ബാര്‍ ലൈസന്‍സ്: പക്ഷം ചേര്‍ന്ന് നേതാക്കള്‍; കോണ്‍ഗ്രസ് രണ്ട് ചേരിയില്‍

Posted on: May 4, 2014 2:03 am | Last updated: May 4, 2014 at 12:04 am

barതിരുവനന്തപുരം: ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഉടലെടുത്ത ഭിന്നത താഴേ തട്ടിലേക്ക് വ്യാപിച്ചതോടെ കോണ്‍ഗ്രസില്‍ വ്യക്തമായ രണ്ട് ചേരികള്‍ രൂപപ്പെട്ടു. പ്രായോഗികതയുടെയും സാങ്കേതികതയുടെയും പേരില്‍ മദ്യലോബിക്ക് കീഴടങ്ങേണ്ടതില്ലെന്നും നിലവാരമുള്ളവക്ക് മാത്രം ലൈസന്‍സ് നല്‍കിയാല്‍ മതിയെന്നുമുള്ള വാദത്തില്‍ ഉറച്ചു നില്‍ക്കുകയായാണ് കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍.

എന്നാല്‍ നവീകരണത്തിന് സാവകാശം നല്‍കി അടച്ചിട്ട മുഴുവന്‍ ബാറുകള്‍ക്കും ലൈസന്‍സ് നല്‍കണമെന്നാണ് എക്‌സൈസ് മന്ത്രിയുടെയും സര്‍ക്കാറിന്റെയും നിലപാട്. ഇരു വിഭാഗവും തങ്ങളുടെ നിലപാടില്‍ ഉറച്ചു നിന്നതോടെ കോണ്‍ഗ്രസിലെ മിക്ക നേതാക്കളും ഇരു വിഭാഗത്തിന്റെയും പക്ഷം പിടിച്ച് ചേരി തിരിഞ്ഞ് വാക്‌യുദ്ധം തുടരുകയാണ്. ഗ്രൂപ്പ് പോര് അത്ര പുത്തരിയല്ലാത്ത കോണ്‍ഗ്രസില്‍ ഇപ്പോള്‍ ബാര്‍ അനുകൂലികള്‍, പ്രതികൂലികള്‍ എന്നിങ്ങനെ രണ്ട് വിഭാഗം മാത്രമാണുള്ളത്.
കെ പി സി സി അധ്യക്ഷനെ പിന്തുണച്ച് ഹരിത എം എല്‍ എ ടി എന്‍ പ്രതാപനും മഹിളാ കേണ്‍ഗ്രസ് അധ്യക്ഷ ബിന്ദു കൃഷ്ണയും രംഗത്തെത്തിയപ്പോള്‍ കെ പി സി സി ഉപാധ്യക്ഷന്‍ വി ഡി സതീശന്‍ മുതല്‍ ഐ എന്‍ ടി യു സി സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടെ മിക്ക നേതാക്കളും മറു ചേരിയിലാണ്. ദിവസംതോറും നേതാക്കളും പോഷക സംഘടനകളും പക്ഷം പിടിച്ചുള്ള പരസ്യപ്രസ്താവനയുമായി രംഗത്തു വരികയാണ്.
ഇതിനിടെ മദ്യ വ്യവസായത്തെ പ്രതിസന്ധിയിലാക്കരുതെന്ന് പ്രസ്താവനയുമായി കേന്ദ്രമന്ത്രി വയലാര്‍ രവിയും ഇന്നലെ രംഗത്തെത്തിയിട്ടുണ്ട്. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ബിന്ദുകൃഷ്ണ വി എം സുധീരനെ അനുകൂലിച്ച് പ്രസ്താവനയുമായി രംഗത്തുവന്നതിന്റെ തൊട്ടുപിന്നാലെയാണ് ഹരിത ഗ്രൂപ്പിലെ ഹൈബി ഈഡന്‍ വി ഡി സതീശന് പരസ്യ പിന്തുണ നല്‍കിയത്. അടച്ചിട്ട 418 ബാറുകളുടെ ലൈസന്‍സ് ഒരു കാരണവശാലും പുതുക്കരുതെന്നാണ് ബിന്ദുകൃഷ്ണയുടെ അഭിപ്രായം. ഇതിനിടെ പൂട്ടിയ ബാറിലെ തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ശമ്പളം കൊടുത്തില്ലെങ്കില്‍ സമരമെന്ന മുന്നറിയിപ്പുമായാണ് ഐ എന്‍ ടി യു സി സംസ്ഥാന അധ്യക്ഷന്‍ ആര്‍ ചന്ദ്രശേഖരന്‍ തര്‍ക്കത്തില്‍ പക്ഷം പിടിച്ചത്. ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട പ്രതിസന്ധി സര്‍ക്കാറിന്റെ നയവൈകല്യം മൂലമാണെന്ന രൂക്ഷമായ വിമര്‍ശമാണ് ഐ എന്‍ ടി യു സി ഉന്നയിക്കുന്നത്.
പാര്‍ട്ടിയിലെ അപ്രായോഗിക നിലപാടുകാര്‍ പാര്‍ട്ടിയെയും മുന്നണിയുടെയും സര്‍ക്കാറിന്റെയും പ്രതിച്ഛായ തകര്‍ത്തെന്നാണ് എതിര്‍ചേരിയുടെ വിമര്‍ശം. എന്നാല്‍ ജനത്തിന് ബോധ്യപ്പെടുന്ന നടപടികളുമായി പാര്‍ട്ടിയുടെയും സര്‍ക്കാറിന്റെയും മുന്നണിയുടെയും മാനം കാക്കാനുള്ള പോരാട്ടമെന്നാണ് മറു ചേരിയുടെ മറുപടി.
അതേസമയം ബാര്‍ ലൈസന്‍സ് ചര്‍ച്ച തുടങ്ങിയപ്പോള്‍ എക്‌സൈസ് മന്ത്രിയും കെ പി സി സി അധ്യക്ഷനുമായിരുന്നു ഇരു ചേരികളിലുമുണ്ടായിരുന്നത്. എന്നാല്‍ വിവാദം രണ്ടാഴ്ച നീണ്ടതോടെ ഒരുപക്ഷത്ത് എക്‌സൈസ് മന്ത്രി ചിത്രത്തില്‍ നിന്ന് മാറി പകരം വി ഡി സതീശനും വി എം സുധീരനും നേര്‍ക്കനേര്‍ പോരാടുന്ന കാഴ്ചയാണ് കാണുന്നത്.
ഇത് കോണ്‍ഗ്രസിനെ കൂടുതല്‍ ഭിന്നതയിലേക്ക് നയിക്കുകയാണ്. ഒരു വിഷയത്തില്‍ വിവിധ ഘടകങ്ങളില്‍ തൊട്ടടുത്ത ദിവസങ്ങളിലായി തുടര്‍ ചര്‍ച്ചകള്‍ നടത്തേണ്ടി വന്നതും ഒരു തീരുമാനത്തിലെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് വിവാദം നീണ്ടുപോയതും അടുത്ത കാലത്ത് ആദ്യമായാണ്.