Connect with us

Articles

ഫലസ്തീന്‍ ഐക്യത്തിന്റെ ആയുസ്സ്

Published

|

Last Updated

സ്വയം മാറാന്‍ തയ്യാറാകാത്ത ഒരു ജനതയെയും ദൈവം മാറ്റിത്തീര്‍ക്കുകയില്ലെന്നാണല്ലോ. ലോകത്തെ ഏറ്റവും ക്രൂരമായ രാഷ്ട്രീയ, സാമൂഹിക പ്രതിസന്ധി അനുഭവിക്കുന്ന ജനതയായിട്ടും ഫലസ്തീനികള്‍ക്ക് രാഷ്ട്രീയമായി ഐക്യപ്പെടലിന് സാധിച്ചിട്ടില്ലെന്നത് അവരുടെ പക്ഷത്ത് നിന്ന് സംസാരിക്കുന്ന മുഴുവന്‍ പേരെയും നിരാശപ്പെടുത്തുന്നു. ജൂത അധിനിവേശത്തിന്റെ ചരിത്രവും വര്‍ത്തമാനവും കൃത്യമായി അറിയാവുന്നവര്‍ ഒന്നടങ്കം ഫലസ്തീന്‍ ലക്ഷ്യത്തിനായി ഒറ്റക്കെട്ടായി നിലകൊള്ളുമ്പോഴും ലക്ഷ്യത്തിലേക്ക് കുതിക്കേണ്ട ജനങ്ങളും അവരുടെ നേതാക്കളും പല തട്ടില്‍ നില്‍ക്കുകയായിരുന്നു. ഈ അനൈക്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഹേതു ഹമാസും ഫതഹും തമ്മിലുള്ള രൂക്ഷമായ വടംവലിയായിരുന്നു. അബൂമാസന്‍ (മഹ്മൂദ് അബ്ബാസ്) നേതൃത്വം നല്‍കുന്ന ഫതഹും ഇസ്മാഈല്‍ ഹനിയയുടെയും ഖാലിദ് മിശ്ആലിന്റെയും നേതൃത്വത്തിലുള്ള ഹമാസും അടിസ്ഥാനപരമായി വ്യത്യസ്ത നിലപാടുകളില്‍ നില്‍ക്കുന്ന സംഘടനകളാണ്. യാസര്‍ അറഫാത്തിന്റെ ജീവിതത്തിലെ രണ്ട് ഘട്ടങ്ങളെയാണ് ഈ സംഘടനകള്‍ പ്രതിനിധാനം ചെയ്യുന്നത്. ഇസ്‌റാഈലിനെ ഇഞ്ചോടിഞ്ച് വെല്ലുവിളിച്ച് പോരാട്ടത്തിന്റെ തീകുണ്ഠത്തിലേക്ക് എടുത്തു ചാടിയ അറഫാത്ത്. അതിവൈകാരികമായിരുന്നു ആ നാളുകള്‍. എന്നാല്‍ ഒടുവില്‍ അറഫാത്ത് അനുരഞ്ജനത്തിന്റെ തണുപ്പില്‍ അകപ്പെട്ടു. ചര്‍ച്ച ചെയ്ത് നേടിക്കളയാം സ്വന്തം മണ്ണെന്ന് അദ്ദേഹം അക്കാലത്ത് വ്യാമോഹിച്ചു. അങ്ങനെയാണ് ചരിത്രത്തിലെ ഏറ്റവും വലിയ ചതിയായ ഓസ്‌ലോ കരാര്‍ പിറന്നത്. ആ വഴിയിലൂടെ നടന്നപ്പോഴാണ് യാസര്‍ അറഫാത്ത് നൊബേല്‍ സമ്മാനിതനായതും. അറഫാത്തിന്റെ അരുമ അനുയായി അബൂ മാസന്‍ അസ്തമയത്തിലെ അറഫാത്തിനെയാണ് പിന്‍പറ്റിയത്. അതുകൊണ്ട് അദ്ദേഹം ചര്‍ച്ചകളില്‍ വിശ്വസിച്ചു. പക്ഷേ, ഹമാസിന് അത് സ്വീകാര്യമായില്ല. അവര്‍ ഇസ്‌റാഈലിനെ അംഗീകരിക്കാന്‍ പോയില്ല. നിയമവിരുദ്ധമായി സൃഷ്ടിക്കപ്പെട്ട ഒരു രാജ്യവുമായി ചര്‍ച്ച ചെയ്യുന്നത് അവരെ അംഗീകരിക്കുന്നതിന് തുല്യമാണെന്ന് അവര്‍ വാദിച്ചു. ഇസ്‌റാഈലിന്റെ അസ്തിത്വത്തെ തന്നെ അവര്‍ ചോദ്യം ചെയ്തു. തീര്‍ച്ചയായും അത് തത്വാധിഷ്ഠിത നിലപാട് തന്നെയായിരുന്നു. പക്ഷേ, പ്രായോഗികതയുടെ കുറവെന്ന അംഗവൈക്യലും ആ നിലപാടിനുണ്ടായിരുന്നു. ഗാസയിലെ മനുഷ്യര്‍ ഉപരോധത്തില്‍ ഞെരുങ്ങുമ്പോള്‍ അവര്‍ക്ക് ആശ്വാസം പകരാനുള്ള രാഷ്ട്രീയ കൗശലം ഹമാസ് പുറത്തെടുത്തില്ല. അറഫാത്തിന്റെ തീപ്പിടിച്ച പോരാട്ട കാലത്തെയാണ് ഹമാസ് പ്രതിനിധാനം ചെയ്യുന്നത്. ഫലത്തില്‍ ഫലസ്തീന്‍ ഛേദിക്കപ്പെട്ട് കിടന്നു.
ഫലസ്തീനില്‍ ഐക്യത്തിന്റെ നാളുകള്‍ വരുന്നുവെന്നാണ് ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്. ഹമാസും ഫലസ്തീന്‍ അതോറിറ്റി വൃത്തങ്ങളും ചരിത്രപരമായ കരാറില്‍ ഒപ്പ് വെച്ചിരിക്കുന്നു. ഗാസാ ചീന്തിലും വെസ്റ്റ് ബാങ്കിലുമായി മുറിഞ്ഞു കിടന്നിരുന്ന ഫലസ്തീന്‍ ഒറ്റ രാഷ്ട്രീയ യൂനിറ്റായി മാറുമെന്നതാണ് ഗാസാ കരാറിന്റെ അന്തഃസത്ത. ഐക്യ സര്‍ക്കാര്‍ ഉടന്‍ നിലവില്‍ വരും. ഉദ്യോഗസ്ഥരെയും മറ്റ് ഭരണ നിര്‍വഹണ സംവിധാനങ്ങളെയും ഒറ്റ യൂനിറ്റാക്കി മാറ്റും. പോരാട്ടത്തിന്റെ വഴിയില്‍ ഒറ്റക്കെട്ടായി മുന്നോട്ട് നീങ്ങും. ലോക വേദികളില്‍ ഐക്യ ഫലസ്തീനിന് കൂടുതല്‍ സ്വീകാര്യത നേടിയെടുക്കും. അന്താരാഷ്ട്ര സഹായങ്ങള്‍ ഒരു ഭാഗത്ത് മാത്രമായി കേന്ദ്രീകരിക്കപ്പെടുന്നത് ഒഴിവാക്കും. അവശേഷിക്കുന്ന അഭിപ്രായവ്യത്യാസങ്ങള്‍ തുടര്‍ ചര്‍ച്ചകളില്‍ പരിഹരിക്കും. ചര്‍ച്ചകള്‍ നിരന്തര പ്രക്രിയയാക്കും. ഇങ്ങനെ പോകുന്നു കരാറിലെ പ്രഖ്യാപനങ്ങള്‍. ആവേശത്തോടെയാണ് ഫലസ്തീനിലെ ജനങ്ങള്‍ ഈ ഐക്യ പ്രഖ്യാപനത്തെ വരവേറ്റത്. അവര്‍ തെരുവിലിറങ്ങി മുദ്രാവാക്യം മുഴക്കി. മധുരം വിതരണം ചെയ്തു. പരസ്പരം പോരടിച്ചവര്‍ ആശ്ലേഷിച്ചു. ഇത്തരമൊരു ഐക്യത്തിന് ഈ ജനത എത്രമാത്രം കൊതിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്നു ഈ ആഹ്ലാദപ്രകടനങ്ങള്‍.
അങ്ങേയറ്റം അസഹിഷ്ണുതാപരമായാണ് ഇസ്‌റാഈലും അമേരിക്കയും പ്രതികരിച്ചത്. സമാധാന ചര്‍ച്ചകള്‍ പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടുവെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി വിലപിച്ചു. ഹമാസുമായി ഐക്യപ്പെട്ട മഹ്മൂദ് അബ്ബാസുമായി ഒരു ചര്‍ച്ചയും ഇനി സാധ്യമല്ലെന്ന് ഇസ്‌റാഈല്‍ തീര്‍ത്ത് പറഞ്ഞു. ഹമാസുമായാണോ ഇസ്‌റാഈലുമായാണോ സമാധാനം ആഗ്രഹിക്കുന്നതെന്ന് അബ്ബാസ് വ്യക്തമാക്കണമെന്ന് ബെഞ്ചമിന്‍ നെതന്യാഹു ആക്രോശിച്ചു. ഇസ്‌റാഈലിന്റെ പ്രതികരണം സ്വാഭാവികമാണ്. കാരണം ജൂത രാഷ്ട്രത്തിന്റെ നിലനില്‍പ്പ് അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച ഹമാസുമായി കൈകോര്‍ക്കുന്ന ഫലസ്തീന്‍ അതോറിറ്റിയെ അവര്‍ക്ക് ഉള്‍ക്കൊള്ളാനാകില്ലല്ലോ? പക്ഷേ, ദ്വിരാഷ്ട്ര പരിഹാരത്തിനായി നിലകൊള്ളുന്ന അമേരിക്ക എന്തിനാണ് വിറളി കൊള്ളുന്നത്? ഇവിടെയാണ് സമാധാന ചര്‍ച്ചയിലെ ചതിക്കുഴികള്‍ തെളിയുന്നത്. ശിഥിലീകരിക്കപ്പെട്ട ഫലസ്തീനുമായി ചര്‍ച്ച ചെയ്യാനാണ് അവര്‍ക്കിഷ്ടം. ശക്തി ക്ഷയിച്ച, വിലപേശല്‍ ശക്തി നഷ്ടപ്പെട്ടവരുമായി നടക്കുന്ന ചര്‍ച്ചയില്‍ മാത്രമാണല്ലോ ആശ്രിത, മേലാള ഘടന നിലനിര്‍ത്താനാകുക. 1967ന് മുമ്പത്തെ അതിര്‍ത്തിയിലേക്ക് ഇസ്‌റാഈല്‍ പിന്‍വാങ്ങണമെന്നാണ് അങ്ങേയറ്റത്തെ വിട്ടുവീഴ്ചക്ക് തയ്യാറുള്ള മഹ്മൂദ് അബ്ബാസ് പോലും മുന്നോട്ട് വെക്കുന്ന മിനിമം നിബന്ധന. ഇതുപോലും അംഗീകരിക്കാതെ വെസ്റ്റ് ബാങ്കിലേക്ക് മാത്രമായി ഫലസ്തീനിനെ ചുരുക്കിക്കെട്ടാനാണ് ജൂത, യു എസ് കൂട്ടുകെട്ടിന്റെ ലക്ഷ്യം. ഇതിനായി ഹമാസിനെ ഒറ്റപ്പെടുത്തി നിര്‍ത്തണം. ഹമാസ്, ഫതഹ് അനൈക്യം കാലാകാലവും നിലനില്‍ക്കണം.
ഈ ഭിന്നിപ്പിക്കലിന്റെ ചരിത്രം വ്യക്തമാകാന്‍ അല്‍പ്പം പിന്നോട്ട് നടക്കേണ്ടതുണ്ട്. 2006ലെ തിരഞ്ഞെടുപ്പില്‍ ഹമാസിനായിരുന്നു വിജയം. രാഷ്ട്രീയ പ്രക്രിയയില്‍ പങ്കെടുക്കാതിരുന്ന ഹമാസ് ആദ്യമായി മത്സര രംഗത്തിറങ്ങിയ തിരഞ്ഞെടുപ്പായിരുന്നു അത്. സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളിലൂടെയും ധീരമായ ചെറുത്തുനില്‍പ്പുകളിലൂടെയും ജനങ്ങളുടെ മനം കവര്‍ന്ന ഹമാസിന് വിജയം അനായാസമായിരുന്നു. ഫലസ്തീന്‍ രാഷ്ട്രം സാധ്യമാകേണ്ടത് പോരാട്ടങ്ങളിലൂടെയാണെന്ന ഹമാസിന്റെ കാഴ്ചപ്പാട് ജനം സ്വീകരിച്ചുവെന്ന് ബോധ്യപ്പെട്ട ബാലറ്റ് യുദ്ധം. ഫതഹ് പാര്‍ട്ടി തോറ്റമ്പി. പക്ഷേ ഹമാസിന്റെ വിജയം അംഗീകരിക്കാന്‍ ഫതഹ് തയ്യാറായില്ല. ഇസ്‌റാഈലും അമേരിക്കയും ഈജിപ്തും ഫതഹിന്റെ പക്ഷം ചേര്‍ന്നു. ഹമാസിന്റെ മുന്നില്‍ വഴികളടഞ്ഞു. അവര്‍ തിരഞ്ഞെടുപ്പിനിറങ്ങിയപ്പോള്‍ ഒരക്ഷരം മിണ്ടാതിരുന്ന അമേരിക്ക ജയിച്ചു വന്നപ്പോള്‍ ഉറഞ്ഞ് തുളളി. ഭീകര സംഘടനയുടെ ഭരണം അനുവദിക്കാനാകില്ലെന്ന് ശഠിച്ചു. ഹമാസ് ഭരിച്ചാല്‍ ചില്ലിക്കാശ് നല്‍കരുതെന്ന് എല്ലാ ദാതാക്കളോടും അമേരിക്ക ഉത്തരവിട്ടു.
സര്‍ക്കാറുണ്ടാക്കാനുള്ള ഹമാസിന്റെ ശ്രമം വിഫലമായി. ഫതഹ് അനുകൂലികള്‍ ആയുധമെടുത്തു. സ്വാഭാവികമായും ഹമാസും. ഒടുവില്‍ ഗാസാ ചീന്തിന്റെ നിയന്ത്രണം ഹമാസ് പിടിച്ചെടുത്തു. വെസ്റ്റ് ബാങ്ക് കേന്ദ്രീകരിച്ച് ഫലസ്തീന്‍ അതോറിറ്റിയും ഭരണം തുടങ്ങി. അങ്ങനെ ഫലസ്തീനില്‍ രണ്ട് ഭരണകൂടങ്ങള്‍. രണ്ട് സര്‍ക്കാറുകളോട് രണ്ട് സമീപനമാണ് അന്താരാഷ്ട്ര സമൂഹം കൈക്കൊണ്ടത്. ഗാസയിലെ സര്‍ക്കാറിനെ ഞെരുക്കി കൊല്ലാം. കടുത്ത ഉപരോധം. കൊടുക്കാനുള്ള പണം പോലും ഇസ്‌റാഈല്‍ കൊടുത്തില്ല. എന്നാല്‍ ഫലസ്തീന്‍ അതോറിറ്റിയെ ഫലസ്തീനിന്റെയാകെ ഭരണകര്‍ത്താക്കളാക്കി വാഴിക്കുകയാണ് അമേരിക്കന്‍ ചേരി ചെയ്തത്. കുട്ടനും മുട്ടനും ഏറ്റുമുട്ടട്ടെ. അപ്പോഴേ ചോര ഒഴുകൂ. ഇവിടെയിപ്പോള്‍ കുട്ടനും മുട്ടനും ഏറ്റുമുട്ടലിന്റെ പൊള്ളത്തരം തിരിച്ചറിഞ്ഞിരിക്കുന്നു. അവര്‍ കൈകോര്‍ക്കുകയാണ്. ചോര കാണാന്‍ നടക്കുന്നവര്‍ ഇതില്‍ നിരാശരാകുക സ്വാഭാവികം.
ഇപ്പോള്‍ കൈവന്ന ഐക്യം എത്രമാത്രം അര്‍ഥവത്താണ്? അതിന്റെ ആയുസ്സ് എത്രമാത്രം? അഭിപ്രായവ്യത്യാസങ്ങളെ എങ്ങനെ മറികടക്കും? ഈ ചോദ്യങ്ങളുടെ ഉത്തരം തേടുമ്പോള്‍ ചുരുങ്ങിയത് 2011 ലെ ഇതേപോലൊരു ഏപ്രില്‍, മെയ് മാസങ്ങളിലേക്കെങ്കിലും പോകണം. അന്ന് ഇസ്‌റാഈല്‍ പത്രങ്ങളും ചില പാശ്ചാത്യ പത്രങ്ങളും ആ വാര്‍ത്ത കൊണ്ടാടി. കൈറോയില്‍ മാസങ്ങളായി നടന്നുവന്ന രഹസ്യ ചര്‍ച്ചകള്‍ക്കൊടുവില്‍ ഹമാസും ഫതഹും അനുരഞ്ജന കരാറില്‍ ഒപ്പ് വെച്ചുവെന്നായിരുന്നു വാര്‍ത്ത. പിന്നീട് ഇരു പക്ഷത്തേയും നേതാക്കള്‍ ഈ വാര്‍ത്ത സ്ഥിരീകരിക്കുകയും ചെയ്തു. അവിഗ്‌ദോര്‍ ലീബര്‍മാനെപ്പോലുള്ളവര്‍ ഇന്നത്തേക്കാള്‍ രൂക്ഷമായാണ് അന്ന് പ്രതികരിച്ചത്. ഫലസ്തീന്‍പക്ഷത്ത് നില്‍ക്കുന്നവര്‍ അന്ന് ഇന്നത്തേക്കാള്‍ പ്രതീക്ഷ പങ്ക് വെക്കുകയും ചെയ്തു.
പക്ഷേ, മൂന്ന് വര്‍ഷത്തിന് ശേഷം ഇന്ന് ഒരിക്കല്‍ കൂടി ഒരു കരാര്‍ ഒപ്പ് വെക്കേണ്ടി വന്നു. എന്നുവെച്ചാല്‍ ഭിന്നതകളുടെ മലവെള്ളപ്പാച്ചിലില്‍ ഐക്യം ഒലിച്ചു പോയെന്ന് തന്നെ. ഇത്തവണ ഐക്യം ആഴത്തിലുളളതാണെന്ന വിലയിരുത്തലാണ് വിദഗ്ധരെല്ലാം നടത്തുന്നത്. ഇസ്‌റാഈലിനോടുള്ള സമീപനത്തില്‍ തന്നെയാണ് അടിസ്ഥാനപരമായ പ്രശ്‌നം. ഇസ്‌റാഈലിനെ അംഗീകരിക്കാനാകില്ലെന്ന നിലപാടില്‍ ഹമാസ് ഉറച്ച് നില്‍ക്കും. ഇതുവരെ നടത്തിയ ചര്‍ച്ചകളെ അപ്പടി തള്ളിപ്പറയാന്‍ മഹ്മൂദ് അബ്ബാസിന് സാധിക്കുകയുമില്ല. അപ്പോള്‍ വിരുദ്ധ ധ്രുവങ്ങളില്‍ നിന്ന് ഇരു പക്ഷവും സഞ്ചരിക്കാന്‍ തയ്യാറാകേണ്ടി വരും. നിരുപാധികമായ ചര്‍ച്ചയെ ശക്തമായി എതിര്‍ക്കുമ്പോള്‍ തന്നെ കൃത്യമായ ഉപാധികളോടെ ചര്‍ച്ചക്ക് ഹമാസ് തയ്യാറാകേണ്ടി വരും. ഇസ്‌റാഈലിനെ ഇന്നത്തെ നിലയില്‍ അംഗീകരിക്കില്ലെന്ന് തുറന്നു പറയാന്‍ ഫതഹും തയ്യാറാകണം. അധികാരം പങ്കിടല്‍ കുറ്റമറ്റതാക്കണം. അന്താരാഷ്ട്ര വേദികള്‍ക്ക് പാകമായ ഒരു തരം നയതന്ത്ര മിതത്വത്തിന് ഹമാസ് തയ്യാറായേ തീരൂ. ഗാസാ മുനമ്പില്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ട് ഇസ്‌റാഈല്‍ പ്രകോപനം സൃഷ്ടിച്ചു കൊണ്ടിരിക്കും. അതിനെ ഒറ്റക്കെട്ടായി നേരിടാന്‍ സാധിച്ചാല്‍ ഐക്യം അര്‍ഥവത്താകും. ഫലസ്തീനെ പിന്തുണക്കാന്‍ കൂടുതല്‍ ലോകരാഷ്ട്രങ്ങള്‍ തയ്യാറാകും.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest