വിദേശയാത്രയില്‍ ഷിബു ബേബി ജോണ്‍ മുന്നില്‍

Posted on: May 4, 2014 12:14 am | Last updated: May 4, 2014 at 12:14 am

കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മറ്റ് മന്ത്രിസഭാംഗങ്ങളും വിദേശയാത്ര നടത്തുന്നതിന് പൊതുഖജനാവില്‍ നിന്ന് വിമാനയാത്രാകൂലി ഇനത്തില്‍ മാത്രം ഇതുവരെ ചെലവാക്കിയത് 28,07,919 രൂപ. വിവരാവകാശ നിയമ പ്രകാരം പൊതുഭരണ വകുപ്പ് നല്‍കിയ രേഖയിലാണ് മന്ത്രിമാര്‍ വിദേശയാത്ര നടത്തിയതിന്റെ കണക്കുകളുള്ളത്.
വിദേശയാത്രകള്‍ക്ക് യാത്രാക്കൂലി ഇനത്തില്‍ ഏറ്റവുമധികം പണം ചെലവഴിച്ചത് തൊഴില്‍ മന്ത്രി ഷിബു ബേബിജോണാണ്. ഏഴ് തവണ വിദേശയാത്ര നടത്തിയ അദ്ദേഹം വിമാന ടിക്കറ്റിനായി ഖജനാവില്‍ നിന്ന് ചെലവാക്കിയത് 9,24,248 രൂപ. മ്യൂണിച്ച്, ലണ്ടന്‍, ദുബൈ, സിംഗപ്പൂര്‍, ജക്കാര്‍ത്ത, ജനീവ, ബാര്‍സലോണ, മാഡ്രിഡ് എന്നി രാജ്യങ്ങളിലേക്കാണ് അദ്ദേഹം യാത്ര ചെയ്തത്
ടൂറിസം വകുപ്പ് മന്ത്രി എ പി അനില്‍കുമാറാണ് വിദേശയാത്രയില്‍ രണ്ടാമന്‍. ഒമ്പത് തവണ വിദേശയാത്ര നടത്തിയ അനില്‍കുമാര്‍ 6,53,727 രൂപ വിമാനയാത്രക്കായി ചെലവാക്കി. സിംഗപ്പൂര്‍, സിഡ്‌നി, പെര്‍ത്ത്, ബ്രിസ്‌ബേന്‍, മെല്‍ബണ്‍, ദോഹ, ബ്രസല്‍സ്, റോം, ലിയോണ്‍, ബര്‍ലിന്‍, എന്നിവിടങ്ങളിലേക്കായിരുന്നു ടൂറിസം മന്ത്രിയുടെ യാത്രകള്‍.
മറ്റ് മന്ത്രിമാര്‍ ചെലവാക്കിയ തുക: മന്ത്രി പി ജെ ജോസഫ് 4,29,799, അന്തരിച്ച ടി എം ജേക്കബ് 3,99,352, കെ ബി ഗണേഷ്‌കുമാര്‍ 1,48,813, കെ സി ജോസഫ് 1,29,736, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 89,062, കെ എം മാണി 33,182.
വിദേശയാത്രക്ക് സര്‍ക്കാര്‍ ചെലവില്‍ വിദേശത്തേക്ക് വിമാനയാത്ര നടത്തിയ മന്ത്രിമാരില്‍ പി കെ അബ്ദുറബ്ബ്, അടൂര്‍ പ്രകാശ്, ആര്യാടന്‍ മുഹമ്മദ്, കെ ബാബു, സി എന്‍ ബാലകൃഷ്ണന്‍, വി എസ് ശിവകുമാര്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി കെ ജയലക്ഷ്മി, അനൂപ് ജേക്കബ്, മഞ്ഞളാംകുഴി അലി, രമേശ് ചെന്നിത്തല എന്നിവര്‍ ഉള്‍പ്പെട്ടിട്ടില്ല.