നെടുമ്പാശ്ശേരി മനുഷ്യക്കടത്ത്: ഏഴ് പേര്‍ക്കെതിരെ സി ബി ഐ കുറ്റപത്രം

Posted on: May 4, 2014 12:01 am | Last updated: May 4, 2014 at 12:01 am

കൊച്ചി: നെടുമ്പാശ്ശേരി മനുഷ്യക്കടത്ത് കേസില്‍ ഏഴ് പേര്‍ക്കെതിരെ സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചു. കൊല്ലം പുനലൂര്‍ കുഴിവിള ശാന്ത(ഒന്നാം പ്രതി), തൃശൂര്‍ കരുണാതറ മഠത്തിവിലകം ലിസി സോജന്‍(രണ്ടാം പ്രതി), തൃശൂര്‍ വള്ളിവട്ടം പാറശേരി പി ആര്‍ ഷാജി(മൂന്നാം പ്രതി), നെടുമ്പാശേരി വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം സബ് ഇന്‍സ്‌പെക്ടര്‍ കോട്ടയം ലക്കാട്ടൂര്‍ കോനിപ്പറമ്പില്‍ രാജു മാത്യു(നാലാം പ്രതി), തൃശൂര്‍ ലോകമലേശ്വരം ആണ്ടുരുത്തിയില്‍ സേതുലാല്‍(അഞ്ചാം പ്രതി), സിവില്‍ പോലീസ് ഓഫീസര്‍ തൃശൂര്‍ എറിയാട് വളത്തറ പ്രശാന്ത് കുമാര്‍ (ആറാം പ്രതി), എറണാകുളം മരട് പയ്യപ്പള്ളി വര്‍ഗീസ് റാഫേല്‍(ഏഴാം പ്രതി) എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

കേസിലെ മാപ്പുസാക്ഷിയായ തിരുവനന്തപുരം സ്വദേശിനി മുബീനയുടെ പേരില്‍ വ്യാജ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ചു നല്‍കി വിദേശത്തേക്ക് കടക്കുന്നതിനു എല്ലാ പ്രതികളും ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചുവെന്നാണ് പ്രോസിക്യുഷന്‍ കേസ്. കട്ടപ്പന സ്വദേശി മോഹന്‍ ജ്യോതിയുടെ പേരിലുള്ള പാസ്‌പോര്‍ട്ടിലുണ്ടായിരുന്ന ഫോട്ടോ മാറ്റി മുബീനയുടെ ഫോട്ടോ പതിച്ച ശേഷം വിദേശത്തു രണ്ടാം പ്രതി നടത്തുന്ന സ്ഥാപനത്തിലേക്കു കടക്കുന്നതിനു രണ്ട് മുതല്‍ നാല് വരെയുള്ള പ്രതികള്‍ ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
പാസ്‌പോര്‍ട്ട് വ്യാജമാണോ അല്ലയോ എന്നതിനുള്ള വിദഗ്ധ പരിശോധനക്കു വിധേയമാക്കാതെ എമിഗ്രേഷന്‍ വിഭാഗം ക്ലിയറന്‍സ് നല്‍കുന്നതിനു നാലാം പ്രതി ശ്രമിച്ചു. ആറാം പ്രതി പ്രശാന്ത്, മുബീനക്കു മോഹന്‍ ജ്യോതിയുടെ ഒപ്പിട്ടു പഠിപ്പിച്ചുകൊടുത്തുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. വ്യാജ പാസ്‌പോര്‍ട്ട് നല്‍കി രണ്ടാം പ്രതി യു എ .ഇയില്‍ നടത്തിയിരുന്ന വേശ്യാലയത്തിലേക്കു മാപ്പുസാക്ഷിയായ മുബീനയെ കയറ്റിയയക്കുകയായിരുന്നു.
വിവിധ പീഡനങ്ങള്‍ക്കു വിധേയയാക്കിയ ശേഷം 15,000 രൂപയും റിട്ടേണ്‍ ടിക്കറ്റും സഹിതം കേരളത്തിലേക്കു തിരിച്ചയച്ച വഴിയാണ് മുംബൈ വിമാനത്താവളത്തില്‍ 2012 ജൂലൈ ആറിനു മുബീനയെ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. പ്രതികള്‍ക്കെതിരെ വഞ്ചനാക്കുറ്റം, ആള്‍മാറാട്ടം നടത്തി വഞ്ചിക്കുക, വ്യാജ രേഖ ചമക്കല്‍, വഞ്ചിക്കുന്നതിനായി വ്യാജരേഖ ചമക്കല്‍, വ്യാജ രേഖയാണെന്ന അറിവോടെ ഉപയോഗിക്കുക, മറ്റൊരാളുടെ പാസ്‌പോര്‍ട്ട് ആണെന്ന അറിവോടെ ഉപയോഗിക്കുക തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ആരോപിച്ചിട്ടുള്ളത്. ഒന്ന് മുതല്‍ ആറ് വരെ പ്രതികളെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ജാമ്യത്തിലാണ്. ഏഴാം പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല. സി ബി ഐ കൊച്ചി യൂനിറ്റിലെ എസ് പി ജോര്‍ജ് ജെയിംസാണ് കേസ് അന്വേഷിച്ചു കുറ്റപത്രം സമര്‍പ്പിച്ചത്.