ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ വിശദീകരിക്കണമെന്ന് പാര്‍വതി ലക്ഷ്മി ഭായി

Posted on: May 3, 2014 5:23 am | Last updated: May 3, 2014 at 6:24 pm

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ടു രാജകുടുംബത്തിനെതിരെ ആരോപണങ്ങളുന്നയിച്ച ആനന്ദ ബോസ് തന്നെ ഇതേക്കുറിച്ച് വിശദീകരിക്കണമെന്ന് രാജകുടുംബാംഗം പാര്‍വതി ഗൗരി ലക്ഷ്മി ഭായി. ആരോപണമുന്നയിക്കാനിടയായ സാഹചര്യം വിശദീകരിക്കേണ്ടത് അദ്ദേഹം തന്നെയാണ്. ചെയ്യാത്ത കുറ്റങ്ങളുടെ പേരിലാണ് പലയിടങ്ങളില്‍ നിന്ന് വിധിയുണ്ടാകുന്നത്. രാജകുടുംബത്തിന്റെ ദുഃഖം ശ്രീപത്മനാഭനു മുന്നില്‍ സമര്‍പ്പിക്കുകയാണെന്നും ഇവര്‍ പറഞ്ഞു.
കേസ് കോടതിയുടെ പരിഗണനയിലിരിക്കുന്നതുകൊണ്ട് നിയന്ത്രണങ്ങളുണ്ട്. എന്നെങ്കിലും പറയാന്‍ സാധിച്ചാല്‍ എല്ലാം തുറന്നു പറയും. വിദഗ്ധ സമിതിയുടെ അധ്യക്ഷനായിരിക്കെ, സമിതിയിലോ അധ്യക്ഷസ്ഥാനം ഒഴിഞ്ഞ ശേഷമോ പറയാത്ത ആരോപണങ്ങളാണ് അകമിക്കസ് ക്യൂറി റിപ്പോര്‍ട്ട് പുറത്തുവന്നയുടന്‍ സി വി ആനന്ദബോസ് ഉന്നയിച്ചിരിക്കുന്നത്. ഇതിന് പിന്നിലെ താത്പര്യം വ്യക്തമാണെന്നും അവര്‍ പറഞ്ഞു. മാര്‍ത്താണ്ഡവര്‍മയുള്‍പ്പെടെ രാജകുടുംബത്തിനെതിരെ ആനന്ദ ബോസ് ഉന്നയിച്ച ആരോപണങ്ങള്‍ വിവാദത്തിന് വഴിയൊരുക്കിയിരുന്നു.
ക്ഷേത്രത്തില്‍ നൂറ് വര്‍ഷം മുമ്പ് നടന്ന കണക്കെടുപ്പിന്റെ രേഖകള്‍ കൊട്ടാരം പൂഴ്ത്തിയെന്നായിരുന്നു വിദഗ്ധ സമിതി അധ്യക്ഷന്‍ സി വി ആനന്ദ ബോസിന്റെ വെളിപ്പെടുത്തല്‍.