തീര്‍ഥാടകരുടെ ഒഴുക്ക് ശക്തം: താത്കാലിക മതാഫിന്റെ താഴെ നില തുറന്നു

Posted on: May 3, 2014 8:59 pm | Last updated: May 3, 2014 at 8:59 pm
New Image
താത്ക്കാലിക മാതാഫിന്റെ താഴെ നില മക്ക ഗവര്‍ണര്‍ മിഷ്അല്‍ ബിന്‍
അബ്ദുല്ല രാജകുമാരാന്‍ ഉദ്ഘാടനം ചെയ്യുന്നു

മക്ക: ഉംറ തീര്‍ഥാടകരുടെ ഒഴുക്ക് ശക്തമായതോടെ കഅ്ബ പ്രദിക്ഷണം ചെയ്യുന്ന താല്‍ക്കാലിക മതാഫിന്റെ താഴെ നില വിശ്വാസികള്‍ക്ക് തുറന്നു കൊടുത്തു. ഹറം കാര്യ വകുപ്പ് മേധാവി ശൈഖ് അബ്ദുര്‍റഹ്മാന്‍ അല്‍ സുദൈസിന്റെയും മറ്റു പ്രമുഖരുടെയും സാന്നിധ്യത്തില്‍ വിശ്വാസ സാഗരത്തെ സാക്ഷിയാക്കി മക്ക ഗവര്‍ണര്‍ മിശ് അല്‍ ബിന്‍ അബ്ദുല്ല രാജകുമാരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

താത്ക്കാലിക മാതാഫിന്റെ മുകളിലെ നില കഴിഞ്ഞ റമസാനിനു മുമ്പ് വിശ്വാസികള്‍ക്ക് തുറന്നു കൊടുത്തിരുന്നു. മതാഫിന്റെ ശേഷി ഉയര്‍ത്തുന്നത്തിനുള്ള കിംഗ് അബ്ദുല്ല മതാഫ് വികസന പദ്ധതിയുടെയും ഹറം വികസന പദ്ധതിയുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന്റെ ഭാഗമായി ഹറമിന്റെ മിക്ക ഭാഗങ്ങളും അടച്ചിട്ടിരിക്കുകയാണ്. ഈ വര്‍ഷത്തെ ഉംറ തീര്‍ഥാടകരുടെ ഒഴുക്കു ശക്തമായതോടെ തീര്‍ഥാടകര്‍ക്ക് ഒരുതരത്തിലും ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണ് താഴെ നില തുറന്നു കൊടുക്കുന്നതെന്നു ഗവര്‍ണര്‍ പറഞ്ഞു. മണിക്കൂറില്‍ അയ്യായിരം പേര്‍ക്ക് താഴെ നിലയില്‍ കഅ്ബ പ്രദക്ഷിണം ചെയ്യാനാവും. പ്രായാധിക്യം ചെന്നവര്‍ക്കും സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും മാത്രമായി ഈ നില നീക്കിവെച്ചിട്ടുണ്ട്. വീല്‍ ചെയര്‍ ഉപയോഗിക്കുന്നവര്‍ക്ക് മാത്രമാണ് ഒന്നാം നില ഉപയോഗിക്കാന്‍ പറ്റുക.
വൃത്താകൃതിയില്‍ പാലം രൂപത്തിലുള്ള തത്ക്കാലിക മതാഫിന്റെ അടിയിലെ നിലയെ നിലവിലുളള ഹറം പള്ളിയുടെ താഴെ നിലയുമായും ഒന്നാം നിലയെ ഹറമിന്റെ ഒന്നാം നിലയുമായിട്ടാണ് ബന്ധിപ്പിച്ചിട്ടുള്ളത്. പ്രധാന പ്രവേശന കവാടത്തിനും എക്‌സിറ്റിനും പുറമെ അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗിക്കാനായി എമര്‍ജന്‍സി എക്‌സിറ്റും താഴെ നിലയില്‍ ഉണ്ട്. നിലവിലുള്ള മതാഫിന്റെ തറനിരപ്പില്‍ നിന്നും 4.6 മീറ്റര്‍ ഉയരമുണ്ട് താത്ക്കാലിക മാതാഫിന്റെ ഒന്നാം നിലക്ക്. തിരക്കിനനുസരിച്ചു താത്ക്കാലിക മതാഫിലെക്കുള്ള പ്രവേശനം നിയന്ത്രിക്കുന്ന നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ഓട്ടോ മാറ്റിക് സ്‌ക്രീനുകള്‍ പ്രവേശന കവാടങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. കാര്‍ബണ്‍ ഫൈബര്‍ ഉപയോഗിച്ചാണു താത്ക്കാലിക മതാഫ് നിര്‍മിച്ചിരിക്കുന്നത്. ഭാരക്കുറവും ഇരുമ്പിനെക്കാള്‍ കൂടിയ ഉറപ്പും തുരുമ്പിക്കില്ല എന്നതും വൈദ്യുതി പ്രവഹിക്കില്ല എന്നതും കാര്‍ബണ്‍ ഫൈബറിന്റെ പ്രത്യേകതയാണ്. കിംഗ് അബ്ദുല്ല മതാഫ് വികസന പദ്ധതി പൂര്‍ത്തിയാവുന്നതോടെ താത്ക്കാലിക മാതാഫ് പൊളിച്ചു നീക്കും. അടുത്ത വര്‍ഷാവസാനത്തോടെ മതാഫ് വികസന പദ്ധതി പൂര്‍ത്തിയാവുമെന്നാണ് കരുതുന്നതെന്നും അതോടെ മണിക്കൂറില്‍ 105,000 പേര്‍ക്കു ത്വവാഫ് നിര്‍വഹിക്കാന്‍ കഴിയുമെന്നും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സഊദി ബിന് ലാദിന്‍ കമ്പനിയിലെ എന്‍ജിനീയര്‍ കോഴിക്കോട് സ്വദേശി ബശീര്‍ പി വി പറഞ്ഞു.