വ്യാജ നോട്ടീസുകള്‍ പ്രചരിപ്പിച്ചതില്‍ അന്വേഷണം

Posted on: May 3, 2014 8:56 pm | Last updated: May 3, 2014 at 8:56 pm

താഇഫ്: താഇഫ് യൂനിവേഴ്‌സിറ്റിയില്‍ രണ്ടുപേര്‍ക്ക് കൊറോണ ബാധിച്ചതായി അറിയിച്ചും കൊറോണക്കെതിരെ മുന്നറിയിപ്പ് നല്‍കിയും സര്‍വകലാശാലാ കോംമ്പൗണ്ടില്‍ നോട്ടീസുകള്‍ വിതരണം ചെയ്യുകയും പതിക്കുകയും ചെയ്ത സംഭവത്തില്‍ യൂണിവേഴ്‌സിറ്റി അധികൃതര്‍ അന്വേഷണം നടത്തുന്നു. യൂനിവേഴ്‌സിറ്റിയില്‍ രണ്ടുപേര്‍ക്ക് കൊറോണ ബാധിച്ചിട്ടുണ്ടെന്ന് അറിയിക്കുന്ന നോട്ടീസ്, കൊറോണ വ്യാപനം തടയുന്നതിന് മുഴുവന്‍ വിദ്യാര്‍ഥികളും മാസ്‌ക് ധരിക്കണമെന്നും കൈകള്‍ കഴുകുന്നതിന് അണുനശീകരണ ലായനി ഉപയോഗിക്കണമെന്നും കൊറോണ ബാധ സംശയിക്കപ്പെടുന്ന കേസുകളെ കുറിച്ച് അധികൃതരെ അറിയിക്കണമെന്നും ആവശ്യപ്പെടുന്നു.
നോട്ടീസില്‍ പറയുന്നതുപോലെ യൂനിവേഴ്‌സിറ്റിയില്‍ ആര്‍ക്കും കൊറോണ ബാധിച്ചിട്ടില്ലെന്ന് സര്‍വകലാശാലാ വക്താവ് ഡോ. അബ്ദുര്‍റഹ്മാന്‍ അല്‍ ത്വല്‍ഹി പറഞ്ഞു. പരീക്ഷ അടുത്ത സമയത്ത് വിദ്യാര്‍ഥികള്‍ക്കിടയില്‍ ആശയക്കുഴപ്പവും ആശങ്കയുമുണ്ടാക്കാന്‍ ലക്ഷ്യമിട്ടാണ് അജ്ഞാതര്‍ വ്യാജ നോട്ടീസ് പ്രചരിപ്പിച്ചത്. യൂനിവേഴ്‌സിറ്റി സെക്യൂരിറ്റി വിഭാഗം നോട്ടീസുകള്‍ നീക്കം ചെയ്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനു പിന്നിലുള്ളവര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.