ ഈ രോഗം പടരില്ലെന്നായിരുന്നു അടുത്ത കാലം വരെയുള്ള വിശ്വാസം. എന്നാല്‍ കുരങ്ങുകളില്‍ നിന്ന് മനുഷ്യരിലേക്കും ഈ രോഗം പകരാമെന്നാണ് പുതിയ കണ്ടെത്തല്‍. കര്‍ണാടകയിലെ ക്യസനൂര്‍ വനപ്രദേശത്തെ കുരങ്ങുകളില്‍ 1957ല്‍ ഈ രോഗം വ്യാപകമായതോടെയാണ് ഇത് ലോക ശ്രദ്ധയില്‍പ്പെടുന്നത്.
ഇടവിട്ടുള്ള പനി, കലശലായ തലവേദന, ശരീരമാസകലം വേദന, ചുമ, വയറിളക്കം, ഛര്‍ദി എന്നിവയാണ് കുരങ്ങു പനിയുടെ ലക്ഷണങ്ങള്‍. ഡോക്ടറെ കണ്ട് ചികിത്സ തേടിയിട്ടും ഭേദമാകുന്നില്ലെങ്കില്‍ രോഗം തലച്ചോറിനെ ബാധിക്കാനിടയുണ്ടെന്നും വിദഗ്ധ ചികിത്സ തേടേണ്ടതുണ്ടെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ചെങ്ങന്നൂര്‍ ബുധനൂര്‍ ക്ഷേത്രത്തിന് സമീപം കുരങ്ങുകള്‍ രോഗം ബാധിച്ച് ചത്തതോടെയാണ് ഇത് ക്യസനൂര്‍ ഫോറസ്റ്റ് ഡിസീസാണെന്ന് സ്ഥിരീകരിച്ചത്. ആലപ്പുഴ ജില്ല മാരകമായ പനിബാധകൊണ്ട് കേരളീയര്‍ക്ക് പേടിസ്വപ്നമാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ വരെ നിരവധി മരണങ്ങള്‍ അവിടെയുണ്ടായി. അധികൃതര്‍ രോഗബാധയുടെ ഗൗരവം കുറച്ച് കാണുകയായിരുന്നു. എന്നാല്‍ കുരങ്ങുപനിയുടെ മാരകശേഷി മനസ്സിലാക്കിയത് കൊണ്ടാകാം സംസ്ഥാന സര്‍ക്കാറും ആരോഗ്യ വകുപ്പും മൃഗസംരക്ഷണ വകുപ്പുമായി സഹകരിച്ചുകൊണ്ട് ഊര്‍ജസ്വലമായി രംഗത്തു വന്നു. രോഗം ബാധിച്ചു ചത്ത നിലയില്‍ കുരങ്ങന്മാരെ കണ്ട വള്ളിക്കാവിലും പരിസര പ്രദേശങ്ങളിലും ചെള്ളുകള്‍ക്കെതിരെ മരുന്ന് തളിച്ചു. പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ വെച്ച്, സംസ്്ഥാനത്തെ മുഴുവന്‍ ജില്ലകളില്‍ നിന്നുമുള്ള വെറ്ററിനറി ഡോക്ടന്മാര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കിക്കഴിഞ്ഞു.
കര്‍ണാടക വനപ്രദേശത്തോട് ചേര്‍ന്നു കിടക്കുന്ന വയനാട് ജില്ലയില്‍ കഴിഞ്ഞ വര്‍ഷം കുരങ്ങു പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. 14കാരനായ ഒരു ബാലനിലാണ് രോഗബാധ കണ്ടെത്തിയിരുന്നത്. നൂല്‍പ്പുഴ പഞ്ചായത്തിലെ ഒരു യുവതിക്കും രോഗബാധയുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. കുരങ്ങുകളില്‍ കാണപ്പെടുന്ന ഹിമോ ഫൈസാലിസ് എന്ന ചെള്ളില്‍ നിന്നുള്ള ഫ്‌ളാസി വൈറസുകളാണ് രോഗം മനുഷ്യരിലേക്ക് പടര്‍ത്തുന്നത്. കുരങ്ങുകളുമായി സഹവസിക്കുകയോ വനത്തില്‍ പോകുകയോ ചെയ്യുന്നവര്‍ ചൂടുവെള്ളവും അലക്ക് സോപ്പും ഉപയോഗിച്ച് ദേഹശുദ്ധി വരുത്തുന്നത് രോഗപ്രതിരോധത്തിനുള്ള മികച്ച മാര്‍ഗമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. കുരങ്ങു പനിക്ക് വാക്‌സിനേഷന്‍ ഗുണം ചെയ്യാന്‍ സാധ്യത കുറവാണെന്നാണ് ആരോഗ്യ വകുപ്പിന്റെ നിലപാട്.
സംസ്ഥാനത്ത് വരള്‍ച്ച അതിരൂക്ഷമാകുകയും കുടിവെള്ള ലഭ്യത കുറയുകയും ചെയ്തിരിക്കെ, വെള്ളത്തിലൂടെയുള്ള സാംക്രമിക രോഗങ്ങള്‍ പടരാന്‍ സാധ്യതയുണ്ട്. കുടിവെള്ളമായി ഉപയോഗിക്കുന്നത് മാലിന്യങ്ങള്‍ കലര്‍ന്ന രോഗാണുക്കള്‍ വിഹരിക്കുന്ന വെള്ളമാകാനും സാധ്യതയുണ്ട്. അത്യുഷ്ണം കാരണം ഭൂമി ചുട്ടുപൊള്ളുമ്പേള്‍ ജനങ്ങള്‍ക്ക് ശുദ്ധമായ കുടിവെള്ളം എത്തിക്കാന്‍ സര്‍ക്കാര്‍ ജാഗ്രത പാലിക്കണം. നാട്ടിന്‍പുറങ്ങളില്‍ മുഖ്യ ജലസ്രോതസ്സുകളായ കുളങ്ങള്‍, കിണറുകള്‍, തോട്ടരുവികള്‍ എന്നിവയെല്ലാം വറ്റിവരണ്ടിരിക്കുന്നു. പുഴയോരങ്ങളില്‍ അതിരുകടന്ന മണല്‍വാരല്‍, ഭൂമാഫിയകള്‍ക്കായി നടക്കുന്ന വ്യാപകമായ കുന്നിടിച്ച് നിരപ്പാക്കല്‍ തുടങ്ങി ഭൂമിയുടെ മാറ് പിളരുന്ന കൃത്യങ്ങളെല്ലാം മനുഷ്യന്‍ തന്നെ ചെയ്തുവെക്കുന്നതാണ്. പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് പറയുമ്പോള്‍ അവരെ വികസനവിരുദ്ധരായി ചിത്രീകരിക്കുന്നത് പ്രകൃതിയോട് കാണിക്കുന്ന വഞ്ചനയാണ്. അടുത്ത തലമുറയോട് കാണിക്കുന്ന കൊടും ക്രൂരതയാണ്. പരിഷ്‌കൃത മനുഷ്യ സമൂഹം ഈ വസ്തുതകള്‍ തിരിച്ചറിയാന്‍ ഇനിയും അമാന്തം കാണിച്ചാല്‍, സ്വയം ശവക്കുഴികള്‍ തീര്‍ക്കുകയാകും ഫലം.