ഡ്രൈവര്‍മാരുടെ വിശ്രമമുറി പരിശോധിക്കണം’

Posted on: May 3, 2014 6:00 am | Last updated: May 3, 2014 at 6:33 pm

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി ദീര്‍ഘദൂര ബസുകളിലെ ഡ്രൈവര്‍മാരുടെ വിശ്രമ മുറി അടിയന്തരമായി പരിശോധിച്ച് വിശദീകരണം സമര്‍പ്പിക്കാന്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി.
കാലിത്തൊഴുത്തിനേക്കാള്‍ ദയനീയമാണ് വിശ്രമമുറിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശിയുടെ ഉത്തരവ്.
കെ എസ് ആര്‍ ടി സി മാനേജിംഗ് ഡയറക്ടറും ജില്ലാ കലക്ടറും ഈ മാസം 30-നകം വിശദീകരണം സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. കെ എസ് ആര്‍ ടി സിയുടെ ആസ്ഥാനത്തിന് സമീപമുള്ള ക്വാര്‍ട്ടേഴ്‌സിലെ വിശ്രമമുറിയിലാണ് മൂന്നൂറോളം ഡ്രൈവര്‍മാര്‍ ദുരിതമനുഭവിക്കുന്നത്. ഏഴ് ഹാളുകളിലായി 280 ഡ്രൈവര്‍മാരാണ് അന്തിയുറങ്ങുന്നത്. ചോര്‍ച്ച തടയാന്‍ ഡ്രൈവര്‍മാര്‍ പിരിച്ചെടുത്ത് കൂരക്കുമുകളില്‍ ടാര്‍പോളിന്‍ കെട്ടിയതായും പരാതിയില്‍ പറയുന്നു. വിശ്രമമില്ലാത്തതിനാല്‍ ബസുകള്‍ അപകടത്തില്‍ പെടുന്നതായും പരാതിയില്‍ പറയുന്നു.