ശ്രീപത്മനാഭസ്വാമിക്ഷേത്രം:എന്‍ ഐ എ അന്വേഷിക്കണമെന്ന് വി എസ്‌

Posted on: May 4, 2014 12:16 am | Last updated: May 4, 2014 at 12:16 am

vsതിരുവനന്തപുരം: ശ്രീപത്മസ്വാമിക്ഷേത്രവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നിയമിച്ച വിദഗ്ധ സമിതിയുടെ അധ്യക്ഷനായിരുന്ന സി വി ആനന്ദബോസ് നടത്തിയ വെളിപ്പെടുത്തല്‍ എന്‍ ഐ എ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ജനാധിപത്യത്തിന് വഴിമാറാത്ത രാജഭക്തിഎന്ന വിഷയത്തില്‍ ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി ഗാന്ധിപാര്‍ക്കില്‍ സംഘടിപ്പിച്ച ജനകീയ സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നത് അപകടകരമാണെന്ന് ദേവപ്രശ്‌നത്തിന്റെ പേരു പറഞ്ഞ് സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ് രാജകുടുംബം ചെയ്തത്. ഇതിന് സര്‍ക്കാരും കൂട്ടുനിന്നു. എന്നാല്‍ ബി നിലവറ പലതവണ തുറന്നിട്ടുള്ളതായും അവിടെ നിന്ന് സ്വര്‍ണ ഉരുപ്പടികള്‍ കടത്തിക്കൊണ്ടുപോയതായുമാണ് അമിക്കസ്‌ക്യൂറി കണ്ടെത്തിയിട്ടുള്ളത്. ഭാരതത്തിന്റെ ആകെ പൈതൃകമായ ക്ഷേത്രസ്വത്ത് വിദേശത്തേക്ക് കടത്തിയെന്നാണ് ആനന്ദബോസ് വെളിപ്പെടുത്തിയിത്.
പാത്രക്കുളം കടലാസ് സംഘടനക്ക് കൈമാറാനുള്ള നീക്കം സുപ്രീംകോടതിയെ അവഹേളിക്കലാണ്. ക്ഷേത്രം വകയായ ഭൂമിയും കെട്ടിടങ്ങളും പലര്‍ക്കും തീറെഴുതി നല്‍കിയിട്ടുണ്ടെന്നും ഇതിന് ഭരണസമിതിക്കോ സര്‍ക്കാരിനോ അധികാരമില്ലെന്നും അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ റിപ്പോര്‍ട്ടുകളുടെയും വെളിപ്പെടുത്തലുകളുടെയും പശ്ചാത്തലത്തില്‍ ഉന്നത ഏജന്‍സികളുടെ അന്വേഷണം അനിവാര്യമാണ്. ക്ഷേത്രത്തിന്റെ നഷ്ടപ്പെട്ട സ്വത്തുകള്‍ തീരിച്ചുപിടിക്കുന്നതിന് സര്‍ക്കാര്‍ സത്വര നടപടി സ്വീകരിക്കണമെന്നും വി എസ് ആവശ്യപ്പെട്ടു.