വയനാട്ടിലെ കുടിയൊഴിപ്പിക്കല്‍ താല്‍ക്കാലികമായി നിര്‍ത്തി

Posted on: May 4, 2014 1:07 am | Last updated: May 4, 2014 at 12:07 am

കല്‍പ്പറ്റ:അരപ്പറ്റയില്‍ ഹാരിസണ്‍ മലയാളത്തിന്റെ ഭൂമി കൈയേറി സി പി എം നേത്യത്വത്തിലുള്ള സംഘം നടത്തി വന്ന സമരം ഒഴിപ്പിക്കാനെത്തിയ റവന്യൂ പോലീസ് സംഘത്തെ സി പി എം പ്രവര്‍ത്തകരും സമരക്കാരും തടഞ്ഞത് സംഘര്‍ഷത്തിന് ഇടയാക്കി. രണ്ട് മണിക്കൂര്‍ നേരം സംഘര്‍ഷത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ ഒഴിപ്പിക്കല്‍ സര്‍ക്കാര്‍ ഇടപെട്ടതിനെ തുടര്‍ന്ന് താത്കാലികമായി നിറുത്തിവെച്ചു.
ഇതിനിടയില്‍ സ്ത്രീകള്‍ ഉള്‍പ്പടെ അഞ്ച് പേര്‍ ആത്മഹത്യാശ്രമം നടത്തിയതാണ് ഒഴിപ്പിക്കല്‍ നിര്‍ത്തിവെക്കാന്‍ ഇടയാക്കിയത്. മൂപ്പൈനാട് വില്ലേജിലെ താഴെ അരപ്പറ്റയിലെ ഹാരിസണിന്റെ ഭൂമിയിലെ കൈയേറ്റം ഒഴിപ്പിക്കാന്‍ എത്തിയപ്പോഴാണ് സംഘര്‍ഷവും അത്മഹത്യാശ്രമവും ഉണ്ടായത്. ഇന്നലെ രാവിലെ ഒന്‍പത് മണിയോടെയാണ് റവന്യൂ സംഘം ഹാരിസണ്‍ ഭൂമി കൈയേറിയവരെ ഒഴിപ്പിക്കാനെത്തിയത്.
ഇതറിഞ്ഞ് സി പി എം ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രന്റെയും മുന്‍ എം എല്‍ എ ക്യഷ്ണപ്രസാദിന്റെയും സി പി എം സംസ്ഥാന കമ്മറ്റിയംഗം പി മുഹമ്മദിന്റെയും നേത്യത്വത്തില്‍ നൂറ് കണക്കിനാളുകള്‍ സമര ഭൂമിക്ക് 50 മീറ്റര്‍ അകലെ ഉദ്യോഗസ്ഥരെ തടഞ്ഞു. തുടര്‍ന്ന് നേരിയ തോതില്‍ ഉന്തും തള്ളും വാക്കേറ്റവുമുണ്ടായി. ഇതിനിടെയാണ് പോലീസും റവന്യൂ സംഘവും മുമ്പോട്ട് കടന്നാല്‍ ആത്മഹത്യ ചെയ്യുമെന്നറിയിച്ച് ചിലര്‍ രംഗത്ത് എത്തിയത്.
ഇതോടെ അധിക്യതര്‍ എന്ത് ചെയ്യണമെന്ന് അറിയാതെ കുഴഞ്ഞു. രണ്ട് യുവതികളും യുവാക്കളും മണ്ണെണ്ണയൊഴിച്ച് തീ കൊളുത്താന്‍ ശ്രമിക്കുകയും ഒരു യുവാവ് കയറുമായി മരത്തില്‍ കയറി ആത്മഹത്യാശ്രമം നടത്തുകയും ചെയ്തു. കല്‍പ്പറ്റ ഡി വൈ എസ് പി സാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവുംജില്ലയിലെ മിക്ക വില്ലേജുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘവുമാണ് എത്തിയിരുന്നത്.
കണ്ണൂരില്‍ നിന്നുള്ള പോലീസിനെയും എത്തിച്ചിരുന്നു. വയനാട്ടിലെ ഹാരിസണ്‍ പ്ലാന്റേഷന്റെ ഉടമസ്ഥതയിലുള്ള അഞ്ച് തോട്ടങ്ങളിലായി രണ്ട് വര്‍ഷത്തോളമായി 415 കുടുംബങ്ങളാണ് കുടില്‍ കെട്ടി സമരം നടത്തുന്നത്.
സമരം നടത്തുന്നവര്‍ ഒഴിഞ്ഞു പോകണമെന്ന് കഴിഞ്ഞ ദിവസം വൈത്തിരി തഹസീല്‍ദാര്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഒഴിയാന്‍ സമരക്കാര്‍ തയ്യാറായില്ല. ബുധാഴ്ചക്കുള്ളില്‍ സമര സമിതിയുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തി പരിഹാരം കാണുമെന്ന ഉറപ്പിലാണ് തടയലും ഒഴിപ്പിക്കലും താത്കാലികമായി അവസാനിപ്പിച്ചത്. നാളെ സമര സമിതി നേതാക്കള്‍ ജില്ലാ കലക്ടറുമായി ആദ്യ ഘട്ട ചര്‍ച്ച നടത്തും.