നഗരസഭ തൊഴിലാളി ദിനം ആഘോഷിച്ചു

Posted on: May 3, 2014 6:51 pm | Last updated: May 3, 2014 at 6:51 pm
New Image
മെയ് ദിനത്തില്‍ ദുബൈ നഗരസഭ തൊഴിലാളികളെ ആദരിച്ചപ്പോള്‍

ദുബൈ: രാജ്യാന്തര തൊഴിലാളി ദിനമായ മെയ് ഒന്നിന് ദുബൈ നഗരസഭ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന മലയാളികളുള്‍പ്പെടെ 726 തൊഴിലാളികളെ ആദരിച്ചു. ദേരയിലെ നഗരസഭ പ്രധാന കെട്ടിടത്തില്‍ നമ്മുടെ തൊഴിലാളികള്‍ എന്നെഴുതിയ ബില്‍ ബോര്‍ഡും കട്ടൗട്ടും ഡയറക്ടര്‍ ജനറല്‍ എന്‍ജി. ഹുസൈന്‍ നാസര്‍ ലൂത്ത പ്രകാശനം ചെയ്തു.
തൊഴിലാളികള്‍ക്ക് ക്യാഷ് പ്രൈസും ഭക്ഷണ കിറ്റുകളും സമ്മാനിച്ചു. മൂന്നാഴ്ച നീണ്ടുനില്‍ക്കുന്ന തൊഴിലാളികളുടെ ഉത്സവം മംസാറിലെ സയന്റിഫിക് ആന്‍ഡ് കള്‍ചറല്‍ സെന്ററില്‍ ദുബൈ നഗരസഭ അസി. ഡയറക്ടര്‍ ജനറല്‍ എന്‍ജി മുഹമ്മദ് ജുല്‍ഫാര്‍ ഉദ്ഘാടനം ചെയ്തു. മുഹൈസിന രണ്ടിലെ നഗരസഭ ലേബര്‍ ക്യാംപില്‍ തൊഴിലാളികളുടെ കലാ പരിപാടികളും ആരംഭിച്ചു. ú
ഈ മാസം 23 വരെ നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ വാര്‍ഷിക ആദരിക്കല്‍ ചടങ്ങും കായിക മത്സരങ്ങളും സമ്മാന വിതരണവുമുണ്ടായിരിക്കുമെന്ന് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ വലീദ് അല്‍ സറൂനി പറഞ്ഞു. കലാ, കായികം തുടങ്ങിയ മേഖലകളില്‍ തൊഴിലാളികളുടെ അഭിരുചി പ്രോത്സാഹിപ്പിക്കുകയും മതകാര്യങ്ങളിലുള്ള ജ്ഞാനം വര്‍ധിപ്പിക്കുകയുമാണ് ഇത്തരം പരിപാടികളുടെ ലക്ഷ്യമെന്ന് ലൂത്ത പറഞ്ഞു.
തൊഴിലാളികള്‍ നമ്മുടെ രാജ്യത്തിന്റെ അടിസ്ഥാന ഘടകമാണ്. യഥാര്‍ഥ ഹീറോമാരായ അവരെ സന്തോഷിപ്പിക്കുകയും രാജ്യത്തെ ആകമാനം സന്തോഷിപ്പിക്കുന്ന അവര്‍ക്ക് ശുചിത്വവും ആരോഗ്യകരവുമായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.
നഗരസഭയുമായി സഹകരിക്കുന്ന മറ്റു സംഘടനാ പ്രതിനിധികളെയും തൊഴിലാളികള്‍ക്ക് 50 സൈക്കിളുകള്‍ സമ്മാനിച്ച ബ്രിട്ടീഷ് യുവതിയെയും ആദരിച്ചു. വെയിസ്റ്റ് മാനേജ്‌മെന്റ്, പബ്ലിക് പാര്‍ക്‌സ് ആന്‍ഡ് ഹോര്‍ട്ടി കള്‍ചര്‍ എന്നിവയുള്‍പ്പെടെ നഗരസഭയുടെ കീഴിലുള്ള 33 വിഭാഗങ്ങളിലെ തൊഴിലാളികളാണ് പങ്കെടുത്തത്.
അസി. ഡയറക്ടര്‍ ജനറലുമാരായ സലാഹ് ആമിരി, സാലിം ബിന്‍ മെസ്മര്‍, മറ്റു ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.