Connect with us

Kannur

മുഖ്യമന്ത്രിയുടെ കാറിനു നേരേ കല്ലേറ്: സി പി എം. എം എല്‍ എമാരെ ചോദ്യം ചെയ്യും

Published

|

Last Updated

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ കാറിനുനേരേ കല്ലെറിഞ്ഞുവെന്ന കേസില്‍ സി പി എം. എം എല്‍ എമാരായ സി കൃഷ്ണനെയും കെ കെ നാരായണനെയും വിളിച്ചുവരുത്തി ചോദ്യം ചെയ്യും. കഴിഞ്ഞ 28ന് അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരാകാന്‍ എം എല്‍ എമാരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഹാജരായിരുന്നില്ല. പകരം തങ്ങളുടെ ഭാഗം വിശദീകരിച്ചുള്ള കുറിപ്പ് ദൂതന്‍മാര്‍ മുഖേന ഇരുവരും അന്വേഷണ ഉദ്യോഗസ്ഥന്‍ തളിപ്പറമ്പ് ഡി വൈ എസ് പി കെ. സുദര്‍ശനു കൈമാറുകയായിരുന്നു.
എന്നാല്‍ പ്രതികളുടെ ഈ നടപടി അംഗീകരിക്കാനാകില്ലെന്നു പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രതികളായവരെ ചോദ്യം ചെയ്തു മൊഴിയെടുക്കുക എന്നതാണു പോലീസ് രീതി. കുറ്റം നിഷേധിക്കുക പ്രതികളുടെ പൊതുവെയുള്ള നിലപാടാണ്. വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ കേസുമായി ബന്ധപ്പെട്ട യഥാര്‍ഥ വസ്തുതകള്‍ വെളിച്ചത്തുകൊണ്ടുവരാന്‍ കഴിയൂ. അതിനാല്‍ പ്രതികളായ രണ്ട് എം എല്‍ എമാരോടും നേരിട്ട് ഹാജരാകാന്‍ വീണ്ടും ആവശ്യപ്പെടുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ കാറിനുനേരേ കല്ലേറ് നടന്ന കഴിഞ്ഞ ഒക്ടോബര്‍ 27ന് എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ നടത്തിയ കരിങ്കൊടി പ്രകടനത്തിനു നേതൃത്വം നല്‍കിയിരുന്നുവെന്നും എന്നാല്‍ കല്ലേറില്‍ തങ്ങള്‍ക്കു യാതൊരു പങ്കുമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് എം എല്‍ എമാര്‍ വിശദീകരണ കുറിപ്പ് നല്‍കിയത്.
കരിങ്കൊടി വാര്‍ത്ത മുഴുവന്‍ ചാനലുകളും പ്രക്ഷേപണം ചെയ്തതാണെന്നും ഇക്കാര്യം പരിശോധിച്ചാല്‍ യാഥാര്‍ഥ്യം ആര്‍ക്കും ബോധ്യമാകുമെന്നും കുറിപ്പിലുണ്ടായിരുന്നു.
ആറ് മാസം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കുറ്റപത്രം തയാറാക്കി എന്നാണ് മനസ്സിലാക്കുന്നതെന്നും ഈ സാഹചര്യത്തില്‍ വസ്തുതകള്‍ മനസ്സിലാക്കാനാണ് ഹാജരാകാന്‍ ആവശ്യപ്പെട്ടതെന്നത് വിശ്വസിക്കാന്‍ പ്രയാസമാണെന്നും കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു.
എം എല്‍ എമാരായ തങ്ങളെയും തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയെയും അവമതിക്കാനാണ് നോട്ടീസെന്നും കുറിപ്പില്‍ പറഞ്ഞിരുന്നു.
കൂടുതല്‍ വിശദീകരണം ആവശ്യമാണെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പറയുന്ന സ്ഥലത്ത് ഹാജരാകാന്‍ സന്നദ്ധരാണെും കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു.