മഞ്ചേരി മെഡി. കോളജിന്റെ അംഗീകാരം റദ്ദായി

Posted on: May 4, 2014 12:09 am | Last updated: May 4, 2014 at 12:09 am

Pageതിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളജുകളിലെ 94 മെഡിക്കല്‍ പി ജി ബാച്ചുകളുടെ അംഗീകാരം നഷ്ടപ്പെട്ടതിന് പിന്നാലെ കഴിഞ്ഞ വര്‍ഷം മലപ്പുറത്ത് ആരംഭിച്ച മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന്റെ അംഗീകാരവും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ താത്കാലികമായി റദ്ദാക്കി.

മെഡിക്കല്‍ കോളജിനുള്ള അംഗീകാരം താത്കാലികമായി റദ്ദാക്കിയ സാഹചര്യത്തില്‍ അടുത്ത അധ്യയന വര്‍ഷത്തെ പുതിയ ബാച്ചിലേക്കുള്ള പ്രവേശന നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി വി നാരായണന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നിര്‍ദേശം നല്‍കിയിട്ടുണ്ട്്. ഇതോടെ നിലവില്‍ ഇവിടെ പഠനം നടത്തുന്ന മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ഭാവിയെ കുറിച്ചും ആശങ്കകള്‍ ഉയര്‍ന്നിരിക്കുകയാണ്.
മെഡിക്കല്‍ കോളജ് പ്രവര്‍ത്തിക്കുന്നതിന് മെഡിക്കല്‍ കൗണ്‍സില്‍ അനുശാസിക്കുന്ന മാനദണ്ഡങ്ങള്‍ പ്രകാരമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താത്തതും ആവശ്യമായ നിയമനങ്ങള്‍ നടത്താത്തതിനെ തുടര്‍ന്നുമാണ് മഞ്ചേരി മെഡിക്കല്‍ കോളജിന്റെ അംഗീകാരം താത്കാലികമായി റദ്ദാക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചത്. നൂറോളം എം ബി ബി എസ് സീറ്റുകളുള്ള മഞ്ചേരി മെഡിക്കല്‍ കോളജ് കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ ഒന്നിനാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തത്.
മെഡിക്കല്‍ കോളജ് പ്രവര്‍ത്തനം ആരംഭിക്കുന്ന ഘട്ടത്തില്‍ മെഡിക്കല്‍ കൗണ്‍സിലിന് സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പ്രകാരം രണ്ടാം ഘട്ട പരിശോധനക്ക് മുമ്പ് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 95 പേരുടെ നിയമനം പൂര്‍ത്തിയാക്കേണ്ടിയിരുന്നു. മെഡിക്കല്‍ കോളജ് ആരംഭിച്ച് എട്ട് മാസം പിന്നിട്ടിട്ടും ഇത് നടപ്പിലായിട്ടില്ല. മാത്രമല്ല, സമ്പൂര്‍ണ ഒ പിയും ഐ പിയും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇവിടെ ആരംഭിക്കാന്‍ ഇക്കാലയളവിനിടെ സര്‍ക്കാറിനായിട്ടില്ല.
മെഡിക്കല്‍ കോളജിന് ആവശ്യമുള്ള 85 ശതമാനം അധ്യാപകരുടെയും 73 ശതമാനം അനധ്യാപകരുടെയും തസ്തിക മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഒഴിഞ്ഞു കിടക്കുകയാണെന്ന് മെഡിക്കല്‍ കൗണ്‍സില്‍ അധികൃതര്‍ പറഞ്ഞു. കോളജിലെ വൈസ് പ്രിന്‍സിപ്പല്‍ തസ്തികയും സര്‍ക്കാര്‍ മരവിപ്പിച്ചു. ഫണ്ടുകള്‍ ലഭിക്കാത്തത് കാരണം മെഡിക്കല്‍ കോളജില്‍ എത്തിച്ച ഉപകരണങ്ങള്‍ കമ്പനി തിരികെയെടുത്തു കൊണ്ടുപോയിരുന്നു. മറ്റു മെഡിക്കല്‍ കോളജുകളില്‍ നിന്ന് വ്യത്യസ്തമായി കെട്ടിടങ്ങളുള്‍പ്പെടെ നാട്ടുകാരുടെ സമ്പൂര്‍ണ സഹകരണത്തോടെയാണ് മഞ്ചേരി മെഡിക്കല്‍ കോളജ് സ്ഥാപിച്ചത്.
കഴിഞ്ഞ മാര്‍ച്ചിലാണ് രണ്ടംഗ എം സി ഐ സംഘം മഞ്ചേരി മെഡിക്കല്‍ കോളജില്‍ മിന്നല്‍ പരിശോധന നടത്തിയത്. മെഡിക്കല്‍ കോളജിന്റെ ഭാഗമാക്കി കാണിച്ചിരുന്ന ജനറല്‍ ആശുപത്രിയിലും സംഘം പരിശോധന നടത്തിയിരുന്നു. ഈ മാസത്തില്‍ തന്നെ പുനഃപരിശോധനക്കായി എം സി ഐയുടെ മിന്നല്‍ സന്ദര്‍ശനം നടത്തുമെന്നാണ് സൂചന.
അതേസമയം, മെഡിക്കല്‍ കോളജിനെ ച്ചൊല്ലി മെഡിക്കല്‍ കോളജ് അധ്യാപക സംഘടന കെ ജി എം സി ടി എയും കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷനും തമ്മിലുള്ള തര്‍ക്കം മുറുകിയിട്ടുണ്ട്. മെഡിക്കല്‍ കോളജ് പ്രവര്‍ത്തിപ്പിക്കുന്നതോടൊപ്പം നിലവിലെ ജനറല്‍ ആശുപത്രി നിലനിര്‍ത്തണമെന്ന് കെ ജി എം ഒ എ വാദിക്കുമ്പോള്‍ കിടത്തി ചികിത്സ ആരംഭിക്കാന്‍ ജനറല്‍ ആശുപത്രിയുടെ സൗകര്യങ്ങള്‍ പൂര്‍ണമായി വിട്ടുനല്‍കണമെന്നാണ് കെ ജി എം സി ടി എ ആവശ്യപ്പെടുന്നത്.